നാനോയില്‍ വീണ്ടുമൊരു വിപ്ലവം; ഇലക്ട്രിക് നാനോ ഒരുക്കാന്‍ ടാറ്റ

കൊല്‍ക്കത്ത: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് ചെറുകാറായ ‘നാനോ’ നവീകരിക്കാനൊരുങ്ങുന്നു. ‘നാനോ’യെ കമ്പനിയുടെ ഇലക്ട്രിക് കാര്‍ ആക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കമ്പനി ആലോചിക്കുന്നത്. നാനോയുടെ വില്‍പ്പന കുറയുന്ന സാഹചര്യത്തിലാണ് ഇത്.

നിലവിലെ സാഹചര്യത്തില്‍ നാനോയുടെ ഉത്പാദനം ലാഭകരമല്ലാത്ത നിലയിലാണെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സതീഷ് ബോര്‍വാങ്കര്‍ പറഞ്ഞു. എന്നാല്‍, ജനപ്രിയ കാര്‍ എന്ന നിലയില്‍ വിപണിയിലെത്തിച്ച നാനോ, ടാറ്റ മോട്ടോഴ്‌സിന് ആഴത്തില്‍ അടുപ്പമുള്ള മോഡലാണ്. അതിനാല്‍, നാനോയുടെ ഉത്പാദനം നിര്‍ത്താന്‍ ടാറ്റാ മോട്ടോഴ്‌സ് ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് നാനോയുടെ ഉത്പാദനം ലാഭകരമാക്കാനുള്ള മാര്‍ഗങ്ങള്‍ കമ്പനി പരിഗണിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിവരുന്ന സാഹചര്യത്തില്‍ ഈ മേഖലയിലേക്കുള്ള കമ്പനിയുടെ ചുവടുവയ്പ് നാനോയില്‍ തുടങ്ങുന്ന കാര്യം കമ്പനി പരിഗണിച്ചേക്കും.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കാര്‍ ശ്രേണിയില്‍ അഞ്ച് പുതിയ മോഡലുകളാണ് ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. സെസ്റ്റ്, ബോള്‍ട്ട്, ഹെക്‌സ, ടിയാഗോ, ടിഗോര്‍ എന്നിവയാണ് ഇത്. ഇവയുടെ ഡിമാന്‍ഡ് കൂടുന്നതിനാല്‍ ഉത്പാദനം കൂട്ടേണ്ടതുണ്ട്. കോംപാക്ട് എസ്.യു.വി. വിഭാഗത്തില്‍ നെക്‌സണ്‍ എന്ന മോഡല്‍ അവതരിപ്പിക്കുകയാണ്. ഇത് ദീപാവലിക്ക് വിപണിയിലെത്തിക്കുമെന്നും സതീഷ് വെളിപ്പെടുത്തി.

You must be logged in to post a comment Login