നാനോ വരുത്തിയത് 1000 കോടി രൂപ നഷ്ടം: സൈറസ് മിസ്ത്രി

tata-nano-retan-tata-jpg-image-784-410

ജനങ്ങളുടെ കാര്‍ എന്ന കാഴ്ചപ്പാടില്‍നിന്ന് ഉയര്‍ന്നു വന്നതായിരുന്നു ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന കണ്‍സെപ്റ്റ്. ടാറ്റയുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി 2008 ല്‍ വിപണിയിലെത്തിയ നാനോ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആദ്യ തവണയെപ്പോലെ നാനോ എന്ന കാര്‍ സൃഷ്ടിച്ച ആകാംക്ഷയുടെ പേരിലല്ല, മറിച്ച് ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി രത്തന്‍ ടാറ്റയ്ക്കു മേല്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൊണ്ടാണ്.

ഒരു ലക്ഷം രൂപയുടെ ചെറു കാര്‍ ടാറ്റയ്ക്കുണ്ടാക്കിയ നഷ്ടം വളരെ വലുതാണെന്നാണ് ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ സൈറസ് മിസ്ത്രി പറയുന്നത്. ഒരു ലക്ഷം രൂപയുടെ കാര്‍ വികസിപ്പിക്കാനും നിര്‍മിക്കാനും കോടികള്‍ ചെലവായി.

രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതിയായിരുന്ന ഒരു ലക്ഷം രൂപയുടെ കാര്‍ നാനോ, കമ്പനിക്ക് 1000 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടാക്കി എന്നാണ് മസ്ത്രിയുടെ ആരോപണം. ഒരു ലക്ഷം രൂപയ്ക്കു താഴെ കാര്‍ എന്നായിരുന്നു ആശയമെങ്കിലും ചെലവ് അതിനെക്കാള്‍ ഉയരെയായിരുന്നു. നാനോ അവസാനിപ്പിക്കുക മാത്രമാണു രക്ഷാമാര്‍ഗം. എന്നാല്‍ ‘വൈകാരിക’ കാരണങ്ങളാല്‍ അതു നടക്കുന്നില്ല. മാത്രമല്ല, നാനോ നിര്‍ത്തിയാല്‍, രത്തന്‍ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള ഒരു ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിക്കു കാറിന്റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങള്‍ നല്‍കുന്ന പരിപാടി നിലയ്ക്കുകയും ചെയ്യും കത്തില്‍ മിസ്ത്രി പറയുന്നു.

നാനോ ഒരു വന്‍ വിജയമായിരുന്നാല്‍ പോലും കമ്പനിക്കു ലഭാമുണ്ടാക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയമായിരുന്നു. 2008 ല്‍ പുറത്തിറങ്ങിയ നാനോയ്ക്ക് ഇന്ത്യയിലും രാജ്യാന്തരതലത്തിലും വന്‍ മാധ്യമ പ്രചാരം ലഭിച്ചെങ്കിലും വില്‍പനയുടെ കാര്യത്തില്‍ തുടക്കം മുതലേ പിന്നോട്ടായിരുന്നു. തുടര്‍ന്ന് നാനോ ട്വിസ്റ്റ്, നെസ്റ്റ് ജെന്‍ നാനോ തുടങ്ങിയ വകഭേദങ്ങള്‍ പുറത്തിറക്കിയെങ്കിലും വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.

You must be logged in to post a comment Login