നായകന് വിലക്ക്; ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി

നിദാഹാസ് ട്രോഫിയില്‍ ത്രിരാഷ്ട്ര 20 യില്‍ ഇന്ന് ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരെയുള്ള അവസാന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രണ്ട് മത്സര വിലക്ക് ലഭിച്ചതിനാല്‍ നായകന്‍ ദിനേഷ് ചണ്ടിമാലിന് ഇന്നത്തെ മത്സരത്തില്‍ കളിക്കാനാകില്ല. ചണ്ടിമാലിന്റെ അഭാവത്തില്‍ സീനിയര്‍ ഓള്‍ റൗണ്ടര്‍ തിസാര പെരേരയാകും ഇന്ത്യയ്‌ക്കെതിരെ ലങ്കയെ നയിക്കുക.

മാര്‍ച്ച് 10 ന് ബംഗ്ലാദേശിനെതിരെ നടന്ന ത്രില്ലര്‍ മത്സരത്തില്‍ നിശ്ചിത സമയത്ത് എറിഞ്ഞ് തീര്‍ക്കേണ്ടതിലും നാല് ഓവര്‍ കുറവായിരുന്നു ലങ്കന്‍ ടീം എറിഞ്ഞതെന്ന് മാച്ച് റഫറി കണ്ടെത്തിയതിനെതുടര്‍ന്ന് നായകനായ ദിനേഷ് ചണ്ടിമാലിന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും ശ്രീലങ്കന്‍ താരങ്ങള്‍ക്കെല്ലാവര്‍ക്കും മാച്ച് ഫീയുടെ 60% തുക പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ശ്രീലങ്ക ഫൈനലില്‍ എത്തുകയാണെങ്കില്‍ മാത്രമേ ഈ പരമ്പരയില്‍ ഇനി ചണ്ടിമാലിന് കളിക്കാന്‍ കഴിയൂ. നേരത്തെ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസിന് പരിക്കേറ്റതിനെത്തുടര്‍ന്നായിരുന്നു പരമ്പരയില്‍ ലങ്കയെ നയിക്കാനുള്ള ദൗത്യം ചണ്ടിമാലിനെ തേടിയെത്തിയത്.

അതേ സമയം അന്നത്തെ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ബംഗ്ലാദേശ് ടീമിനും ശിക്ഷ ലഭിച്ചിട്ടുണ്ട്. നായകന്‍ മഹ്മദുള്ളയ്ക്ക് മാച്ച് ഫീയുടെ 20 % തുകയും, ബാക്കി ടീം അംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 10% വീതവുമാണ് പിഴ ശിക്ഷ. നിശ്ചിത സമയത്ത് എറിഞ്ഞ് തീര്‍ക്കേണ്ടതിലും ഒരു ഓവര്‍ കുറവായിരുന്നു ബംഗ്ലാദേശിന്റേതെന്നായിരുന്നു മാച്ച് റഫറിയുടെ കണ്ടെത്തല്‍.

You must be logged in to post a comment Login