നാറാത്ത് ആയുധ പരിശീലനക്കേസ്: 21 പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു

ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും മറ്റ് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും

narath650

കൊച്ചി: കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ 21 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. പ്രത്യേക എന്‍ഐഎ കോടതി യാണ് വിധി പറഞ്ഞത്. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധികതടവ് അനുഭവിക്കേണ്ടി വരും. 22ാം പ്രതി കമറുദ്ദീനെ കോടതി വെറുതെവിട്ടു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഐഎ കേസുകളില്‍ ഏറ്റവും വേഗത്തില്‍ വിചാരണ നടന്ന കേസാണിത്.

ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു സംഘം ചേരല്‍, മതവിഭാഗങ്ങല്‍ക്കിടയില്‍ വിദ്വേഷത്തിനു ശ്രമിക്കല്‍, ആയുധമുപയോഗിച്ച് ക്യാംപ് നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ മുന്‍ എസ്പി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി പി. സുകുമാരനായിരുന്നു ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. പിന്നീട് കേസിന്റെ തീവ്രവാദ സ്വഭാവം വ്യക്തമായതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയായിരുന്നു.

2013 ഏപ്രില്‍ 23ന് കണ്ണൂരിലെ നാറാത്തുള്ള കെട്ടിടത്തില്‍ ആയുധപരിശീലനം നടത്തിയതിന് 22 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇതിന്റെ വിചാരണ ആരംഭിച്ചത്

You must be logged in to post a comment Login