നാലാം നമ്പരിൽ തീരുമാനമായി; റായിഡുവും പന്തും പുറത്തായത് ഇങ്ങനെ

നാലാം നമ്പരിൽ തീരുമാനമായി; റായിഡുവും പന്തും പുറത്തായത് ഇങ്ങനെ
നാലാം നമ്പരിൽ ആര് ബാറ്റ് ചെയ്യും? ഏറെക്കാലമായി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരെ കുഴക്കിയ ചോദ്യമായിരുന്നു ഇത്. ഇന്ന് ലോകകപ്പ് ക്രിക്കറ്റിനുള്ള ടീം പ്രഖ്യാപിക്കുമ്പോഴും ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യം ഇതായിരുന്നു. അഞ്ചോളം പേരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും നറുക്ക് വീണത് ദിനേഷ് കാർത്തിക്ക്, വിജയ് ശങ്കർ, കെ.എൽ രാഹുൽ എന്നിവർക്ക്. തഴയപ്പെട്ടത് അമ്പാട്ടി റായിഡുവും യുവതാരം ഋഷഭ് പന്തും.

നാലാം നമ്പറിന്‍റെ കാര്യത്തിൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും പരസ്യമായി പ്രതികരിച്ചിരുന്നു. ലോകകപ്പിൽ അമ്പാട്ടി റായിഡു ആയിരിക്കും ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാൻ എന്നായിരുന്നു അവരുടെ പ്രഖ്യാപനം. അക്കാലത്തേ ടീമിൽ ഇടമുണ്ടായിരുന്ന റായിഡുവിന്‍റെ ഫോം പിന്നീട് മങ്ങി. ഒടുവിൽ ഐപിഎൽ വരെ സെലക്ടർമാർ റായിഡുവിനുവേണ്ടി കാത്തിരുന്നു. എന്നാൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സ് താരമായിരുന്ന റായിഡുവിന് എട്ട് മത്സരം പിന്നിട്ടപ്പോഴും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. കോഹ്ലിക്കും ശാസ്ത്രിക്കും റായിഡു എന്ന പേരിന് പിന്തുണയ്ക്കാനാകാത്ത സാഹചര്യമായി. ഇതോടെ റായിഡുവിനെ സെലക്ടർമാർ കൈവിടുകയായിരുന്നു.


ഡൽഹി യുവതാരം ഋഷഭ് പന്ത് ഇത്തവണ ലോകകപ്പ് കളിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നവരാണ് കളിപ്രേമികളും മുൻതാരങ്ങളുമൊക്കെ. ടീമിനെ കുഴക്കിയ നാലാം നമ്പറിൽ പന്ത് തിളങ്ങുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ റായിഡുവിനൊപ്പം പന്തും തഴയപ്പെട്ടു. ഏകദിനത്തിൽ അഞ്ച് മത്സരം മാത്രം കളിച്ചിട്ടുള്ള പന്തിനേക്കാൾ പരിചയസമ്പന്നനായ ദിനേഷ് കാർത്തിക്കിന് മുൻഗണന നൽകുകയായിരുന്നു സെലക്ടർമാർ. രണ്ടുമാസത്തോളം നീളുന്ന ലോകകപ്പ് പോലൊരു ടൂർണമെന്‍റിൽ, അതും ഇംഗ്ലണ്ടിൽ പരിചയസമ്പത്ത് നിർണായകമാകുമെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ.

You must be logged in to post a comment Login