നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ഇന്ന് കേരളത്തിലെത്തും

 

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തുന്നത്. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് വിമാനമിറങ്ങുക.  തിങ്കളാഴ്ച രാവിലെ 10.55ന് രാജ്ഭവനിലെത്തുന്ന സുല്‍ത്താന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായും രാജ്ഭവനില്‍ ചര്‍ച്ച നടത്തും. ഗവര്‍ണര്‍ അദ്ദേഹത്തിന് ഉച്ചവിരുന്ന് നല്‍കും.

അന്ന് വൈകീട്ട് 6.30ന് കോവളം ഹോട്ടല്‍ ലീല റാവിസില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. അടുത്ത ദിവസം രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചാണ് ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി.ലിറ്റ് സമ്മാനിക്കുക. ഉച്ചയ്ക്ക് ഒരു മണിക്ക് ഹോട്ടല്‍ ലീലാ റാവിസില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിരുന്നൊരുക്കും. ‘സുല്‍ത്താനും ചരിത്ര രേഖകളും’ എന്ന വിഷയത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് വഴുതക്കാട് ഹോട്ടല്‍ താജ് വിവാന്തയില്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും. തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തും.

You must be logged in to post a comment Login