നാലേക്കറില്‍ പരന്നുകിടക്കുന്ന കൂറ്റന്‍ പാറ; വിസ്മയമായി കവിയൂര്‍ ഗുഹാ ക്ഷേത്രം; സംരക്ഷിത സ്മാരകമെങ്കിലും അവഗണന

kaviyoorഗുഹാ ക്ഷേത്രങ്ങള്‍ എങ്ങനെയിരിക്കുമെന്ന് നമ്മുടെ പുതിയതലമുറയോടൊന്നു ചോദിച്ചുനോക്കുക. ഒരുപക്ഷേ അവര്‍ അതിനുത്തരം ഇന്റെര്‍നെറ്റില്‍ തിരഞ്ഞേക്കും. ദ്രാവിഡ സംസ്‌കാരത്തിന്റെ സമൃദ്ധമായ ശേഷിപ്പുകളായ ഗുഹാക്ഷേത്രങ്ങള്‍ ഒരുപക്ഷേ മലയാളിയുടെ ഊതിക്കാച്ചിയ ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ക്കപുറത്താണ് എന്നതുകൊണ്ടാവണം അവ പുതിയ തലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപൊലെ അജ്ഞാതമായി തുടരുന്നത്
തിരുവല്ലാ താലൂക്കിലെ കവിയൂരിലാണ് കേരളത്തിലെ പ്രാചീനമായ ഗുഹാക്ഷേത്രങ്ങളിലൊന്ന് എന്നു പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കുമെന്നറിയില്ല. ഈ ക്ഷേത്രം നേരില്‍കാണാന്‍ കവിയൂര്‍വരെ ഒന്നുപോകുകയേ വേണ്ടൂ. തീര്‍ച്ചയായും അത് നമ്മുടെ അറിവിലും അനുഭവത്തിലും പുതിയ പാഠങ്ങള്‍ ഉള്‍ചേര്‍ക്കുമെന്നുറപ്പാണ്. ഏഴോ എട്ടോ നൂറ്റാണ്ടിലാണ് കവിയൂരിലെ തൃക്കാക്കുടി ഗുഹാക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. തൃക്കല്‍കുടിയാണത്രെ പില്‍ക്കാലത്ത് തൃക്കാക്കുടിയായി മാറിയത്.
ഏതാണ്ട് നാലേക്കറില്‍ പരന്നുകിടക്കുന്ന കൂറ്റന്‍ പാറയുടെ വിള്ളലില്‍ പണിതിരിക്കുന്ന ഈ ഗുഹാക്ഷേത്രം അക്ഷരാര്‍ത്ഥത്തില്‍ നമ്മെ അമ്പരപ്പിക്കുകതന്നെ ചെയ്യും. നൂറ്റിനാല്‍പ്പത്തിനാലു ചതുരശ്ര അടി വിസ്തീര്‍ണവും പത്തടി പൊക്കവുമുള്ള ഗര്‍ഭഗൃഹം പാറതുരന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവിടെ ഉയര്‍ന്നൊരു പീഠത്തില്‍ ഏകദേശം രണ്ടരയടി പൊക്കമുള്ള ശിലയില്‍ തീര്‍ത്ത ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനൊരു പ്രത്യേകതയുണ്ട്. ഏതുനിമിഷവും ഇളക്കിയെടുക്കാവുന്ന തരത്തിലാണത്രെ പ്രതിഷ്ഠ ഉറപ്പിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകരുടെ ശില്‍പ്പങ്ങളുമുണ്ട്.
ഗര്‍ഭഗൃഹം തുറക്കുന്നതാകട്ടെ പാറതുരന്നെടുത്ത വിശാലമായൊരു വരാന്തയിലേക്കാണ്. വരാന്തയുടെ ചുവരുകളില്‍ ഇരുവശങ്ങളിലായി ഗണപതിയുടേയും ഒരു മുനിവര്യന്റേയും ശില്‍പ്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു. കൊടും വേനലിലും ഉറവവറ്റാത്തൊരു കുളമാണ് തൃക്കാക്കുടി ഗുഹാക്ഷേത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
കവിയൂരിലെ ഗുഹാക്ഷേത്രത്തെപ്പറ്റി പ്രചാരത്തലുള്ള ചില നാട്ടുകഥകള്‍ കേള്‍ക്കുക. അതിലൊന്ന് ഭൂതത്താന്‍മാരുമയി ബന്ധപ്പെട്ടതാണ്. പണ്ട് പണ്ട് നിശാചരന്‍മാരായ ഭൂതത്താന്‍മാര്‍ പാറതുരന്ന് കൂറ്റനൊരു ക്ഷേത്രമുണ്ടാക്കാന്‍ ഇവിടെയെത്തുകയുണ്ടായത്രെ. അങ്ങനെ ഒരു ക്ഷേത്രം പണിയാന്‍ ഭൂതത്താന്‍മാര്‍ക്ക് ഒറ്റ രാത്രിമതി. പണിയേതാണ്ട് പുരോഗമിക്കവേ പുരാതനമായ കവിയൂര്‍ ക്ഷേത്രത്തിലെ മൂര്‍ത്തിയായ മഹാദേവന് എന്തോ പന്തികേടു തോന്നി. അദ്ദേഹം ഭൂതത്താന്‍മാരുടെ ക്ഷേത്രം പണി തടയാന്‍ ഹനുമാനോട് കല്‍പ്പിച്ചു. ഹനുമാനാകട്ടെ അര്‍ത്ഥ രാത്രിയില്‍ ഒരു  പൂവന്‍കോഴിയുടെ രൂപത്തില്‍ പാറയ്ക്കു മുകളില്‍ എത്തുകയും നീട്ടികൂവുകയും ചെയ്തു എന്നാണ് കഥ. നേരംവെളുത്തെന്നു ധരിച്ച് ഭൂതത്താന്‍മാര്‍ പണിനിര്‍ത്തി ആകാശമാര്‍ഗം സ്ഥലംവിടുകയും ചെയ്തുവത്രെ. പോകുന്നപോക്കില്‍ ഭൂതത്താന്‍മാരുടെ കൈയ്യില്‍നിന്നുവീണ ഉളികൊണ്ട് പാറപ്പരപ്പില്‍ ഒരു കുളവുമുണ്ടായി.
പഞ്ചപാണ്ഡവന്‍മാരുടെ വനവാസകാലത്ത് കൊടും കാടായിരുന്ന ഇവിടെ പാണ്ഡുപുത്രന്‍മാര്‍ ഏറെനാള്‍ താമസിച്ചിരുന്നു എന്നും കഥകളുണ്ട്. അതിനുദാഹരമാണത്രെ പാറയില്‍ പതിഞ്ഞ ഭീമസേനന്റെ പാദമുദ്രകളും ഗാണ്ഡീവത്തിന്റെ അടയാളങ്ങളും. അതുപോലെതന്നെ പാറയുടെ മുകള്‍പരപ്പില്‍ വടക്കുഭാഗത്തായി തിരുനെല്ലിയെന്നുപേരായ ഒരുകോട്ട ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കഥകള്‍ എന്തായാലും ചരിത്രം പറയുന്നത് മറ്റോന്നാണ്.
കേരളത്തിലെ ബുദ്ധ ജൈനമത സ്വാധീനങ്ങളുടെ ശക്തമായ തെളിവായിട്ടാണ് കവിയൂരിലെ ഗുഹാ ക്ഷേത്രത്തെ ചരിത്ര പണ്ഡിതന്‍മാര്‍ കാണുന്നത്. പത്താംനൂറ്റാണ്ടിനുമുന്‍പ് കേരളസമൂഹത്തില്‍ വ്യാപകമായ സ്വാധീനം ചെലുത്തിയ രണ്ടുമതങ്ങളാണ് ബുദ്ധമതവും ജൈനമതവും. ഈ രണ്ടു മതങ്ങളുടേയും ആചാര്യന്‍മാര്‍ മുഖ്യധാരയില്‍നിന്നകന്ന് കാടുകളിലും ഗുഹകളിലും ഏകാന്തവാസം അനുഷ്ടിച്ചിരുന്നെന്നാണ് അനുമാനം. ഗുഹാക്ഷേത്രങ്ങള്‍ അത്തരം ഇടങ്ങളാകാനാണ് കൂടുതല്‍ സാദ്ധ്യത.
സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ കവിയൂര്‍ ഗുഹാക്ഷേത്രമുണ്ടെങ്കിലും അതിന്റെ ഇന്നത്തെ അവസ്ഥ തെല്ലും ആശ്വാസകരമല്ല എന്നതാണ് വാസ്തവം. പെട്ടിപ്പൊളിഞ്ഞ പടിക്കെട്ടുകള്‍, കാടുകയറിയ ക്ഷേത്ര പരിസരം, അറ്റകുറ്റപണികള്‍ ചെയ്തിട്ട് നാളേറെയായ ചുറ്റുമതില്‍, തുരുമ്പുപിടിച്ചു നശിച്ച പുരാവസ്തുവകുപ്പിന്റെ ബോര്‍ഡ്. ആകെകൂടി അവഗണനയുടെ ഒന്നാന്തരം സ്മാരകം. മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രം സന്ദര്‍ശകരെ തടയുന്നതരത്തില്‍ പുറത്തുനിന്നു പൂട്ടിയിരിക്കുകയുമാണ്. എന്നോ മണ്‍മറഞ്ഞുപോയ സമൃദ്ധമായ ഒരു സംസ്‌കൃതിയുടെ ഈ സ്മാരകങ്ങളെ അവഗണിക്കുന്നതാരണ്? പ്രൗഡമായൊരു സംസ്‌കൃതിയിലേക്കുള്ള കവാടമല്ലെ ഇത്.

You must be logged in to post a comment Login