നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്; യുഡിഎഫിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: യുഡിഎഫിനെതിരെ പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ നേതാക്കളുമായി ഇടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍എസ്എസിന് ബദലായി എസ്ഡിപിഐ വര്‍ഗീയ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അകല്‍ച്ച പാലിക്കാന്‍ ശ്രമിച്ചെന്ന തോന്നലുണ്ടാക്കിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് എസ്ഡിപിഐയുമായി രഹസ്യധാരണയുണ്ടാക്കി. സിസിടവിയുള്ളത് കൊണ്ട് ഇപ്പോഴത്തെ ചര്‍ച്ച രേഖയായി. ചര്‍ച്ച നടത്തിയിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് ഒത്തുകൂടിയത്.തെരഞ്ഞെടുപ്പ് ധാരണക്ക് വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത്.

വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കാന്‍ കഴിയണം. വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാനാവുകയുള്ളു. വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട് മൂലമാണ് ടോം വടക്കനെ പോലുള്ളവര്‍ ബിജെപിയിലേക്ക് പോവുന്നത്. ഒരുപാഠവും അനുഭവങ്ങളില്‍ നിന്ന് യുഡിഎഫ് പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You must be logged in to post a comment Login