നാവില്‍ കൊതിയുണര്‍ത്തും ക്രിസ്മസ് കേക്കുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ പടിവാതില്‍ എത്തിനില്‍ക്കെ കേക്ക് ഇല്ലാത്ത ഒരു ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാനാവുമോ? ക്രിസ്മസ് രുചിയെന്നാല്‍ അത് മധുരം കിനിയുന്ന ക്രിസ്മസ് കേക്ക് തന്നെയാണ്. പ്ലം കേക്ക് എന്ന സാധാരണ രുചിയില്‍ തുടങ്ങി ക്രീമിന്റെ കൊതിയുണര്‍ത്തുന്ന വിവിധ തരത്തിലുളള കേക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വീട്ടില്‍ കേക്കുണ്ടാക്കി രുചിക്കുന്നതിന് പകരം എന്നും വിപണിയിലെ രുചിയാണ് മലയാളിക്ക് പ്രിയം. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്‌സ്, വാള്‍നട്‌സ്, ്രൈഡഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബ്രൌണി, പൈനാപ്പിള്‍ ക്രീം…. ക്രിസ്തുമസ് സ്‌പെഷല്‍ കേക്കുകളുടെ നിര ഇങ്ങനെ നീളുന്നു…
christmas-cakes-in-Japan
ചില പുതിയ പരീക്ഷണങ്ങളും കേക്കു വിപണിയില്‍ കടന്നുവന്നിട്ടുണ്ട്. ആവശ്യക്കാരുടെ മുന്നില്‍ വച്ചുതന്നെ നിമിഷങ്ങള്‍ക്കകം കേക്കുകള്‍ ഉണ്ടാക്കി നല്‍കുന്നതാണ് ഇത്തവണത്തെ പാലക്കാടന്‍ ട്രെന്‍ഡ്. ഇത്തരത്തിലൊരു പരീക്ഷണം മുന്നോട്ടുവെക്കുന്നത് പാലക്കാട്ടെ ഏറ്റവും വലിയ കേക്കു നിര്‍മ്മാണ കേന്ദ്രമായ ജോബീസ് മാളാണ്.  തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കേക്കുകള്‍ക്കായി എത്ര വില നല്‍കാനും മിക്ക ഉപഭോക്താക്കളും തയ്യാറാകുന്നുണ്ടെന്നാണ് വിപണിയിലെ പ്രതികരണം വ്യക്തമാക്കുന്നത്. വില കുതിച്ചുയര്‍ന്നിട്ടും കേക്കുകളുടെ വില്‍പ്പനയില്‍ കുറവുണ്ടാകാത്തത് ഇതിനു തെളിവാണ്.

ഒരു കിലോ റിച്ച് പ്ലം കേക്കിന് വില 220 മുതല്‍ 320 വരെയായിട്ടുണ്ട്. പിസ്ത, വാനില, ചോക്കലേറ്റ്, ബട്ടര്‍ കേക്കുകള്‍ക്ക് വില 230 മുതല്‍ 350 വരെയാണ്. ഫ്രഷ് ക്രീം കേക്കുകളുടെ വില ഇതിലും കൂടും. 280 മുതല്‍ 600 വരെയാണ് ഇവയുടെ വില. കേക്ക് ഇല്ലാതെ മലയാളിക്ക് ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. എത്ര പ്രമേഹമുളളവരും ഒന്നു നുളളാതിരിക്കില്ല ഈ മധുരം.
ഇനിയൊരു ക്രിസ്മസ് രുചിയാവാം..

മുട്ട ചേര്‍ക്കാത്ത ചോക്കലേറ്റ് കേക്ക്

ചേരുവകള്‍

1. രണ്ടു കപ്പ് മൈദ മാവ്
2. ഒരു നുള്ള് ബേക്കിംഗ് സോഡ
3. അര കപ്പ് തൈര്
4. കാല്‍ കപ്പ് തേന്‍
5. കാല്‍ കപ്പ് പൊടിച്ച പഞ്ചസാര
6. കാല്‍ കപ്പ് ഉരുക്കിയ വെണ്ണ
7. രണ്ടു ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡര്‍ (മധുരമില്ലാത്തത്)
ഐസിംഗിന് കാഡ്ബറി ചോക്കലേറ്റ് (കൊക്കോ പൗഡര്‍, വെണ്ണ, പഞ്ചസാര എന്നിവ ചേര്‍ത്തും ഉപയോഗിക്കാം)

തയ്യാറാക്കുന്ന വിധം

ആദ്യം മൈക്രോവേവ് അവന്‍ 175 ഡിഗ്രി ചൂടാക്കിയിടുക. കേക്ക് പാനിന്റെ അടിയില്‍ വെണ്ണ പുരട്ടുക. ഒരു ബൗളില്‍ മൈദ, ബേക്കിംഗ് സോഡ, ഉരുക്കിയ വെണ്ണ, തേന്‍ എന്നിവ നല്ലപോലെ കൂട്ടിക്കലര്‍ത്തുക. കൊക്കോ പൗഡര്‍, പഞ്ചസാര, തൈര് എന്നിവ മറ്റൊരു ബൗളില്‍ കൂട്ടിച്ചേര്‍ക്കുക. തൈര് നല്ലപോലെ ഉടയ്ക്കണം. മൈദയുടെ മിശ്രിതത്തിന്റെ കൂടെ രണ്ടാമത്തെ ബൗളിലെ പഞ്ചസാര മിശ്രിതം കൂട്ടിച്ചേര്‍ക്കണം. നല്ലപോലെ ഇളക്കി മിശ്രിതം കേക്ക് പാനിലൊഴിക്കുക. ഇത് അവനില്‍ വച്ച് ബേക്ക് ചെയ്യണം. ഏകദേശം ആറു മിനിറ്റ് ബേക്ക് ചെയ്താല്‍ മതിയാകും. ഇത് പുറത്തെടുത്ത് ചൂടാറിയ ശേഷം റെഫ്രിജറേറ്ററിലേക്ക് മാറ്റുക.

അരമണിക്കുര്‍ നേരം ഇത് റെഫ്രിജറേറ്ററില്‍ സൂക്ഷിക്കണം. അടുത്തത് ഐസിംഗ് തയ്യാറാക്കുകയാണ്. ഇതിന് ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു ബോറോസില്‍ ബൗള്‍ ഇതില്‍ വച്ച് ചൂടാക്കണം. ഇതിലേക്ക് ചോക്കലേറ്റിട്ട് ഉരുക്കിയെടുക്കണം. ഉരുകിക്കഴിഞ്ഞാല്‍ ഇതിലേക്ക് ഒരു സ്പൂണ്‍ പാലൊഴിച്ച് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം. കേക്ക് സെറ്റായിക്കഴിഞ്ഞാല്‍ പുറത്തിടുത്ത് ഈ മിശ്രിതം കേക്കിന്റെ മുകളിലൊഴിക്കാം. സ്പൂണ്‍ വച്ച് എല്ലായിടത്തും ഇത് പരത്തുക. കേക്കിന് മുകളില്‍ പൊടിച്ച ബദാം ഇടാം.

മേമ്പൊടി: ബദാം കൂടാതെ ചെറി, ഉണക്കമുന്തിരി എന്നിവയും അലങ്കാരത്തിന് ഉപയോഗിക്കാം. വറുത്ത ബദാമായാല്‍ സ്വാദേറും.

You must be logged in to post a comment Login