നാഷണല്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി ;കിടമത്സരവുമായി കമ്പനികള്‍ രംഗത്ത്

Untitled-3 copyന്യൂഡല്‍ഹി: നാഷണല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം കഴിഞ്ഞയാഴ്ച നിലവില്‍വന്നതോടെ അവസരം മുതലെടുക്കാന്‍ സ്വകാര്യ ടെലികോം ഓപറേറ്റര്‍മാര്‍ കടുത്ത മത്സരത്തിന്. വിവിധ വാഗ്ദാനങ്ങളുമായി സ്വകാര്യ കമ്പനികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
ജൂണില്‍ പുതിയ സേവന നികുതി വന്നതോടെ പല മൊബൈല്‍ കമ്പനികളും നേരത്തെയുണ്ടായിരുന്ന താരിഫ് പ്‌ളാനുകള്‍ ആരുമറിയാതെ പിന്‍വലിച്ചിരുന്നു. ഇത് ഉപഭോക്താക്കളില്‍ അസംതൃപ്തിയുണ്ടാക്കുകയും ചെയ്തിരുന്നു. ഇതുവഴിയുണ്ടായ ക്ഷീണം മറികടക്കാനാണ് നാഷണല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പരമാവധി മുതലെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.
പുതിയ സംവിധാനം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ഏത് സര്‍ക്കിളിലും തങ്ങളുടെ നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് ഇഷ്ടമുള്ള നെറ്റ്വര്‍ക്ക് തെരഞ്ഞെടുക്കാം. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്നവരും ജോലിചെയ്യുന്നവരും ഏറെയുള്ള കേരളത്തില്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
2011ല്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ആദ്യമായി പ്രാബല്യത്തില്‍വന്നപ്പോഴും സമാനമായ മത്സരം നടന്നിരുന്നു. അന്ന്, അതത് സര്‍ക്കിളിനുള്ളിലാണ് പോര്‍ട്ടബിലിറ്റി സംവിധാനം അനുവദിച്ചിരുന്നത്.
അന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചവരെ സമയമെടുത്തിരുന്നു. എന്നാല്‍, നാഷണല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ ഗുണഫലം മുതലെടുക്കുന്നതിനായി പരമാവധി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനവുമായാണ് വിവിധ കമ്പനികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഒപ്പം തങ്ങള്‍ക്കുള്ള വിപുല സംവിധാനം സംബന്ധിച്ച അവകാശ വാദങ്ങളുമുണ്ട്. രാജ്യത്താകെ 18.4 കോടി ഉപഭോക്താക്കളും 1,30,000 ടവര്‍ സൈറ്റുകളുമുണ്ടെന്ന അവകാശവാദവുമായാണ് വൊഡാഫോണ്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
എന്നാല്‍, പോര്‍ട്ടിങ് അപേക്ഷകള്‍ 24 മണിക്കൂറിനകം കൈകാര്യം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന വാഗ്ദാനവുമായി എയര്‍ടെല്ലും രംഗത്തുണ്ട്. വേഗത്തിലുള്ള പോര്‍ട്ടിങ് അപേക്ഷാ കൈകാര്യം ചെയ്യല്‍, റോമിങില്‍ സൗജന്യ ഇന്‍കമിങ്, ബാലന്‍സ് ട്രാന്‍സ്ഫര്‍ തുടങ്ങിയ പല സേവനങ്ങളാണ് ഇവരുടെ വാഗ്ദാനം.

You must be logged in to post a comment Login