നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അപകീര്‍ത്തിക്കേസുമായി അനില്‍ അംബാനി

അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ അപകീര്‍ത്തിക്കേസുമായി അനില്‍ അംബാനി റിലയന്‍സ് ഗ്രൂപ്പ് കമ്പനി. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നാഷണല്‍ ഹെറാള്‍ഡിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. റാഫേല്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേഖനം പ്രസിദ്ധീകരിച്ചെന്നാണ് കേസ്. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹിലിനെതിരെയും കേസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് പബഌഷര്‍മാരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. പ്രധാനമന്ത്രി നരേന്ദ്രമാദി റാഫേല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനി സ്ഥാപിച്ചതെന്നാണ് ലേഖനത്തിലുള്ളത്. ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ നിക്ഷിപ്തതാല്പര്യങ്ങളും വിട്ടുവീഴ്ച്ചകളും കമ്പനിക്കായി ചെയ്‌തെന്ന തരത്തിലുള്ള പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിയലന്‍സ് ഗ്രപ്പിന് ദോഷകരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുന്നതാണെന്നുമാണ് അനില്‍ അംബാനിയുടെ ആരോപണം.

ശക്തിസിന്‍ഹ് ഗോഹിലിനോടും അയ്യായിരം കോടി രൂപയാണ് മാനനഷ്ടക്കേസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നതിനെതിരേ മുമ്പും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനില്‍ അംബാനിയുടെ കമ്പനി പരാതി നല്കിയിട്ടുണ്ട്.

You must be logged in to post a comment Login