നിക്കി ഹാലെ യുഎന്‍ പദവി രാജിവെച്ചു

 

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു.

യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ. പഞ്ചാബില്‍നിന്നു യുഎസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു

2017 ജനുവരിയിലാണ് ഇന്ത്യന്‍ വംശജയായ നിക്കിയെ യു.എന്നിലെ യു.എസ് അംബാസഡറായി നാമനിര്‍ദേശം ചെയ്തത്. സൗത്ത് കരോലൈന ഗവര്‍ണറായിരുന്നു അവര്‍. 2014ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്രീയ രംഗത്ത് താരതമ്യേന പുതുമുഖമായിരുന്നു നിക്കി. സാധാരണ രീതിയില്‍ അത്തരമൊരാളെ യു.എന്‍ അംബാസഡറായി നിയമിക്കാന്‍ സാധ്യതയില്ല. രാജിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കവെ, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും നിക്കി വ്യക്തമാക്കി. ട്വിറ്ററില്‍നിന്ന് അവരുടെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ നീക്കം ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ നിക്കി ഹാലെയുടെ പക്വതയില്ലാത്ത തീരുമാനമാണതെന്ന് ട്രംപിന്റെ അനുയായി കുറ്റപ്പെടുത്തിയിരുന്നു. അതില്‍ നിക്കി നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

നേരത്തേ ട്രംപിന്റെ കടുത്ത വിമര്‍ശകയായിരുന്ന അവര്‍ പിന്നീട് വക്താവായി മാറുന്നതാണ് കണ്ടത്.

You must be logged in to post a comment Login