നിങ്ങളുടെ കരുതലും സ്നേഹവുമാണ് ഊർജ്ജമെന്ന് ‘പ്രതിപൂവൻ കോഴി’യിലെ ‘മാധുരി’

 

ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മഞ്ജു വാര്യര്‍ ഒരു സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായെത്തുകയാണ്. ഉണ്ണി ആറിന്‍റെ നോവലിനെ ആസ്പദമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘പ്രതി പൂവൻകോഴി‘യിലാണ് മഞ്ജു, ‘മാധുരി’ എന്ന കഥാപാത്രമായെത്തുന്നത്.

ചിത്രത്തിൽ റോഷൻ ആൻഡ്രൂസും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. റോഷൻ അഭിനയിക്കുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ‘ഹൗ ഓൾഡ് ആർ യു’വിന് ശേഷം മഞ്ജുവും റോഷനും ഒന്നിക്കുന്ന ചിത്രവും കൂടിയാണിത്.

ചിത്രത്തിന്‍റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള മഞ്ചുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലെ നിരുപമയെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരുടേയും കരുതൽ നിറഞ്ഞ സ്നേഹമാണ് തന്‍റെ ഊർജ്ജം. ഇനി താൻ ‘പ്രതിപൂവൻകോഴി’യിലെ മാധുരി ആവുകയാണ്. ഫസ്റ്റ് ലുക്ക് നവംബര്‍ 20നും ആദ്യ ഗാനം 21നും പുറത്തിറങ്ങുകയാണ്. ഡിസംബര്‍ 20ന് ക്രിസ്മസ് ചിത്രമായാണ് സിനിമയുടെ റിലീസ്. ഇക്കുറി ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായിട്ടാണ് ചിത്രമെത്തുന്നതെന്നും താരം കുറിച്ചിട്ടുണ്ട്.

ലൂസിഫറിലെ പ്രിയദര്‍ശിനിയും, താരത്തിന്‍റെ ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രവുമാണ് മഞ്ജുവിന്‍റേതായി അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ജാക്ക് ആൻഡ് ജിൽ, മരക്കാർ‍-അറബിക്കടലിന്‍റെ സിംഹം, കയറ്റം തുടങ്ങിയവയാണ് താരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങള്‍.

You must be logged in to post a comment Login