നിങ്ങളുടെ വീടൊരുക്കുമ്പോള്‍…..

വീടുണ്ടായാല്‍ പോരാ, അത് ഭംഗിയായി അലങ്കരിക്കുകയും വേണം. എന്നാലേ വീടിന്റെ ഭംഗി പൂര്‍ത്തിയാകൂ. വീട് അലങ്കരിക്കാന്‍ വില കൂടിയ വസ്തുക്കളും സാധനങ്ങളും വേണമെന്നില്ല. അധികം ചെലവില്ലാതെ തന്നെ വീടലങ്കരിക്കാന്‍ പറ്റിയ വസ്തുക്കളും നമുക്കു കണ്ടെത്താവുന്നതേയുള്ളൂ.
വീട് അലങ്കരിക്കുകയെന്നത് ഭംഗിയായും എന്നാല്‍ വൈവിധ്യത്തോടെയും വേണം. ഇന്നത്തെ വിപണിയില്‍ വീട് അലങ്കരിക്കാനുള്ള സാധനങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. വീട് അലങ്കരിക്കുന്നതില്‍ പണവും സമയവുമൊന്നും ആരും കണക്കിലെടുക്കാറില്ല. അതുകൊണ്ടുതന്നെ ദിനംതോറും വിപണിയില്‍ അലങ്കാരവസ്തുക്കള്‍ മാറിമാറി വരുന്നു. നീണ്ടുനില്‍ക്കുന്നതായതിനാല്‍ ഗുണത്തിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചക്ക് ഉപഭോഗ്താവ് തയ്യാറാവില്ല. തന്റെ വീടിനുളളിലെ അലങ്കാരങ്ങളിലാണ് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഒരാള്‍ക്ക് കഴിയുക. കുളിമുറി, കിടപ്പുമുറി തുടങ്ങി പൂജാമുറിയില്‍ വരെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള അലങ്കാരസാധനങ്ങള്‍ ഇന്ന് ലഭ്യമാണ്. മുറികളുടെ ചുവരുകള്‍ക്കടിക്കുന്ന നിറങ്ങള്‍ മുതല്‍ തുടങ്ങുന്നു ഒരാളുടെ വീടലങ്കാരം.  ഒരോ മുറിയിലും ചേര്‍ന്ന ഫര്‍ണിച്ചറുകളും പൂപ്പാത്രങ്ങളും ചുവര്‍ചിത്രങ്ങളും വയ്ക്കാവുന്നതാണ്. ഇവയുടെ നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. മുറിക്കു ചേരാത്ത നിറങ്ങളും സാധനങ്ങളും തെരഞ്ഞെടുത്താല്‍ മുറിയുടെ മൊത്തത്തിലുള്ള ഭംഗി തന്നെ ഇല്ലാതാകും. സാധനങ്ങള്‍ മാത്രമല്ല, കിടക്കവിരികള്‍, സോഫാക്കവറുകള്‍, ഊണ്‍മേശയില്‍ വക്കുന്ന നാപ്കിനുകള്‍ എന്നിവയില്‍ വരെ ശ്രദ്ധ കൊടുക്കണം വില കൂടിയതും പേരെടുത്തതുമായ സാധനങ്ങള്‍ മാത്രം ഉപയോഗിച്ചതു കൊണ്ട് വീട് ഭംഗിയാകണമെന്നില്ല. ഓരോ വീടിനും ഓരോ മുറിക്കും ചേരുന്ന വിധത്തില്‍ സാധനങ്ങളും നിറങ്ങളും ഉപയോഗിക്കുന്നതില്‍ നിങ്ങളുടെ ഭാവന ഒരു പ്രധാന ഘടകം തന്നെയാണ്. ഒരു വീടിനെ വീടാക്കുന്നതിന് മനോഹരമായ അലങ്കാരങ്ങള്‍ മാത്രം പോരാ. വീടിന് ജീവന്‍ കൊടുക്കുന്നത് അതിനുള്ളില്‍ താമസിക്കുന്ന വ്യക്തികളാണെന്ന് ഓര്‍ക്കുക.

You must be logged in to post a comment Login