‘നിങ്ങളെ എന്തിനാണിവിടെ നിര്‍ത്തിയിരിക്കുന്നത്’?; തന്നെ തെറ്റായി പുറത്താക്കിയെന്നാരോപിച്ച് പാര്‍ത്ഥീവ് അമ്പയറോട് തട്ടിക്കയറി

മുംബൈ : ഇറാനി ട്രോഫിയില്‍ നിന്ന് തന്നെ തെറ്റായി പുറത്താക്കിയെന്നാരോപിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥീവ് പട്ടേല്‍ അമ്പയറോട് തട്ടിക്കയറി. അമ്പയര്‍ വിരേന്ദര്‍ ശര്‍മ്മയോട് നിങ്ങളെ എന്തിനാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നതെന്ന് ചോദിച്ച് പട്ടേല്‍ കോപിച്ചു.മത്സരം ടെലികാസ്റ്റ് ചെയ്യുന്നുണ്ട് എന്ന് ഓര്‍ക്കാതെയായിരുന്നു അമ്പയറോടുളള പാര്‍ത്ഥീവ് പട്ടേലിന്റെ തട്ടികയറല്‍.

റെസ്റ്റ് ഓഫ് ഇന്ത്യന്‍ താരം നദീമിന്റെ പന്ത് പാര്‍ത്ഥീവിന്റെ ബാറ്റില്‍ തട്ടാതെ പാഡിലുരുമ്മി ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അഖില്‍ ഹേര്‍വാഡ്ക്കറുടെ കൈകളിലത്തി. എന്നാല്‍ ഫീല്‍ഡര്‍മാര്‍ ഉയര്‍ത്തിയ വലിയ അപ്പീലില്‍ വീണ് ശര്‍മ്മ പാര്‍ത്ഥീവിനെതിരെ ഔട്ട് വിളിക്കുകയായിരുന്നു. ഇതോടെയാണ് ഗുജറാത്തി നായകന്‍ പ്രകോപിതനായത്.

മത്സരത്തില്‍ 32 റണ്‍സാണ് പാര്‍ത്ഥീവ് നേടിയത്. ഫസ്റ്റ് ക്ലാസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികക്കാന്‍ വെറും അഞ്ച് റണ്‍സ് മാത്രമുളളപ്പോഴാണ് പാര്‍ത്ഥീവിന്റെ ഈ നിര്‍ഭാഗ്യകരമായ പുറത്താകല്‍.

അതേസമയം തനിക്ക് ഇതിനെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ലെന്നാണ് താരം മത്സരശേഷം പ്രതികരിച്ചത്. ഞാന്‍ ചെയ്തതിനുളള നടപടികള്‍ എനിക്ക് മേല്‍ ചാര്‍ജ് ചെയ്യപ്പെട്ടുകഴിഞ്ഞു, എല്ലാവരും ഇക്കാര്യം കണ്ടതാണ്, തീരുമാനത്തെ ചോദ്യം ചെയ്ത ഒരു അഭിപ്രായവും പറഞ്ഞാതായി ഞാന്‍ കരുതുന്നില്ലെന്നും പാര്‍ത്ഥീവ് പറഞ്ഞു.

ഇറാനി ട്രോഫി റെസ്റ്റ് ഓഫ് ഇന്ത്യ സ്വന്തമാക്കി. ഗുജറാത്ത് ഉയര്‍ത്തിയ 379 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീം മറികടക്കുകയായിരുന്നു. പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയ വൃദ്ധിമാന്‍ സാഹയും സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുമാണ് റെസ്റ്റ് ഓഫ് ഇന്ത്യന്‍ ടീമിന് വിജയമൊരുക്കിയത്.

You must be logged in to post a comment Login