നിങ്ങള്‍ സ്പര്‍ശിച്ചത് എന്റെ ഹൃദയത്തിലാണ്: ഫെയ്‌സ്ബുക്ക് പേജിലെ ലൈക് 30 ലക്ഷം കടന്നതിന്റെ സന്തോഷത്തില്‍ മഞ്ജു

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കലാജീവിതത്തിലേക്കു മടങ്ങിവന്ന മഞ്ജുവിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സമൂഹമാധ്യമത്തില്‍ ലഭിക്കുന്ന പിന്തുണയുടെ കാര്യത്തില്‍ മറ്റു പല താരങ്ങളെക്കാളും മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം. ഇപ്പോഴിതാ മുപ്പതുലക്ഷവും കടന്ന് മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ലൈക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. തനിക്കു ലഭിക്കുന്ന സ്‌നേഹത്തിനും സാന്ത്വനത്തിനുമെല്ലാം നന്ദിയറിയിച്ച് ഒരു കുറിപ്പും മഞ്ജു പോസ്റ്റ് ചെയ്തു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

ഫെയ്‌സ്ബുക്കിലെ ഒരു ആഹ്ലാദദിനത്തിന്റെ മധുരം പങ്കുവയ്ക്കുകയാണ്. ഈ പേജിന്റെ ലൈക്കുകള്‍ 30ലക്ഷം കടന്ന ദിവസമാണിന്ന്. മൂന്നുദശലക്ഷം എന്ന സംഖ്യയിലേക്ക് നോക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നത്. നിങ്ങള്‍ സ്പര്‍ശിച്ചത് എന്റെ ഹൃദയത്തിലാണ്. ഓരോ സ്‌നേഹ വിരല്‍ത്തുമ്പിനും കീഴേ ശിരസ്സ് നമിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരുത്തരെയും ഞാന്‍ കാണുന്നു. ഈ വാക്കുകള്‍കൊണ്ട് ഞാന്‍ നിങ്ങളെയും തൊടുന്നു.

ലോകത്തിന്റെ ഏതൊക്കയോ ഭാഗങ്ങളിലിരുന്ന് നിങ്ങള്‍ തരുന്ന പിന്തുണയാണ് മുന്നോട്ടുള്ള യാത്രയിലെ കൈ വിളക്ക്. ഇഷ്ടമറിയിക്കുന്ന ആ കൈവിരലിന് ശാസിക്കാനും വഴികാട്ടാനുമുള്ള പരമാധികാരമുണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു. ചൂണ്ടുവിരലില്‍ നിങ്ങള്‍ എന്നെ നയിക്കുക.. ഇത്രയും കാലത്തെ എല്ലാ നല്ലവാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി… പകരം നിറഞ്ഞ സ്‌നേഹം…”

You must be logged in to post a comment Login