നിതാഖാത് കാലാവധി ഇന്ന് അവസാനിക്കും ;പ്രവാസികള്‍ ആശങ്കയില്‍

നിതാഖാത് നിയമം നിര്‍ബന്ധമാക്കിക്കൊണ്ടുളള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പ്രവാസികള്‍ വീണ്ടും ആശങ്കയില്‍. പ്രഖ്യാപനങ്ങള്‍ പലതുണ്ടായെങ്കിലും, നാട്ടിലെത്തിയവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിയാത്തതിലുളള അമര്‍ഷവും ഇവര്‍ മറച്ചുവെയ്ക്കുന്നില്ല.
തിങ്കളാഴ്ച മുതല്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള കര്‍ശന പരിശോധനകള്‍ ആരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് താമസം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഏഴ് മാസത്തെ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്. നിയമം ലംഘിച്ചു താമസിക്കുന്നവര്‍ക്ക് പുറമ് നിയമലംഘകര്‍ക്ക് താമസമോ ജോലിയോ നല്കുന്ന സ്വദേശികള്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും. രേഖകളില്ലാത്തെ ആളുകള്‍ക്ക് ജോലി നല്‍കുന്ന കമ്പനികള്‍ക്കെതിരെയുംനടപടിയുണ്ടാകും. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും രണ്ട് വര്‍ഷം തടവും പതിനായിരം റിയാലുമാണ് ശിക്ഷ ലഭിക്കുക.
nithaquat
നോര്‍ക്കയുടെ കണക്കുപ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ 5081 പേരാണ് പ്രവാസജീവിതം മതിയാക്കി കേരളത്തിലെത്തിയത്. കണക്കില്‍പ്പെടാതെ നാട്ടിലെത്തിയവരുടെ എണ്ണം രണ്ടായിരത്തോടടുത്താണ്. രേഖകള്‍ കൃത്യമാക്കുന്നതിനുള്ള ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാകുമ്പോഴും ഓരോ ജില്ലയിലും ആയിരത്തിനും രണ്ടായിരത്തി നാനൂറിനുമിടയില്‍ പ്രവാസികള്‍ മടങ്ങിവരാന്‍ തയ്യാറെടുക്കുന്നുവെന്നാണ് കണക്ക്. നാട്ടിലെത്തിയവരില്‍ 22 ശതമാനം പേര്‍ മാത്രമാണ് ജോലി സ്ഥിരത ഉറപ്പാക്കി വീണ്ടും വിദേശത്തേക്ക് മടങ്ങിയത്. നാട്ടിലെത്തി ആറ് മാസം പിന്നിട്ടിട്ടും തൊഴില്‍ തേടാന്‍ കഴിയാത്തവരുടെ എണ്ണവും കുറവല്ല. ഇവര്‍ക്കു പിന്നാലെയാണ് അടുത്തദിവസം മുതല്‍ കൂടുതല്‍ പേര്‍ നാട്ടിലെത്താന്‍ തയ്യാറെടുക്കുന്നത്.

You must be logged in to post a comment Login