നിപ വൈറസ് വീണ്ടുമെത്താൻ സാധ്യത; മുന്നറിയിപ്പുമായി വിദഗ്ധർ

 

reports warn kerala and bangladesh on another nipah virus outbreak

ന്യൂഡൽഹി: കേരളത്തിൽ ഈ വര്‍ഷം 17 പേരുടെ ജീവനെടുത്ത നിപ വൈറസ് വീണ്ടുമെത്താൻ വലിയ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. നിപ വൈറസ് വാഹകരായ 19 ശതമാനം പഴംതീനി വവ്വാലുകളിലും വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യരംഗത്തെ രാജ്യത്തെ മുൻനിര ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കി. നിപ വൈറസ് പടരാൻ സാധ്യതയുള്ള കേരളത്തിലെയും ബംഗ്ലാദേശിലെയും 25 കോടി ജനങ്ങള്‍ നിപ വൈറസിന്‍റെ ഭീഷണി നേരിടുന്നുണ്ടന്നാണ് ഇന്ത്യൻ കൗൺസിൽ ഫോര്‍ മെഡിക്കൽ റിസര്‍ച്ചിന്‍റെയും ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും റിപ്പോര്‍ട്ടുകള്‍.

വൈറസ് ബാധയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ പക്ഷികളും വവ്വാലുകളും പാതി കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു. കേരളത്തിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയത് ഇത് രാജ്യത്തെ മറ്റു പ്രദേശങ്ങളിലേയ്ക്കും പടരാനുള്ള സാധ്യതയിലേയ്ക്കും വിരൽ ചൂണ്ടുന്നുണ്ട്.

വായുവിലൂടെ രോഗം പടരാനുള്ള സാധ്യത, മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്കുള്ള രോഗബാധ, ഉയര്‍ന്ന മരണനിരക്ക്, ഫലപ്രദമായ വാക്സിനുകളുടെയും മരുന്നുകളുടെയും അഭാവം എന്നിവയാണ് നിപ വൈറസിനെ അപകടകാരിയാക്കുന്നത്. ഈ വര്‍ഷം മെയ് – ജൂൺ കാലയളവിൽ കോഴിക്കോട്ട് പടര്‍ന്നു പിടിച്ച നിപ വൈറസ് 6 പേരുടെ ജീവനെടുത്തിരുന്നു.

You must be logged in to post a comment Login