നിയന്ത്രണങ്ങളില്‍ ബാങ്കിംഗ് മേഖല: ഓഹരി വിലയില്‍ കനത്ത ഇടിവ്

കൊച്ചി: നാണയ വിപണിയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്ക് വന്‍ വെല്ലുവിളിയാകുന്നു. വിപണിയിലെ പണ ലഭ്യത കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഹ്രസ്വകാല വായ്പകളെടുക്കുന്നതിന് ബാങ്കുകള്‍ക്ക് ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് സംവിധാനത്തിലൂടെ ബാങ്കുകള്‍ക്ക് വായ്പയെടുക്കാവുന്ന തുകയുടെ പരിധി മൊത്തം നിക്ഷേപങ്ങളുടെ ഒരു ശതമാനമായിരുന്നത് ഇപ്പോള്‍ അര ശതമാനമായാണ് കുറച്ചത്. ഇതോടൊപ്പം ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് സംവിധാനത്തിലൂടെ 75,000 കോടി രൂപ പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്.ബാങ്കുകളുടെ മൊത്തം നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണമായ കരുതല്‍ ധന അനുപാതത്തില്‍ 99 ശതമാനവും എല്ലാ ദിവസങ്ങളിലും അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.

KERALA_BANKS_1396380gനേരത്തെ കരുതല്‍ ധന അനുപാതത്തിന്റെ 70 ശതമാനം തുകയാണ് പ്രതിദിനം അക്കൗണ്ടില്‍ ഉറപ്പുവരുത്തേണ്ടിയിരുന്നത്. അടുത്ത വാരം പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ബാങ്കുകളില്‍ പണ ദൗര്‍ലഭ്യം അതിരൂക്ഷമാകുമെന്ന്  ബാങ്ക് അധീകൃതര്‍ പറഞ്ഞു.അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലേക്കും ഏറ്റവും താഴ്ന്ന തലത്തിലെത്തിയതിനു ശേഷം റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളേറെയും വാണിജ്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഫണ്ടുകളുടെ ചെലവ് ഗണ്യമായി ഉയരുമെന്നതിനാല്‍ ബിസിനസ് വളര്‍ച്ചയ്ക്കായി പണം കണ്ടെത്താന്‍ ബാങ്കുകള്‍ ഏറെ വിഷമിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
റിസര്‍വ് ബാങ്കിന്റെ പുതിയ നിയന്ത്രണങ്ങള്‍ പ്രവര്‍ത്തന ലാഭത്തില്‍ ഇടിവുണ്ടാക്കുമെന്ന ആശങ്ക ശക്തമായതോടെ രാജ്യത്തെ മുന്‍നിര ബാങ്കുകളുടെ ഓഹരികള്‍  കനത്ത വില്പന സമ്മര്‍ദ്ദം നേരിട്ടു. ബാങ്കിംഗ് സൂചിക ഇന്നലെ 4.6 ശതമാനമാണ് ഇടിഞ്ഞത്. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്ന്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ഓഹരി വിലയില്‍ മൂന്നു മുതല്‍ എട്ടു ശതമാനം വരെ ഇടിവുണ്ടായി. അലഹബാദ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയും തിരിച്ചടി നേരിട്ടു.
റിസര്‍വ് ബാങ്കിന്റെ അനുകൂല നടപടികളുടെ കരുത്തില്‍ അമേരിക്കന്‍ ഡോളറിന്റെ രൂപയുടെ മൂല്യം  ഗണ്യമായി മെച്ചപ്പെട്ടു. വിപണിയിലെ പണലഭ്യത കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് രൂപയ്ക്ക് ഗുണമായത്.  നാണയ വിപണിയിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ റിസര്‍വ് നടപടികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

You must be logged in to post a comment Login