‘നിയമം അതിന്റെ കടമ ചെയ്തു’; വിശദീകരണവുമായി വി സി സജ്ജനാര്‍

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍. നിയമം അതിന്റെ കടമ ചെയ്‌തെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ അക്രമിച്ച സ്ഥലത്തു പ്രതികളെ എത്തിച്ചപ്പോള്‍ അവര്‍ പൊലീസിനു നേരെ തിരിയുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്തശേഷം പൊലീസിനു നേരെ തിരിഞ്ഞു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. ഇതോടെയാണ് എന്‍കൗണ്ടര്‍ ആവശ്യമായി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊലീസ് ഓപറേഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ ചിത്രങ്ങളാണു പുറത്തുവന്നത്. ഇന്ന് പുലര്‍ച്ചെ 3.30 നാണ് പ്രതികളെ പൊലീസ് എന്‍കൗണ്ടറില്‍ വെടിവച്ചുകൊന്നത്.

കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്.

You must be logged in to post a comment Login