നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് നോട്ടീസില്‍ ആരോഗ്യമന്ത്രി മറുപടി പറയേണ്ടെന്ന് പ്രതിപക്ഷം; ബന്ധപ്പെട്ട മന്ത്രി ആദ്യം മറുപടി പറയുമെന്ന് സ്പീക്കറുടെ റൂളിംഗ്

 

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം അംഗങ്ങള്‍ പ്രതിഷേധിക്കുന്നത്. മന്ത്രി സംസാരിക്കാന്‍ എഴുനേറ്റയുടന്‍ പ്ലക്കാര്‍ഡുമായി ബഹളം വെക്കുകയായിരുന്നു. അതേസമയം അടിയന്തര പ്രമേയത്തിന് നോട്ടീസില്‍ ആരോഗ്യമന്ത്രി മറുപടി പറയേണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ബന്ധപ്പെട്ട മന്ത്രി ആദ്യം മറുപടി പറയുമെന്ന് സ്പീക്കറുടെ റൂളിംഗ്. ബഹളത്തിനിടെ ആരോഗ്യമന്ത്രി മറുപടി പറയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

സ്വാശ്രയ പ്രശ്നവും നിയമന വിവാദവും ചൊല്ലിയുണ്ടായ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ നിയമസഭ ഒരു ദിവസം മുന്നേ പിരിഞ്ഞേക്കും. വ്യാഴാഴ്ചയാണ് സഭ പിരിയേണ്ടിയിരുന്നത്. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് മുതല്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാര സത്യാഗ്രഹം അനുഷ്ടിക്കുന്നുണ്ട്.  എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എന്നിവരാണു രാപകൽ സത്യഗ്രഹം നടത്തുന്നത്.

കെ.കെ.ശൈലജയുടെ  രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ഇന്നു പന്തംകൊളുത്തി പ്രകടനം നടത്തും.  അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തി എന്നു ഹൈക്കോടതി കുറ്റപ്പെടുത്തിയ മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാനാകുമെന്ന ചോദ്യമാണു പ്രതിപക്ഷം ഉയർത്തുന്നത്.

സമാന പരാമർശത്തിൽ രാജിവെച്ച മന്ത്രിമാരുടെ ചരിത്രവും പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു. കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ടു സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന എം.എൽ.എമാർക്ക് പിന്തുണയുമായി 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും. എന്നാൽ യുവജന വിദ്യാർഥി സംഘടനകളുടെ പിന്തുണ വിഷയത്തിൽ കിട്ടുന്നില്ലെന്നും ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു.

ഇന്നലെയും നിയമസഭ ആരംഭിച്ചത് മുതല്‍ ആരോഗ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളമായിരുന്നു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ ഹൈക്കോടതി വിമർശനം കേൾക്കേണ്ടിവന്ന ആരോഗ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.  അതേസമയം ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിന്തുണയുമായെത്തി. കമ്മീഷന്‍ നിയമനത്തില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതില്‍ അപാകതയില്ല. മുന്നില്‍ വന്ന ഫയലിലെ നിര്‍ദേശപ്രകാരമാണ് മന്ത്രി നടപടിയെടുത്തത്. മന്ത്രിയുടെ ഭാഗം കോടതി കേട്ടിട്ടില്ല. ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങിയത്. ബാലാവകാശ കമ്മീഷനിലേക്ക് 103 പേർ അപേക്ഷ നൽകിയിരുന്നെന്നും 40 പേർക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും അടിയന്തര പ്രമേയം ഉന്നയിച്ച് പ്രതിപക്ഷം ആരോപിച്ചു.

ഇപി ജയരാജനെ കൊണ്ട് രാജിവെയ്പ്പിച്ച മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ആരോഗ്യ മന്ത്രിയെ കൊണ്ട് രാജിവെയ്പ്പിക്കാത്തത് എന്ന് പ്രതിപക്ഷ എംഎല്‍എ ഷാഫി പറമ്പില്‍ ഉന്നയിച്ചു. ഇപി ജയരാജന് ഒരു നീതിയും ശൈലജയ്ക്ക് മറ്റൊരു നീതിയുമാണ്. മന്ത്രിയുടേത് സ്വജനപക്ഷപാതപരമായ പ്രവര്‍ത്തിയാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സൈബര്‍ പോരാളികളെ പോലെ മുഖ്യമന്ത്രി പെരുമാറരുത് എന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

കെ.കെ. ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ബാലാവകാശ കമ്മീഷനില്‍ സി.പി.ഐ.എം അംഗത്തെ നിയമിക്കാനുള്ള അനധികൃത ഇടപെടലുകള്‍ മന്ത്രി നടത്തിയെന്നാണ് കോടതിയുടെ നിരീക്ഷണം. സി.പി.ഐ.എം പ്രവര്‍ത്തകനായ വയനാട് ബാലാവകാശ കമ്മീഷന്‍ അംഗം ടി.ബി.സുരേഷിന്റെ നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.പഴയ അപേക്ഷയില്‍ നിന്നും ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം.

ചട്ടങ്ങള്‍ പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ഒരു അവകാശ ലംഘനത്തിനും ക്രിമിനല്‍ കേസില്‍ പ്രതികളോ, ആരോപണവിധേയരോ ആകാത്ത ആളുകളെ മാത്രമേ കമ്മീഷനിലെ അംഗങ്ങളായി നിയമിക്കാന്‍ പാടുള്ളൂ.

You must be logged in to post a comment Login