നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് ബിജെപി വനിത എംഎല്‍എ; സ്വന്തം പാര്‍ട്ടി നേതാവ് തന്നെയും കുടുംബത്തെയും നിരന്തരം ശല്യം ചെയ്യുന്നുവെന്ന് ആരോപണം

ബിജെപി മുതിര്‍ന്ന നേതാവിനെതിരെ ആരോപണവുമായി ബിജെപി വനിത എംഎല്‍എ. മധ്യപ്രദേശ് നിയമസഭയിലാണ് സംഭവം. സഭയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബിജെപി എംഎല്‍എ നീലം അഭയ് മിശ്ര സ്വന്തം പാര്‍ട്ടിയിലെ നേതാവിനെതിരെ പരാതി ഉന്നയിച്ചത്.

തന്നെയും കുടുംബത്തെയും മുതിര്‍ന്ന ബിജെപി നേതാവ് നിരന്തരം ശല്യപ്പെടുത്തുന്നു എന്നാണ് നീലത്തിന്റെ ആരോപണം. നിയമസഭയിലെ ശൂന്യവേളയിലാണ് നീലം പരാതി ഉന്നയിച്ചത്.

നേതാവ് നിര്‍ദേശിച്ചതനുസരിച്ച് രേവ ജില്ലാ പൊലീസ് തന്റെപേരില്‍ കള്ളക്കേസ് ഉണ്ടാക്കുന്നെന്നും നീലം സഭയില്‍ പറഞ്ഞു. തനിക്ക് സുരക്ഷനല്‍കണമെന്നും നീലം ആവശ്യപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും കരഞ്ഞു കൊണ്ട് നീലം വ്യക്തമാക്കി. ഇതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നീലത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് നീലത്തിന്റെ സമീപത്തെത്തി അവരെ ആശ്വസിപ്പിച്ചു. നീലത്തിനും കുടുംബത്തിനും സംരക്ഷണം നല്‍കുമെന്നും പൊലീസ് തലവനുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

You must be logged in to post a comment Login