നിയമസഭയില്‍ വീണ്ടും സീറ്റ് ക്രമീകരണം; രണ്ടാമന്‍ ഇ പി ജയരാജന്‍ തന്നെ

 

തിരുവനന്തപുരം: മന്ത്രിസഭയിലെ രണ്ടാമന്‍ ഇ.പി. ജയരാജന്‍ തന്നെയെന്നുറപ്പിച്ച് നിയമസഭയില്‍ വീണ്ടും സീറ്റ് ക്രമീകരണം. വീണ്ടും മന്ത്രിയായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം നടന്ന ഇന്നലെ മുഖ്യമന്ത്രിയുടെ സമീപത്തെ സീറ്റ് ഇ.പി. ജയരാജന് ലഭിച്ചു. ഈ സീറ്റിലുണ്ടായിരുന്ന മന്ത്രി എ.കെ. ബാലന് മുന്‍ നിരയില്‍ ഘടകകക്ഷി മന്ത്രിമാര്‍ക്ക് ശേഷം ഇരിപ്പിടം നല്‍കി. ഇവിടെ ഉണ്ടായിരുന്ന മന്ത്രി ജി. സുധാകരനെ രണ്ടാം നിരയിലേക്ക് മാറ്റി.

ഇതോടെ ഇ.പി. ജയരാജന്‍ മുമ്പ് മന്ത്രിയായിരുന്നപ്പോഴത്തെ അതേ ക്രമീകരണത്തിലേക്കു മന്ത്രിമാരുടെ സീറ്റുകള്‍ മാറി. മന്ത്രിസഭയില്‍ രണ്ടാമനും മൂന്നാമനും ഇല്ലെന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ഫലത്തില്‍ രണ്ടാമന്‍ ഇ.പി. ജയരാജന്‍ തന്നെയെന്ന വ്യക്തമാക്കുന്നതാണ് ക്രമീകരണം. മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്കു പോകാന്‍ തീരുമാനിച്ചപ്പോഴും പകരം ഇ.പി. ജയരാജനു ചുമതല നല്‍കാനായിരുന്നു തീരുമാനം.

You must be logged in to post a comment Login