നിലമ്പൂര്‍ പൂളക്കപ്പാറയില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടായതായി വിവരം

രണ്ടുദിവസം മുന്‍പാണ് പൂളക്കപ്പാറ ഒ.പിക്ക് സമീപം രാത്രി പന്ത്രണ്ടരയോടെ മൂന്നു നാലുപേരെ കണ്ടതായി വനംവാച്ചര്‍മാര്‍ വിവരം നല്‍കിയത്. ഒ.പിയില്‍ രാത്രി തങ്ങുന്ന വാച്ചര്‍മാര്‍ രാത്രി ഭക്ഷണംകഴിച്ച് കൈ കഴുകുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് ആളുകളുടെ ചലനം ശ്രദ്ധിച്ചത്.

തുടര്‍ന്ന് ഒ.പിയില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് വാച്ചര്‍മാര്‍ ഒ.പിയുടെ പിറകിലുള്ള റബ്ബര്‍ത്തോട്ടംവഴി സമീപത്തെ പമ്പ്ഹൗസില്‍ പോയി മേലുദ്യോഗസ്ഥന്‍മാരെ ഫോണില്‍ ബന്ധപ്പെട്ടു. പട്രോളിങ്ങിലായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ പുലര്‍ച്ചയോടെ തിരിച്ചെത്തി പരിശോധന നടത്തിയതില്‍ നിന്നാണ് ഇവര്‍ പുഴയിലിറങ്ങി കുളികഴിഞ്ഞ് പോയതിന്റെ തെളിവുകള്‍ ലഭിച്ചത്.

ഫെബ്രുവരി 16ന് അയ്യപ്പനെന്ന തമിഴ്‌നാട് സ്വദേശിയായ മാവോവാദി പ്രവര്‍ത്തകനെ കല്‍ക്കുളത്തുവെച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. അയ്യപ്പനെ പിടികൂടി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സമീപത്തെ ഒരു വീട്ടിലെത്തി പഞ്ചസാരയും ചായപ്പൊടിയും ശേഖരിച്ച് പോയിരുന്നതായും വിവരമുണ്ട്.

You must be logged in to post a comment Login