നിശബ്ദ സേവനത്തിന്റെ ആശ്രമം

  • നീരജ വര്‍മ്മ

എച്ച്. രാമകൃഷ്ണന്‍ എന്ന വ്യക്തി സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ മസ്‌ക്കറ്റില്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണെന്നറിയുന്നവര്‍ ഒരുപാടുപേരുണ്ടാവാം. പക്ഷേ അദ്ദേഹമൊരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ടെന്നും ശിവാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ എന്ന പേരിലൊരു സ്‌കൂളിന്റെ സ്ഥാപകനാണെന്നും അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. മാനവസേവ മാധവസേവ എന്നതാണദ്ദേഹത്തിന്റെ തിയറി. തികഞ്ഞ ശിവഭക്തനായ അദ്ദേഹം മസ്‌കറ്റില്‍ ശിവലിംഗം വെച്ചു പൂജ ചെയ്യുമ്പോഴും ചില്‍ഡ്രന്‍സ് ഹോമിലെ കുഞ്ഞുങ്ങളെ മനുഷ്യരെ പോലെ സംരക്ഷിക്കാന്‍ കഴിയണേ എന്നതാണ് പ്രാര്‍ത്ഥന. അതിനായദ്ദേഹം തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് വിനിയോഗിക്കുന്നു. സമൂഹത്തിന്റെ അടിത്തട്ടിലാരുടെയും ആശ്രയമില്ലാതെ കഴിയുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനായി രണ്ടായിരത്തി പന്ത്രണ്ട് ജൂണ്‍ ഇരുപത്തി മൂന്നിന് തുടങ്ങിവെച്ച സ്ഥാപനം രണ്ടായിരത്തി ഒമ്പത് ജൂലൈ എട്ടിന് രജിസ്റ്റര്‍ ചെയ്തിരുന്നു.

കോയമ്പത്തൂരിന്റെ നാല്പതു കിലോമീറ്ററിനകത്ത് തിരുപ്പൂര്‍, ഈറോഡ്, കോയമ്പത്തൂര്‍ എന്നീ ജില്ലകളില്‍ നിന്ന് രക്ഷിതാക്കളില്ലാതെയും ഭിക്ഷക്കാരായും എത്തുന്ന കുട്ടികളെ താമസവും ഭക്ഷണവും വിദ്യാഭ്യാസവും രോഗശുശ്രൂഷയും നല്‍കി സംരക്ഷിക്കുന്നു. അനാഥരായ ബുദ്ധിമാന്ദ്യം ഉള്ള ഓട്ടിസം, അതുപോലെ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അസുഖങ്ങളുള്ള കുട്ടികളെ സനാഥരാക്കി സംരക്ഷിക്കുകയാണ് ട്രസ്റ്റ് ചെയ്യുന്നത്. ഭര്‍ത്താവുപേക്ഷിച്ചവര്‍ ,വിധവകള്‍ അല്ലെങ്കില്‍ ആരുമില്ലാത്ത സ്ത്രീകളുടെ മക്കള്‍ക്കും ഇവിടെയെത്താം. ഒരു രക്ഷിതാവുമാത്രമുള്ള കുട്ടികള്‍ എന്ന നിലയ്ക്ക് വളര്‍ത്താന്‍ പാടുപെടുന്നവരായിരിക്കണം ഇത്തരക്കാര്‍. മെന്റലി റിട്ടയാര്‍ഡായ 11 പേരെയും നോര്‍മലായ 14 പേരെയും ചേര്‍ത്ത് 25 പേരെങ്കിലും മുന്നോട്ടു നയിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും ഇപ്പോള്‍ 12 പേരാണുള്ളത്. തുടക്കത്തില്‍ അജിഷാ റാണി, വൈഷ്ണവി, കാവ്യ, മധുമതി, സ്വേതാ, രമ്യ, വിഷ്ണുപ്രിയ, സവിത. സബീന, സത്യപ്രിയ, ആഷ്ഫ, പ്രവീണ്‍ എന്നിവരാണുണ്ടായിരുന്നത്. ഇവരില്‍ ആഷിഫ പ്രവീണ്‍ അടുത്തകാലത്ത് അമ്മയോടൊപ്പം പോയി .റീമാ, റീത്ത എന്നീ രണ്ടുകുട്ടികള്‍ പുതിയതായി വന്നു ചേര്‍ന്നു. മൂത്ത രണ്ടു കുട്ടികള്‍ കൂടെയുള്ള ഇവരുടെ അമ്മയ്ക്ക് അച്ഛന്റെ അഭാവത്തില്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്തതിലാണിവര്‍ ഇവിടെയെത്തിയത്.ജാതി- മത ചിന്തകളില്ലാതെ കുട്ടികള്‍ മനുഷ്യരായി ഇവിടെ വളരുന്നു. മൂന്നു മുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നു. അതിനുമുകളിലുള്ളവരെ എസ് എസ് എ സ്‌കീമിലുള്ള ഹൈസ്‌കൂളായ മലുമിച്ചാം പെട്ടി ഹൈസ്‌കൂളിലേയ്ക്കയ്ക്കുന്നു.റീമയും റീത്തയും ഇനിമുതല്‍ ആറാം തരത്തിലേക്ക് അവിടെയെത്തും.

ഇരുപതു വര്‍ഷമായി സാമൂഹ്യ പ്രവര്‍ത്തനത്തില്‍ പരിചയമുള്ള വി.എസ് ഗാന്ധിനാഥനാണ് മാനേജിംഗ് ട്രസ്റ്റിയുമായി അലോചിച്ച് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ സ്ഥാപനത്തിന്റെ മാനേജരാണദ്ദേഹം. ഒരു സ്ഥിരം നഴ്‌സും വിസിറ്റിങ്ങ് ഫിസിയോ തെറാപ്പിസ്റ്റും ആറ് ആയമാരും രണ്ടു വാച്ചര്‍മാരും ഒരു സ്‌പെഷ്യല്‍സ്‌കൂള്‍ ട്രെയിനിംഗ് നേടിയ ടീച്ചറും അടങ്ങുന്ന ഒരു സ്റ്റാഫ് പാറ്റേണ്‍ ഇവിടെയുണ്ട്. കുട്ടികള ഇവിടെ പഠിപ്പിക്കുന്നതിനായി ഒരു ക്ലാസ്‌റൂം സ്ജ്ജമാക്കിയിട്ടുണ്ട് ആറ് ആയമാര്‍ മൂന്ന് ഷിഫ്റ്റുകളിലായി കുട്ടികളെ പരിചരിക്കുന്നു. വൃത്തിയായും ഭംഗിയായും അവര്‍ കുട്ടികളെ ഒരുക്കുന്നു. ഓരോ കുട്ടികളുടേയും സ്വഭാവസവിശേഷതകള്‍ മാനേജര്‍ക്കും ആയമാര്‍ക്കും മറ്റു സ്റ്റാഫിനും നന്നായിട്ടറിയാം.

ആറരവയസ്സുകാരി സത്യപ്രിയ നന്നായി വര്‍ത്തമാനം പറയും. ഓപ്പറേഷനിലൂടെ അവളുടെ തലയിലെ നീരെടുത്തു മാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും അവളുടെ അമ്മയ്ക്ക് സ്വീകാര്യമല്ലത്രെ. വലിയ തലയും വലിയ കണ്ണുകളുമുള്ള അവളുടെ തമിഴിലെ സംസാരവും നിരങ്ങുന്ന രൂപവും ആരെയും വിസ്മയിപ്പിക്കും. എഴുന്നേല്‍ക്കാനാവാത്ത രണ്ടു പേര്‍ തറയിലെ ബെഡില്‍ കിടക്കുന്നു. മറ്റൊരു കുട്ടി കാലൊടിഞ്ഞ് ബാന്‍ഡേജിട്ടതിനാല്‍ കട്ടിലില്‍ ഇരിക്കുന്നു. നാലുവശവും കവര്‍ ചെയ്യാവുന്ന കട്ടിലുകള്‍.കുട്ടികള്‍ വീഴാതിരിക്കാനുള്ള മുന്‍ കരുതല്‍. സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയുമൊക്കെ ആവശ്യമുള്ളവര്‍ക്ക് കൃത്യമായി നല്‍കുന്നു. ഒപ്പം കൃത്യമായ ആഹാരവും. കേറി ചെല്ലുന്നവരെ വിഷ് ചെയ്യാനും ഇരിക്കാന്‍ പറയാനുമൊക്കെ അവര്‍ പഠിച്ചിരിക്കുന്നു. 65 ലക്ഷം രൂപ സ്വന്തം കൈയ്യില്‍ നിന്നു ചിലവഴിച്ചാണൂ ഇദ്ദേഹം സ്ഥലവും കെട്ടിടവും സ്‌പെഷ്യല്‍ സ്‌കൂളിനായി സജ്ജീകരിച്ചിരിക്കുന്നത്. ഒരുമാസം ഉദ്ദേശം ഒന്നര ലക്ഷം രൂപയോളം ചിലവുള്ള ഈ സ്ഥാപനത്തിലേക്കെത്തുന്ന ചെറിയ സംഭാവന പോലും ചെക്കുകളിലൂടെയോ ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയോ മാത്രമാണ് സ്വീകരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ജില്ലാ വെല്‍ഫയര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

തിരുവനന്തപുരത്തുകാരായ അച്ഛനമ്മമാരോടൊപ്പം ചെറുപ്പത്തിലേ തമിഴ്‌നാട്ടിലെത്തി ചേര്‍ന്ന രാമകൃഷ്ണന്‍ കോളേജില്‍ പഠിക്കുമ്പോഴേ മനുഷ്യരോടു ദയയുള്ളയാളായിരുന്നു. അച്ഛനമ്മമാര്‍ നല്‍കുന്ന പോക്കറ്റ്മണി ചിലവഴിച്ചത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. എം. കോം. പഠനത്തിനുശേഷം കോയമ്പത്തൂരില്‍ എന്‍.ജി ബാലകൃഷ്ണന്‍ ബ്രദേഴ്‌സ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിക്കു ചേര്‍ന്നപ്പോഴും ശമ്പളത്തിന്റെ ഒരു ശതമാനം മാറ്റിവെച്ചിരുന്നു. യാചകരായ കുട്ടികളുടെ അവസ്ഥ കണ്ട്് അദ്ദേഹം വേദനിച്ചിരിക്കാം. എന്തായാലും ഒരു പബ്ലിസ്റ്റിയും ആഗ്രഹിക്കാത്ത ഒരു വലിയ മനുഷ്യന്റെ നല്ല മനസ്സ് ഈ കുഞ്ഞുങ്ങളുടെ കുട്ടിത്തം അവര്‍ക്കു തിരിച്ചു കൊടുക്കുന്നു. ബുദ്ധിമാന്ദ്യവും സെറിബ്രല്‍ പള്‍സിയും ഡൗണ്‍ സിഡ്രോമും ഉള്ള കുട്ടികള്‍ക്ക് എല്ലാവര്‍ക്കും സ്ഥിരമായി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കുട്ടികളെ നോക്കുന്നത്. വൃത്തിയായ അടുക്കള. മുകളിലും താഴെയുമായി ആറോളം ശുചിമുറികള്‍. ഇപ്പോള്‍ ഒരു ലൈബ്രറിയും അവര്‍ക്കായിട്ടുണ്ടാവുന്നു. കുട്ടികളെ കുടുംബാംഗങ്ങളെ പോലെ പരിചരിക്കുന്ന ജോലിക്കാര്‍. ഈ കുട്ടികള്‍ ഭാഗ്യവാന്‍മാരാണ്, അവരുടെ പരാധീനതകളിലും.
ചാരിറ്റി എന്ന പേരില്‍ തട്ടിപ്പു നടത്തുന്ന വരുടെയിടയില്‍ നിന്നും വ്യത്യസ്തരായി എച്ച്. രാമകൃഷ്ണന്‍ എന്ന അമ്പത്തഞ്ചുകാരന്‍. അദ്ദേഹത്തിന്റെ ഒരു ഫോട്ടോയോ അദ്ദേഹത്തെക്കുറിച്ചുള്ള പേഴ്‌സണല്‍ വിവരങ്ങളെക്കുറിച്ചോ നമുക്കീസ്ഥാപനത്തില്‍ നിന്നും ലഭിക്കയില്ല. വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈ പോലും അറിയരുതെന്ന ആര്‍ഷഭാരത സംസ്‌ക്കാരം കാത്തുകൊണ്ടാണദ്ദേഹം കുട്ടികള്‍ക്കായി ചെയ്യുന്നത്.

ആകാശവാണിയില്‍ കര്‍ണ്ണാട്ടിക് സംഗീതജ്ഞയായിരുന്ന മാതാവിന്റെ പേര് സുബ്ബലക്ഷ്മി. പിതാവ് ഹരിഹരന്‍. ഇവരെ നമുക്ക് നമിക്കാം. ഇങ്ങിനൊരു പുത്രനുണ്ടായതില്‍ ഇവര്‍ക്കഭിമാനിക്കാം. ഒപ്പം ഇദ്ദേഹത്തിന്റെ പ്രിയതമയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നേതാണ്ട് 15 കിലോമീറ്റര്‍ അകലെ മലുമിച്ചാം പെട്ടിയിലെ കല്‍പ്പകവിനായകര്‍ നഗറിലെ എസ്. എന്‍.എം. വി കോളജ് റോഡിലെ 67808 എന്ന പ്ലോട്ടിലെ ഈ ഇരുനില ബില്‍ഡിംഗില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയുണ്ട്. ടി.വിയില്‍ ഒരുമാസത്തെ എല്ലാ കാര്യങ്ങളുമുണ്ട്. അവിടെയെത്തുന്നവരെയെല്ലാം ഇദ്ദേഹത്തിന് കാണാം. ഇവരുടെ ‘ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് ‘എന്ന വെബ്‌സൈറ്റില്‍ സുതാര്യമായ കണക്കുകള്‍. ആരൊക്കെ, എന്തൊക്കെ നല്‍കുന്നു എന്നും എങ്ങിനെയൊക്കെ ചിലവഴിയുന്നു എന്നും വ്യക്തം.

യാചകരേയും ശിഥില കുടുംബത്തിലെയും കുട്ടികളെ കണ്ടെത്തി അവരെ സഹായിക്കുകയും പുനരധിവസിപ്പിക്കുകയും ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. അവരുടെ ശാരീരിക, മാനാസികവും ആത്മീയവുമായ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുക. ഓരോ കുട്ടിയേയും സ്വന്തം വീട്ടിലെന്നപോലെ സുതാര്യമായ സമീപനത്തോടെ മുന്നോട്ടുനയിക്കുക. ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മോട്ടോയാണിത്.

 

 

You must be logged in to post a comment Login