‘നിശാന്തിനി മാഡം എന്റെ മുഖത്ത് രണ്ടുതവണ അടിച്ചു; പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചു; സ്ത്രീ വിഷയമായതിനാല്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ അപമാനിതനായി’; ആറ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ആശ്വാസത്തിന്റെ ചിരിയുമായി പെഴ്‌സി ജോസഫ്

കൊച്ചി: തനിക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതിന് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആര്‍. നിശാന്തിനി ഉള്‍പ്പെടെ ആറുപോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് മേധാവിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് യൂണിയന്‍ ബാങ്ക് പെരുമ്പാവൂര്‍ ശാഖയില്‍ ചീഫ് മാനേജരായ പെഴ്‌സി ജോസഫ്. ഐ.പി.എസ്. ഉദ്യോഗസ്ഥയുള്‍പ്പെട്ട പൊലീസിനെതിരെ ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നടപടിയെടുക്കുന്നത്.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ, കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും നിലപാടുകള്‍ കേട്ടശേഷമാണ് നടപടിക്ക് ശുപാര്‍ശചെയ്തത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്.

2011 ജൂലായ് 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെഴ്‌സി ജോസഫ് അന്ന് തൊടുപുഴ ബ്രാഞ്ചില്‍ ജോലിചെയ്യുകയായിരുന്നു. ബാങ്കില്‍ വാഹനവായ്പക്കെത്തിയ വി.ഡി. പ്രമീള എന്ന പൊലീസുകാരിയുടെ കൈയില്‍ കയറിപ്പിടിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്ന് തൊടുപുഴ എ.എസ്.പി.യായിരുന്നു നിശാന്തിനി.

‘എ.എസ്.പിയുടെ ഓഫീസിലേക്ക് എന്നെ ഒരു പൊലീസുകാരന്‍ തള്ളിയിട്ടു. നിശാന്തിനി മാഡം അവിടെ ഇരുപ്പുണ്ടായിരുന്നു. നിശാന്തിനി മാഡം എന്റെ മുഖത്ത് രണ്ടുതവണ അടിച്ചു. പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചു. തറയില്‍ ഇരുത്തിയശേഷം ലാത്തികൊണ്ട് കാല്‍വെള്ളയില്‍ അടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കുമനസ്സിലായില്ല. സ്ത്രീവിഷയമായതിനാല്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ അപമാനിതനായി. പിന്നീട് ഈ കേസില്‍ പോരാട്ടം ആരംഭിക്കുകയായിരുന്നു’ ആ ദിവസത്തെക്കുറിച്ച് പെഴ്‌സി പറയുന്നു.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്നത്തെ ഇടുക്കി എസ്.പി. ജോര്‍ജ് വര്‍ഗീസ് അന്വേഷണം നടത്തി. എന്നാല്‍ പൊലീസുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ തനിക്ക് തുണയായെന്ന് പെഴ്‌സി പറയുന്നു. ‘ഞാന്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുന്നതായിപ്പോലും ഇതിലില്ലായിരുന്നു”.തൊടുപുഴയിലെ ഒരു കോണ്‍ഗ്രസ് വനിതാനേതാവിന് തന്നോടുണ്ടായ വിരോധമാണ് കേസിനുപിന്നിലെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ”നേതാവ് ഇടപെട്ട ഒരു കേസില്‍ ജപ്തിനടപടി നിര്‍ത്തിവെക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. സംഭവദിവസം രാവിലെ ഇവരുടെ ഭര്‍ത്താവ് ബാങ്കിലെത്തി ഒരു കാര്‍ഷികവായ്പ ആവശ്യപ്പെട്ടെങ്കിലും ഭവനവായ്പയ്ക്ക് കുടിശ്ശികയുണ്ടായിരുന്നതിനാല്‍ സമ്മതിച്ചില്ല. തുടര്‍ന്ന് കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. അന്ന് വൈകീട്ടാണ് സംഭവമുണ്ടായത്”.

വി.ഡി. പ്രമീളയുടെ പരാതി സംശയകരമാണെന്നും ഒരു കെണിയാണോയെന്ന് സംശയിക്കണമെന്നുമാണ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി വിധിയിലുള്ളത്. കേസ് നടപടികള്‍ക്കിടെ ഒരു ദിവസം വൈറ്റിലയിലെ പെഴ്‌സിയുടെ വീടിനുസമീപം രണ്ട് പൊലീസുകാരെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പോയപ്പോള്‍ പൊലീസിനെ ശക്തിയായി ശാസിച്ചു. ബെംഗളൂരുവിലേക്ക് സ്ഥലംമാറിയിരുന്ന അദ്ദേഹം രാത്രിബസിന് കോടതിയില്‍വന്ന് വൈകീട്ട് മടങ്ങിപ്പോകുകയായിരുന്നു പതിവ്. അസി. ജനറല്‍ മാനേജരായി പ്രൊമോഷന്‍ കിട്ടുന്ന ഘട്ടത്തില്‍ കേസ് വന്നതിനാല്‍ അത് മുടങ്ങി. പക്ഷേ, കേസ് നടത്തുന്നതിന് ബാങ്ക് സാമ്പത്തികമായി സഹായിച്ചു. അധ്യാപികയായ ഭാര്യ ആശ, മകന്‍ എയര്‍ ഇന്ത്യയില്‍ പൈലറ്റായ സ്വരൂപ്, ബാഡ്മിന്റണ്‍ താരമായ മകള്‍ സിന്‍ഡ പെഴ്‌സി എന്നിവര്‍ നല്‍കിയ മാനസികപിന്തുണ വലുതാണെന്ന് 55കാരനായ പെഴ്‌സി പറയുന്നു.

You must be logged in to post a comment Login