നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം കോടതികള്‍ കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി

കൊച്ചി: നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കോടതികള്‍ ശ്രമിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോടതി വിധികള്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാകുന്ന രീതിയും മാറണം. വിധി പറഞ്ഞ് 36 മണിക്കൂറിനുള്ളില്‍ വിധിയുടെ മലയാളം പകര്‍പ്പ് നല്‍കാന്‍ കഴിയണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു. കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

നീതി ലഭ്യമാക്കുന്നതില്‍ കോടതികളുടെ പങ്ക് വലുതാണ്. നീതിന്യായ വ്യവസ്ഥയിലാണ് ജനങ്ങളുടെ വിശ്വാസം. അത് സാധ്യമാക്കാന്‍ കോടതികള്‍ ശ്രമിക്കണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. കോടതി വിധികള്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാകുന്ന രീതിക്ക് മാറ്റം വരണമെന്ന നിര്‍ദ്ദേശം പരിഗണിക്കണമെന്ന അഭ്യര്‍ഥനയാണ് രാഷ്ട്രപതി മുന്നോട്ട് വച്ചത്.

നീതിന്യായ സംവിധാനവും മാധ്യമങ്ങളും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാവണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. നാനാത്വത്തില്‍ ഏകത്വത്തില്‍ വിശ്വസിക്കുന്നവരെന്ന നിലയില്‍ വിയോജിപ്പുകളെ അംഗീകരിക്കാനാവണമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തപാല്‍ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക കവര്‍ രാഷ്ട്രപതി പ്രകാശനം ചെയ്തു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഹൈകോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് എന്നിവര്‍ സംസാരിച്ചു.

You must be logged in to post a comment Login