നീരവ് മോദിയുടെ മ്യൂച്വല്‍ ഫണ്ടുകള്‍ മരവിപ്പിച്ചു; 9 ലക്ഷ്വറി കാറുകള്‍ കണ്ടുകെട്ടി

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റേതാണ് നടപടി. നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ഉടമസ്ഥതയിലുള്ള 94.52 കോടി രൂപയുടെ ഓഹരികളാണ് മരവിപ്പിച്ചത്. ഇതില്‍ 86.72 കോടി രൂപ ചോക്‌സിയുടേതാണ്. 11,400 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദി തട്ടിപ്പ് നടത്തിയത്.

നീരവ് മോദിയുടെ 9 ലക്ഷ്വറി കാറുകളും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, മെഴ്‌സിഡസ് ബെന്‍സ്, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെയുള്ള 9 കാറുകളാണ് പിടിച്ചെടുത്തത്. മോദിയും ചോക്‌സിയും ഇരുവരുടെയും ഉടമസ്ഥതയിലുള്ള കമ്പനികളും വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുകയാണ്.

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇരുവര്‍ക്കുമെതിരെ വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login