നീറ്റില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

exam0ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ കേരളത്തിന് തിരിച്ചടി. ഇളവു വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ കോളജുകളിലെ പ്രവേശനത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. നീറ്റ് പരീക്ഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കോ സംവരണത്തിനോ വിരുദ്ധമല്ല. നീറ്റ് പരീക്ഷയിലൂടെ മാത്രമേ മെഡിക്കല്‍ ഡെന്റല്‍ കോളെജുകളില്‍ പ്രവേശനത്തിന് സാധ്യമാകൂ. സംസ്ഥാനങ്ങളുടെ പരീക്ഷക്ക് നിയമസാധുതയില്ലെന്നും പ്രത്യേക പരീക്ഷ നടത്തുന്നതിന് കോടതി ഉത്തരവ് ഭേദഗതി ചെയ്യില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം ആദ്യഘട്ട പരീക്ഷ എഴുതിയവര്‍ക്കും രണ്ടാം ഘട്ടത്തില്‍ ഉപാധികളോടെ പരീക്ഷയെഴുതാം. ഒന്നാംഘട്ടത്തിലെ പരീക്ഷകള്‍ വേണ്ടെന്നു വെക്കുന്നവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ അവസരം ലഭിക്കും. രണ്ടാം ഘട്ട പരീക്ഷയുടെ തീയതി മാറ്റുന്നത് സംബന്ധിച്ച് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും സിബിഎസ്ഇയും കൂടിയാലോചിച്ച് തീയതി മാറ്റണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

പ്രൈവറ്റ് കോളെജുകളും പ്രൈവറ്റ്, കല്‍പ്പിത സര്‍വകലാശാലകളും ഈ വര്‍ഷം നീറ്റ് പരീക്ഷയുടെ പട്ടികയില്‍ നിന്ന് തന്നെ പ്രവേശനം നടത്തണമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രീ കോടതി വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം തന്നെ നീറ്റ് പരീക്ഷ നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് വരുന്നതിനു മുന്‍പു തന്നെ പ്രവേശനപ്പരീക്ഷ നടത്തിയിരുന്നുവെന്നും ഇളവ് വേണമെന്നുമാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. പ്രവേശനത്തിനായി പ്രത്യേകസംസ്ഥാനനിയമം നിലവിലുണ്ടെന്നും അത് മറികടന്ന് നീറ്റ് അടിച്ചേല്‍പ്പിക്കരുതെന്നുമാവശ്യപ്പെട്ടാണ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തമായി പ്രവേശന നിയമമുള്ളതും നേരത്തെ പരീക്ഷ നടത്തിയതുമായ സംസ്ഥാനങ്ങളെ നീറ്റില്‍ നിന്നൊഴിവാക്കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

You must be logged in to post a comment Login