നീളമുള്ള കണ്‍പീലികള്‍ സ്വന്തമാക്കാന്‍

കണ്‍പീലികളുടെ സാധാരണ വളര്‍ച്ചയ്ക്ക് ആവശ്യമായ രണ്ട് ആന്റി ഓക്‌സിഡന്റ് വൈറ്റമിനുകളാണ് വൈറ്റമിന്‍ സിയും വൈറ്റമിന്‍ ഇയും. വൈറ്റമിന്‍ സി ഇല്ലെങ്കില്‍ പീലി വരണ്ട് പോകുകയും അറ്റം പിളരുകയും ചെയ്യും.
  കണ്‍പീലി
മയില്‍പ്പീലി പോലെ, നീട്ടി മസ്‌കാരയിട്ട് മിനുക്കിയെടുത്ത കണ്‍പീലിയഴക്. വിടര്‍ന്ന കണ്ണുകളും ഭംഗിയുള്ള പുരികങ്ങളും പോലെ കണ്ണിന് പീലിചന്തം നല്‍കുന്ന നീണ്ട് നിരയൊത്ത നിബിഢമായ കണ്‍പീലികള്‍. തലമുടി പോലെ തന്നെ കണ്‍പീലിക്കുമുണ്ട് വളര്‍ച്ച.കൊഴിഞ്ഞുപോകുകയോ, മസ്‌കാര, പ്ലക്കിംഗ്, ഡൈയിംഗ്,  എന്നിവ കാരണം കണ്‍പീലികള്‍ നശിച്ചുപോകുകയോ ചെയ്താല്‍ വളര്‍ന്നു വരുന്നത് വരെ പിന്നീട് കാത്തിരിക്കണം.
കണ്‍പീലിയുടെ വളര്‍ച്ചയും ആരോഗ്യവും ജനിതകപരമാണെങ്കിലും സമൃദ്ധമായ കണ്‍പീലികള്‍ക്ക് നമുക്കും ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.
വൈറ്റമിന്‍ എച്ച് (ബയോട്ടിന്‍)
മുടിയുടെയും കണ്‍പീലികളുടെയും വളര്‍ച്ച കൂട്ടുകയും മുടിക്ക് ബലം നല്‍കുകയും ചെയ്യുന്ന വൈറ്റമിനാണ് വൈറ്റമിന്‍ എച്ച് . ബി കോംപ്ലക്‌സ് വൈറ്റമിനായ വൈറ്റമിന്‍ എച്ച് മത്തി, ബദാം, ഏത്തപ്പഴം, ധാന്യവര്‍ഗങ്ങള്‍ മുട്ടയുടെ മഞ്ഞ എന്നിവയില്‍ കാണപ്പെടുന്നു. എന്നാല്‍ മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന അവിഡിന്‍ എന്ന പ്രോട്ടീന്‍ വൈറ്റമിന്‍ എച്ചിന്റെ ആഗിരണം തടയും.
ആന്റി ഓക്‌സിഡന്റുകള്‍
കണ്‍പീലികളുടെ സാധാരണ വളര്‍ച്ചയ്ക്ക് ആവശ്യമായ രണ്ട് ആന്റി ഓക്‌സിഡന്റ് വൈറ്റമിനുകളാണ് വൈറ്റമിന്‍ സിയും വൈറ്റമിന്‍ ഇയും. വൈറ്റമിന്‍ സി ഇല്ലെങ്കില്‍ പീലി വരണ്ട് പോകുകയും അറ്റം പിളരുകയും ചെയ്യും. ആവക്കാഡോ, പച്ച ഇലക്കറികള്‍, നാരക വര്‍ഗത്തില്‍ പെട്ട ചെടികള്‍ എന്നിവയില്‍ ഈ വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു.
ഒലീവ് ഓയില്‍
ഒലീവെണ്ണയും ആവണക്കെണ്ണയും അല്‍പമെടുത്ത് യോജിപ്പിച്ച് ഉറങ്ങാന്‍ നേരം കണ്‍പീലിയുടെ വേരുകളില്‍ പുരട്ടുക. പീലിയുടെ വളര്‍ച്ച കൂട്ടാനും ആരോഗ്യം വര്‍ധിപ്പിക്കാനും ഇത് ഗുണം ചെയ്യും.
എമു ഓയില്‍
എമു എണ്ണ നീളവും കട്ടിയും കൂട്ടി കണ്‍പീലിയുടെ മൃദുത്വം വര്‍ധിപ്പിക്കും. പഞ്ഞി ഉപയോഗിച്ച് പീലിയില്‍ എണ്ണ പുരട്ടാം.
വാസ്‌ലൈന്‍
ഉറങ്ങുന്നതിന് മുമ്പ് അല്‍പം വാസ്‌ലൈന്‍ കണ്‍പീലികളില്‍ പുരട്ടുന്നതും പീലികളുടെ വളര്‍ച്ചയും ആരോഗ്യവും വര്‍ധിപ്പിക്കും.
ഭക്ഷണക്രമം
പ്രോട്ടീനും വൈറ്റമിനും ധാരാളമായി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക വഴി കണ്‍പീലികളുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടും. മീന്‍,മുട്ട, ബീന്‍സ്, തൈര്, സോയാബീന്‍ എന്നിവ കണ്‍പീലി ചന്തത്തിന് മാറ്റ് കൂട്ടും.

You must be logged in to post a comment Login