നുണക്കഥകള്‍ പ്രചരിപ്പിക്കരുത്; വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് നെയ്മര്‍ (വീഡിയോ)

പിഎസ്ജിയുമായി തനിക്ക് യാതൊരു വിധ പ്രശ്‌നവുമില്ലെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ജപ്പാനുമായുള്ള സൗഹൃദ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നെയ്മര്‍ വിതുമ്പിക്കൊണ്ട് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. പിഎസ്ജിയില്‍ നെയ്മറിന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു താരത്തിന്റെ പ്രസ്താവന. ബ്രസീല്‍ പരിശീലകനും വാര്‍ത്താസമ്മേളനത്തില്‍ നെയ്മറിനൊപ്പമുണ്ടായിരുന്നു.

സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഞാന്‍ ചിന്തിക്കുന്നത് എനിക്ക് പറയണം. ഞാനൊരു പച്ചയായ മനുഷ്യനാണ്. യാഥാര്‍ത്ഥ്യത്തോടെയാണ് എന്റെ സമീപനം. തന്നെപ്പറ്റിയുള്ള തെറ്റായ വാര്‍ത്തകള്‍ കൊടുക്കരുതെന്നും പിഎസ്ജിയില്‍ അശുഭകരമായ ഒന്നുംതന്നെയില്ലെന്നും നെയ്മര്‍ പറഞ്ഞു. പിഎസ്ജി ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ അവിടെയെത്തിയത്.

പരിശീലകനുമായോ എഡിസണ്‍ കവാനിയുമായോ ആയി തനിക്ക് യാതൊരു പ്രശ്‌നവുമില്ല. ക്ലബ്ബിനു വേണ്ടി ജയങ്ങള്‍ നേടാനിഷ്ടപ്പെടുന്ന ആളാണ് ഞാന്‍. എന്നേയും കവാനിയേയും ചുറ്റിപറ്റി പല കഥകളും പ്രചരിയ്ക്കുന്നുണ്ട്. ഞാനിവിടെ തീരെ സംതൃപത്‌നല്ലയെന്നും കവാനിയും ഞാനും തമ്മില്‍ ആഭ്യന്തര കലാപമുണ്ടെന്നുമൊക്കെയുള്ള തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് മാധ്യമങ്ങള്‍ നിര്‍ത്തലാക്കണം . കളിക്കാരനെന്ന നിലയില്‍ മികവ് പുറത്തെടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി.

ഫ്രഞ്ച് ലീഗിലെ ഒരു മത്സരത്തിനിടെ സ്‌പോട്ട് കിക്ക് എടുക്കുന്നതിനെച്ചൊല്ലി കവാനിയും നെയ്മറും കൊമ്പ് കോര്‍ത്തത് ഏറെ വിവാദമായിരുന്നു. പരിശീലകന്‍ ഉനായ് എംറിയുമായും നെയ്മര്‍ രസത്തിലല്ലെന്ന് വാര്‍ത്തകള്‍ വന്നു.

ഈ വര്‍ഷം ഓഗസ്റ്റിലാണ് ബാഴ്‌സലോണയില്‍ നിന്ന് നെയ്മര്‍ പി.എസ്.ജി.യിലെത്തിയത്. 222 മില്യണ്‍ യൂറോ എന്ന റെക്കോഡ് തുകയ്ക്കാണ് ക്ലബ്ബ് സൂപ്പര്‍ സ്‌ട്രൈക്കറെ സ്വന്തമാക്കിയത്. അതേസമയം പിഎസ്ജിയിലെ ചില അസ്വാരസ്യങ്ങള്‍ മൂലം നെയ്മര്‍ ക്ലബ്ബ് വിടുകയാണെന്നും റയലിലേക്ക് ചേക്കേറുകയാണെന്നും മറ്റും വാര്‍ത്തകള്‍ പരന്നിരുന്നു.

You must be logged in to post a comment Login