നൂറാം വയസ്സില്‍ ഇന്ത്യന്‍ മുത്തശ്ശി അമേരിക്കന്‍ ഗെയിംസില്‍ നേടിയത് മൂന്നു സ്വര്‍ണം

lady
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന കായിക മത്സരത്തില്‍ നൂറാം വയസ്സില്‍ ഇന്ത്യന്‍ മുത്തശ്ശി നേടിയത് മൂന്നു സ്വര്‍ണം. പ്രായപരിധിയില്ലാത്ത സ്‌പോര്‍ട്‌സ് എന്ന വിശേഷണവുമായി നടത്തിവരുന്ന അമേരിക്കാസ് മാസ്റ്റര്‍ ഗെയിംസില്‍ നൂറുവയസുകാരിയായ മന്‍ കൗര്‍ സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണ മെഡലുകളാണ്.

ഷോട്ട്പുട്ട്, ജാവലിന്‍, ഓട്ടം എന്നിവയ്ക്കാണ് ഈ ചണ്ഡിഗഡ് സ്വദേശിനി സുവര്‍ണനേട്ടം കരസ്ഥമാക്കിയത്. 100 വയസുകാരുടെ വിഭാഗത്തിലുള്ള 100 മീറ്റര്‍ റേസിലെ ഏക മത്സരാര്‍ത്ഥിയായിരുന്നു കൗര്‍. ഒരു മിനിട്ട് 27 സെക്കന്‍ഡ്‌സിനുള്ളിലാണ് കൗര്‍ ഫിനിഷിങ് ലൈനിലേക്ക് ഓടിയെത്തിയത്. കാനഡയിലെ വാന്‍കൗറിലാണ് മാസ്റ്റര്‍ ഗെയിംസ് അരങ്ങേറിയത്.

93ാമത്തെ വയസില്‍ കായിക പരിശീലനം ആരംഭിച്ച കൗര്‍ വിവിധ മത്സരങ്ങളിലായി 20 മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മകനായ 78കാരന്‍ ഗുരുദേവ് സിങ്ങും അമേരിക്കയിലെ മത്സരങ്ങള്‍ക്ക് പങ്കെടുത്തിരുന്നു. ആയുരാരോഗ്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് സഹായിക്കുന്നതെന്ന് കൗര്‍ പറയുന്നു.

You must be logged in to post a comment Login