നൂറുമേനി സുഗന്ധം; രാമച്ചം കൃഷി

keralakarshakanvetiver

 

ഒരു സുഗന്ധവസ്തു എന്ന നിലയിലും ഒരു   ഔഷധം എന്ന നിലയിലും രാമച്ചം പണ്ടു മുതല്‍ക്കേ പ്രസിദ്ധമാണ്. സുഗന്ധവും കുളിര്‍മയും പകര്‍ന്നിരുന്ന രാമച്ചവിശറിയും, രാമച്ചതല്‍പവും രാമച്ചതൈലവും പണ്ട് കാലം മുതല്‍ക്കേ പ്രശസ്തമാണ്.

തൃണങ്ങളില്‍ വീരനായിട്ടാണ് രാമച്ചത്തെ കണക്കാക്കിയിരുന്നത്. അതിനാല്‍ ഇതിന് ‘വീരതൃണം (വീരണം)’ എന്നും പേരുണ്ട്.

പുരാണങ്ങളില്‍ രാമച്ചത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. രാമായണത്തിലെ സുന്ദരകാണ്ഡത്തില്‍ രാവണന്‍ തന്റെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് രാമച്ചവേരു കൊണ്ടുള്ള മാല ശിരസ്സില്‍ ധരിച്ചിരുന്നുവെന്ന് പറയുന്നുണ്ട്.

അതിശീതളിമ ഗുണമായുള്ള രാമച്ചം ശരീരത്തിനു തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

രാമച്ചം കഫത്തിന്റെയും പിത്തത്തിന്റെയും ആധിക്യം കുറയ്ക്കും. കയ്പും മധുരവും കലര്‍ന്ന രുചിയുള്ള രാമച്ചം ശരീരത്തില്‍ അടിയുന്ന മാലിന്യങ്ങള്‍ പുറന്തള്ളി കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നു.

ദുര്‍മ്മേദസ്സും കൊഴുപ്പും കുറയ്ക്കുന്നു. രക്തപ്രവാഹത്തെ സുഗമമാക്കുന്നു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നു. കടുത്തവയറുവേദന, ഛര്‍ദി, മൂത്രതടസ്സം, സന്ധിവാതം എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ്.

പ്രമേഹ രോഗത്തിനും രാമച്ചം വിശേഷപ്പെട്ടതാണ്. രാമച്ചം ഇട്ടുവെച്ച വെള്ളം ഒന്നാംതരം സുഗന്ധപൂരിതമായ ദാഹശമനിയാണ്. ആയുര്‍വേദത്തില്‍ ഉശീരാസവം, കുമാര്യാസവം, രാസ്‌നാദിചൂര്‍ണ്ണം, അണുതൈലം തുടങ്ങി അനേകം ഔഷധങ്ങളില്‍ രാമച്ചത്തിന്റെ വേര് ഒരു പ്രധാന ഘടകമാണ്.

രാമച്ചത്തിന്റെ വേരില്‍ നിന്നും നീരാവിസ്വേദനം  വഴി വേര്‍തിരിച്ചെടുക്കുന്ന എണ്ണ പൗരസ്ത്യ വാസനദ്രവ്യങ്ങളില്‍ വച്ച് ഏറ്റവും ആസ്വാദ്യകരമായിട്ടുള്ളതാണ്. വേരില്‍ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്.

vetiver1നീണ്ടുനില്‍ക്കുന്ന സ്വാഭാവിക സുഗന്ധം ഈ എണ്ണയുടെ പ്രത്യേകതയാണ്.

തൈലത്തിന്റെ അനുപമ സുഗന്ധത്തിന്റെ രഹസ്യം അതിലടങ്ങിയിട്ടുള്ള a–വെറ്റിവോണ്‍, ത്മ  വെറ്റിവോണ്‍ എന്നീ കീറ്റോണിക് സെസ്‌ക്യു ടെര്‍പീനുകളും വെറ്റിവെറോള്‍ എന്ന ആല്‍ക്കഹോളുമാണ്.

ഇവ കൂടാതെ ഏതാണ്ട് 150ല്‍പ്പരം രാസഘടകങ്ങള്‍ രാമച്ചതൈലത്തില്‍ അടങ്ങിയിരിക്കുന്നു. കൃത്രിമമായി നിര്‍മ്മിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമാണ് ഇതിന്റെ രാസഘടന.

ബ്ലെന്റ്റഡ് പേര്‍ഫ്യൂമുകളിലും, അത്തറിലും സുഗന്ധം ഏറെ നേരം നീണ്ടുനില്‍ക്കാന്‍ അടിസ്ഥാനതൈലമായി ചന്ദനതൈലത്തോടോപ്പമോ, പകരമായോ  ചേര്‍ക്കുന്നത് രാമച്ചതൈലമാണ്.

എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ച് വിശറി, തട്ടിക (കര്‍ട്ടന്‍), കിടക്ക, തലയിണ, യോഗാ മാറ്റ്, സ്‌ക്രബര്‍, മൊബൈല്‍ ഫോണ്‍ പൗച്ച്, ബാഗ്, എയര്‍ ഫ്രഷ്‌നര്‍  എന്നിവ ഉണ്ടാക്കുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂടുള്ള കാലത്ത് രാമച്ചനിര്‍മിതമായ തട്ടികളില്‍ ജലം തളിച്ച് അതിലൂടെ വായുവിനെ മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുന്നു. ഇത് മുറിക്കുള്ളില്‍ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകള്‍ കുട്ട, വട്ടി എന്നിവ നെയ്യാന്‍ ഉപയോഗിക്കുന്നുണ്ട്. ചെറുവീടുകളുടെ മേല്‍ക്കൂര മേയാനും രാമച്ചപ്പുല്ല് ഉപയോഗപ്പെടുത്തുന്നു.

ഒരു പുല്‍ വര്‍ഗ്ഗത്തില്‍പെട്ട രാമച്ചം പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്. വെറ്റിവെറിയ സൈസാനിയോയിഡസ് എന്നാണിതിന്റെ ശാസ്ത്ര നാമം. ഇന്ത്യ, ഇന്തോനേഷ്യ, ജാവ, ഹെയ്തി എന്നീ രാജ്യങ്ങളാണ് രാമച്ച കൃഷിയില്‍ മുന്‍നിരയിലുള്ളത്.

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍, പസഫിക് സമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡ്യന്‍ ദ്വീപുകള്‍, അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലും രാമച്ചം വിപുലമായി കൃഷിചെയ്യപ്പെടുന്നുണ്ട്. ഒരു സുഗന്ധസസ്യം എന്നതിലുപരി മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദവും ലാഭകരവുമായ ഒരു മാര്‍ഗ്ഗമായിട്ടാണ് ഇവിടങ്ങളില്‍ രാമച്ചത്തെ ഉപയോഗപ്പെടുത്തുന്നത്.

vetiver2പൂര്‍ണവളര്‍ച്ചയെത്തിയ രാമച്ചത്തിന് രണ്ടുമീറ്ററോളം ഉയരവും മൂന്നു മീറ്ററോളം നീളത്തില്‍ വേരും ഉണ്ടാകും. മിക്ക പുല്‍ച്ചെടികളുടെയും വേരോട്ടം മണ്ണിന്റെ മുകള്‍പ്പരപ്പിലാണ്.

എന്നാല്‍ രാമച്ചത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ വളര്‍ന്നിറങ്ങുന്നുണ്ട്. ഇടതൂര്‍ന്നു വളരുന്നതിനാല്‍ ഉപരിതല ജലത്തെയും തടഞ്ഞു നിര്‍ത്തും. ഇക്കാരണങ്ങളാലാണ് രാമച്ചത്തെ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗമായി ലോകമെമ്പാടും കണക്കാക്കുന്നത്.

ഭൂമി തട്ടുകളായി തിരിച്ച് കൃഷികള്‍ ചെയ്യുന്ന മലയോര പ്രദേശങ്ങളില്‍ ‘രാമച്ചഭിത്തികള്‍’ നിര്‍മ്മിക്കുന്നത് മണ്ണൊലിപ്പ് തടയാന്‍ വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്. ബണ്ടുകളുടെ ഉറപ്പിനും രാമച്ചം ഉപയോഗപ്പെടുത്താറുണ്ട്.

കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണൊലിപ്പ് നിവാരണത്തിലും രാമച്ചം ഉപയോഗപ്പെടുത്തുന്നുണ്ട്. മണ്ണിലും ജലത്തിലും അടങ്ങിയിട്ടുള്ള ഗാഢലോഹങ്ങളെ വലിച്ചെടുത്ത് മലിനീകരിക്കപ്പെട്ട മണ്ണിനേയും ജലാശയങ്ങളേയും ശുദ്ധമാക്കാന്‍ രാമച്ചത്തിനുള്ള കഴിവ് നമ്മള്‍ ഇനിയും പൂര്‍ണമായി  പ്രയോജനപ്പെടുത്തിയിട്ടില്ല.

You must be logged in to post a comment Login