നൃത്തം ജീവാമ്യതം

ബി.ജോസുകുട്ടി

സിദ്ധിഖ് -ലാല്‍ സംവിധായക ദ്വയത്തിന്റെ ആദ്യ സിനിമയായ ‘റാംജിറാവ് സ്പീക്കിംഗി’ലെ മേട്രന്‍ ചേച്ചിയെ ആ സിനിമ കണ്ടവരാരും അത്രവേഗം മറക്കാന്‍ സാധ്യതയില്ല. ശരണാലയത്തില്‍ താമസിക്കുന്ന അമ്മയെ ഗോപാലകൃഷ്ണന്‍ (മുകേഷ്)’കല്‍ക്കട്ട’യില്‍ നിന്നു വിളിക്കുമ്പോള്‍, മേട്രന്‍ ചേച്ചി കല്‍ക്കട്ടയില്‍ നിന്നു ഒരു കമ്പിളിപ്പുതപ്പു കൊണ്ടുവരാന്‍ ഗോപാലകൃഷ്ണനോടാവശ്യപ്പെടുന്ന സീന്‍. എത്ര അലറിപ്പറഞ്ഞിട്ടും കേള്‍ക്കുന്നില്ല…. കേള്‍ക്കുന്നില്ല…. എന്നു പറഞ്ഞു തടിതപ്പിയ ഗോപാലകൃഷ്ണന്റെ അടവ് മനസിലാക്കാതെ പോയ മേട്രന്‍ ചേച്ചിയുടെ പേര് ‘അമൃതം ഗോപിനാഥ്’ എന്നാകുന്നു. റാംജിറാവു സ്പീക്കിംഗ് ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളവതരിപ്പിച്ച അമൃതവല്ലിയെന്ന അമൃതം ഗോപിനാഥ് കേവലമൊരു അഭിനേത്രിമാത്രമല്ല, ഏഴാമത്തെ വയസ്സില്‍ കാലുകളില്‍ ചിലങ്കയണിഞ്ഞ മികച്ച നര്‍ത്തകിയുമാണ്. കലാരംഗത്തും സിനിമയിലും തിളങ്ങി നില്‍ക്കുന്ന അസംഖ്യം പ്രതിഭകളുടെ ഗുരുസ്ഥാനത്തും നില്‍ക്കുന്ന കലാകാരിയാണ് ഇപ്പോള്‍ എഴുപത്തഞ്ചാം വയസ്സിലും ചുവടുകള്‍ വെക്കുന്ന അമൃതം ഗോപിനാഥ്.

നൃത്തത്തിലും അഭിനയത്തിലും അതുല്യ പ്രതിഭകളായ തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത പത്മിനി രാഗിണിമാരുടെ നിര്‍ദ്ദേശപ്രകാരമാണ് അമൃതം നൃത്തം പഠിക്കാന്‍ തുടങ്ങിയത്. തിരുവിതാംകൂര്‍ സഹോദരിമാരിലെ ലളിത തന്നെ അമൃതത്തിന്റെ ആദ്യ ഗുരുവായി. ഭരതനാട്യത്തിന്റെ ആദ്യചുവട് പാഠങ്ങള്‍ ലളിത പഠിപ്പിക്കാന്‍ തുടങ്ങിയതോടെ അമൃതത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു വന്നു. തുടര്‍ന്നു അമൃതത്തെ നൃത്തം പഠിപ്പിച്ചവര്‍ മഹത്തായ പ്രതിഭാശാലികളായിരുന്നു. മോഹിനിയാട്ടം കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും, കുച്ചിപ്പുടി കലാമണ്ഡലം ചന്ദ്രികയും, കഥക് മണിപ്പൂരി ആര്‍.പി.വാര്യരും അമൃതയെ പഠിപ്പിച്ചു.ഇതിനിടയില്‍ കഥകളി പാഠങ്ങളും അമൃതം അഭ്യസിച്ചു. ഗുരു കുഞ്ചുക്കുറുപ്പും, തകഴി അയ്യന്‍ പിള്ളയുമായിരുന്നു ഗുരുക്കന്മാര്‍. അമ്പലപ്പുഴ ബ്രദേഴ്‌സിലെ കലാനിലയം രാമുണ്ണിയും അമൃതത്തിന്റെ പ്രഥമ ഗുരുനാഥന്മാരില്‍ ഉള്‍പ്പെടുന്നു. കഥകളിയില്‍ ‘പൂതനാ മോക്ഷം’ എന്ന കഥയില്‍ സ്ത്രീ വേഷമാണ് അമൃതം ആടിയത്.

ബാല്യകാലത്തു തന്നെ നൃത്തപരിശീലനം പൂര്‍ത്തിയാക്കിയ അമൃതം പത്താം വയസ്സു മുതല്‍ നൃത്താധ്യാപികയായി അരങ്ങേറ്റം കുറിച്ചു. തന്നേക്കാള്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുവരെ അമൃതം ഗുരുവായി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗുരു രാമകൃഷ്ണപ്പണിക്കരാണ് നൃത്തം പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളിലാണ് ആദ്യം നൃത്തം പഠിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. പന്ത്രണ്ടാമത്തെ വയസ്സില്‍ ‘നടന നികേതന്‍’ എന്ന പേരില്‍ ഒരു കലാസമിതി രൂപീകരിച്ച് കേരളത്തിലങ്ങോളമിങ്ങോളം നൃത്ത പരിപാടികളവതരിപ്പിച്ചു. കാവാലം നാരായണപ്പണിക്കരുടെ കൃതികളില്‍ ചിലത് നൃത്തനാടകമായി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭഗവത്ജ്ജകം, പഞ്ചതന്ത്രം, കാക്കാരിശ്ശി കൃഷ്ണ ലീല, അംബ ബാലി, ഭൂമി കന്യ എന്നീ നാടകങ്ങള്‍ കാവാലം നാരായണപ്പണിക്കരുടെ നിര്‍ദ്ദേശാനുസരണമാണ് രംഗത്തവതരിപ്പിച്ചത്. ഭൂമി കന്യ എന്ന നാടകത്തിന് വി. ദക്ഷിണാമൂര്‍ത്തിയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. കൂടാതെ ദേവദാസി, കനകം മൂലം കാമിനി മൂലം, അര്‍ജ്ജുന വിജയം, വനമാലി, സോപാനം, നല്ലതങ്ക, ദശാവതാരം, സോമതീര്‍ത്ഥം, ശാകുന്തളം, ആയോധനം, ചോറ്റാനിക്കര യക്ഷി, ഏകലവ്യന്‍, നമോ നാരായണ എന്നിങ്ങനെ മുപ്പതില്‍പ്പരം നൃത്ത നാടകങ്ങളാണ് അമൃതം ഗോപിനാഥ് സംവിധാനം ചെയ്ത് വേദികളിലവതരിപ്പിച്ചത്. അമൃതത്തിന്റെ ഭര്‍ത്താവ് ഗോപിനാഥമേനോന്‍, കളര്‍കോട് രാമചന്ദ്രന്‍, കണ്ടല്ലൂര്‍ ലക്ഷ്മണന്‍, കളര്‍കോട് മഹാദേവസ്വാമി,കളര്‍കോട് ചന്ദ്രന്‍ എന്നിവരായിരുന്നു നാടകകൃത്തുക്കള്‍.
നടനനികേതന്‍ എന്നപേര് കാവാലം നാരായണപ്പണിക്കരുടെ നിര്‍ദ്ദേശ പ്രകാരം ‘നൃത്യതി ‘എന്ന് പുനര്‍നാമകരണം ചെയ്താണ് മുന്നോട്ട് പോയത്. എല്ലാ ബാലെകളിലും ആണ്‍ വേഷമണിഞ്ഞാണ് അമൃതം പകര്‍ന്നാട്ടം നടത്തിയത്.

ആണ്‍ വേഷമിട്ട് കാണികളുടെ കയ്യടിയും പ്രശംസയും ഏറ്റുവാങ്ങിയ ധാരാളം സന്ദര്‍ഭങ്ങള്‍ അമൃതയുടെ കലാജീവിതത്തില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. ആലപ്പുഴ തണ്ണീര്‍മുക്കത്ത് ബാലെ അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ സദസ്സില്‍ നിന്നും വലിയ കൂവല്‍. പ്രണയരംഗങ്ങള്‍ വരുമ്പോഴാണ് കൂവല്‍. അമൃതം ആണ്‍വേഷത്തിലാണ്. സംഘാടകര്‍ സദസ്സിലെത്തി കാര്യമന്വേഷിച്ചു. പ്രേമരംഗങ്ങളില്‍ നായകന്‍ അതിരു കടന്ന് നായികയുമായി അഭിനയിക്കുന്നതാണ് പ്രേക്ഷകരെ പ്രകോപിതരാക്കിയത്. ഒടുവില്‍ ബാലെ ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. ഭാരവാഹികള്‍ വന്ന് അല്പം മയത്തില്‍ അഭിനയിക്കണമെന്നും ഇത്ര തുറന്ന അഭിനയം വേണ്ടെന്നും അമ്പലപ്പറല്ലേ… എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് കാണികള്‍ കൂവിയതിന്റെ കാര്യം സമിതിക്കാര്‍ക്കു മനസ്സിലായത്. തുടര്‍ന്ന് വിവരം മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. നായകനായി അഭിനയിക്കുന്നത് സ്ത്രീയാണെന്നും അത് അമൃതം ഗോപിനാഥാണെന്നും അങ്ങനെ അറിയിച്ചതിനു ശേഷമാണ് സദസ്സ് ശാന്തമായത്. ബാലെ കഴിഞ്ഞ് പ്രേക്ഷകരില്‍ ചിലര്‍ ഗ്രീന്‍ റൂമിലെത്തി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. അതുപോലെ മറ്റൊരു രസകരമായ സംഭവവും അമൃതം ഓര്‍ത്തെടുക്കുന്നു.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച് അമൃതത്തെ മികച്ച നടനായി തെരഞ്ഞെടുത്തു. ചലച്ചിത്ര നടി ശ്രീലതയാണ് സമ്മാനം നല്‍കിയത്. പുരുഷവേഷമുപേക്ഷിച്ച് സാരിയും ബ്ലൗസും ധരിച്ചാണ് സ്റ്റേജിലെത്തി സമ്മാനം ഏറ്റുവാങ്ങിയത്. അപ്പോള്‍ ശ്രീലതയുടെ ചോദ്യം വന്നു. ”നടന്റെ ഭാര്യയാണോ”? പുരുഷ വേഷം കെട്ടി അഭിനയിച്ച അമൃതം ഗോപിനാഥ് ഇതുതന്നെയാണ് എന്നു സംഘാടകര്‍ പറഞ്ഞപ്പോള്‍ ജാള്യത മറച്ചുവെച്ച് ശ്രീലത അഭിനന്ദിക്കുകയായിരുന്നു.

എറണാകുളം അയ്യപ്പന്‍കാവില്‍ വെച്ചുണ്ടായ മറ്റൊരു രസകരമായ അനുഭവം അമൃതം വിശദീകരിക്കുന്നു.ബാലെ തുടങ്ങും മുമ്പേ പരിപാടിയുടെ സ്‌പോണ്‍സര്‍ പ്രതിഫലത്തുക നല്‍കാന്‍ വന്നു. അമൃതം ആണ്‍ വേഷമണിഞ്ഞു നില്‍ക്കുകയാണ്.
”അളിയാ, പരിപാടി കാണണമെന്നുണ്ട്. പക്ഷേ സമയമില്ല. ദേ. പറഞ്ഞ അത്രയും തുകയുണ്ട്. പരിപാടി സൂപ്പറായിരിക്കണം കേട്ടോ.”എന്നു തോളത്ത് തട്ടി പറഞ്ഞു പോയി.” ശരി അളിയാ,”എന്ന് അമൃതവും പറഞ്ഞു. ‘പണം തന്നവന്‍ ഒരു ഷേക്ക് ഹാന്റും തന്നിട്ടാണ് പോയത്’ അമൃതം ഗോപിനാഥ് ഓര്‍ത്ത് ചിരിക്കുന്നു.

കൊച്ചി നായരമ്പലത്തു വെച്ച് ബാലെയുടെ ഇടവേളയില്‍ നടിമാര്‍ക്ക് കട്ടന്‍കാപ്പി കൊടുക്കാന്‍ വാളണ്ടിയര്‍മാര്‍ മത്സരിക്കുകയാണ്. ആണ്‍വേഷത്തിലായിരുന്ന എന്നെയോ മറ്റു നടന്മാരെയോ അവര്‍ ശ്രദ്ധിക്കുന്നതേയില്ല. ഒടുവില്‍ ഈ നില്‍ക്കുന്ന ആണുങ്ങളേയും കൂടി ഒന്നുമൈന്‍ഡ് ചെയ്യണേ എന്നു പറഞ്ഞതിനു ശേഷമാണ് ഞങ്ങള്‍ക്ക് കട്ടന്‍കാപ്പി കിട്ടിയത്.

അമൃതത്തിന്റെ രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴുള്ള അനുഭവം അവര്‍ ഓര്‍ത്തു പറഞ്ഞു.
ഭര്‍ത്താവ് ഗോപിനാഥ് സംവിധാനം ചെയ്ത സ്വന്തം സമിതിയുടെ ‘ഘോരവരം’ എന്ന ബാലെയുടെ ഉദ്ഘാടന പരിപാടിയിലാണ് സംഭവം. പ്രമുഖരുള്‍പ്പെട്ട സദസ്സിലാണ് അവതരണം നടക്കുന്നത്. നാടകത്തിനു വേണ്ടി പാടുന്നത് വൈക്കം ചന്ദ്രനും അമ്മിണിയുമാണ്.ചലച്ചിത്ര നടി മീനയുടെ അനുജത്തിയാണ് അമ്മിണി. ചന്ദ്രന്‍ മാസ്റ്റര്‍ക്ക് അസുഖമായി. പരിപാടി മാറ്റി വെക്കാനാവില്ല. ഇന്നത്തെ പോലെ റിക്കാര്‍ഡിംഗ് ഒന്നുമില്ല. ലൈവായി പാടണം. അമ്മിണി പാടുമെന്ന ഉറപ്പില്‍ പരിപാടി ആരംഭിച്ചു. എന്നാല്‍ പാട്ടുപടാന്‍ തുടങ്ങേണ്ട സമയത്ത് അമ്മിണി സ്തംബ്ധയായി പോയി. അവര്‍ക്ക് പാടാന്‍ കഴിയുന്നില്ല. പാട്ടു തുടങ്ങാതെ കഥാപാത്രമായ പാര്‍വ്വതിക്ക് രംഗത്തേയ്ക്ക് വരാന്‍ കഴിയില്ല. ഓര്‍ക്കെസ്ട്രാ പല തവണ തുടങ്ങിയിട്ടും പാട്ടു വരുന്നില്ല. സദസ്സില്‍ അപസ്വരങ്ങളുയരാന്‍ തുടങ്ങി. ഞാനും ആകെ വല്ലാതായി. പെട്ടെന്നാണ് സമനില വീണ്ടെടുത്ത് അമ്മിണിയെ തള്ളിമാറ്റി മൈക്കിനു മുന്നില്‍ പാടിത്തുടങ്ങി. പാട്ട് ഞാന്‍ നേരത്തെ പാടി റിഹേഴ്‌സലൊന്നും എടുത്തിരുന്നില്ല. പാടിക്കേട്ട പരിചയം മാത്രം. അങ്ങനെ രണ്ടര മണിക്കൂര്‍ ഞാന്‍ പാടി. ബാലെ കഴിഞ്ഞ് കര്‍ട്ടന്‍ വീണതോടെ ഞാന്‍ കുഴഞ്ഞു വീണു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ഡോക്ടര്‍ വന്ന് ആവശ്യമായ പരിചരണങ്ങള്‍ തന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഞാന്‍ നിറവയറുമായി അത്രയും സമയം ഇരുന്നുപാടിയതാണ് പ്രശ്‌നമായത്.

വിശ്രുത നടന്‍ പി.ജെ. ആന്റണിയുടെ ശാകുന്തളം, മുന്തിരിച്ചാറില്‍ കുറെ കണ്ണൂനീര്‍, ഉഴവുചാല്‍,ഞങ്ങളുടെ ഭരണം വരണമേ, ദൈവവും മനുഷ്യനും എന്നീ നാടകങ്ങളിലും എസ്. എല്‍. പുരം സദാന്ദന്റെ ഒരാള്‍ കൂടി കള്ളനായി,വിലകുറഞ്ഞ മനുഷ്യര്‍ എന്നീ നാടകങ്ങളിലും അമൃതം ഗോപിനാഥ് തന്റെ അഭിനയപാടവം പ്രകടിപ്പിച്ചു. നടന്‍ ബഹദൂര്‍ അഭിനയിച്ച ബല്ലാത്ത പഹയന്‍, മാണിക്യ കൊട്ടാരം, അടിയന്തരാവസ്ഥ എന്നീ നാടകങ്ങളില്‍ അമൃതം ഗോപിനാഥ് നൃത്ത സംവിധായികയായി.
സിനിമയുടെ ലോകത്ത്

1953 ല്‍ ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് നായകനായ വേലക്കാരന്‍ എന്ന സിനിമയില്‍ ബാലനടിയായി അഭിനയിച്ചുകൊണ്ടാണ് അമൃതം സിനിമയില്‍ പ്രവേശിക്കുന്നത്. ഇ. ആര്‍. കൂപ്പര്‍ ആയിരുന്നു സംവിധായകന്‍ തുടര്‍ന്ന് തിക്കുറുശ്ശിസുകുമാരന്‍ നായരുടെ ശരിയോ തെറ്റോ എന്ന ചിത്രത്തിലും അഭിനയിച്ചു. അമൃതത്തിന്റെ പതിനൊന്നാമത്തെ വയസ്സിലായിരുന്നു സിനിമാ പ്രവേശനം. പിന്നീട് പതിനെട്ടാമത്തെ വയസ്സില്‍ ഉദയായുടെ പ്രസിദ്ധ സിനിമയായ ‘ഉമ്മ’ യില്‍ ഉപനായികയായി തെരഞ്ഞെടുത്തെങ്കിലും ഒരു സംവിധായകന്റെ ഇടപെടല്‍ മൂലം ആ വേഷം കാഞ്ചന എന്ന നടിക്കു വിട്ടുകൊടുക്കേണ്ടി വന്നു. പക്ഷേ കുറച്ചു സീനുകളില്‍ അമൃതം നേരത്തെ അഭിനയിച്ചിരുന്നതിനാല്‍ പിന്നീട് സിനിമ റിലീസ് ചെയ്തപ്പോള്‍ ലോംഗ് ഷോട്ടുകൡലെ സീനുകള്‍ മാത്രം അമൃതം അഭിനയിച്ചത് ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇന്നും ലോംഗ് ഷോട്ടുകളില്‍ ഉപനായിക അമൃതം ഗോപിനാഥ് തന്നെയാണ്.
പിന്നീടാണ് നൃത്ത സംവിധായികയുടെ റോളിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം അമൃതം ഗോപിനാഥ് സിനിമയിലെത്തുന്നത്. അഭിനയ മോഹം ഉള്ളിലൊതുക്കി ഏറെ സിനിമകള്‍ക്കു വേണ്ടി നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി.
ഉദയാ ചിത്രങ്ങളായ മകം പിറന്ന മങ്ക, ആഴി, നവോദയ ചിത്രങ്ങളായ തച്ചോളി അമ്പു, മാമാങ്കം, പടയോട്ടം കൂടാതെ അഴിയാത്ത ബന്ധങ്ങള്‍, ഈണം മറന്ന കാറ്റ്, അകലങ്ങളില്‍, പോലീസ് ഡയറി, രണ്ടു മുഖങ്ങള്‍, തമിഴിലും പിന്നീട് തെലുങ്കിലും പ്രശസ്ത വിജയം നേടിയ ഓട്ടോഗ്രാഫ് എന്ന സിനിമയ്ക്കു വേണ്ടിയും അമൃതം നൃത്തസംവിധാനം നിര്‍വ്വഹിച്ചു. റാംജി റാവു സ്പീക്കിംഗില്‍ നൃത്തം പറഞ്ഞു കൊടുക്കാനാണ് അമൃതത്തെ വിളിച്ചതെങ്കിലും സംവിധായകരുടെ നിര്‍ദ്ദേശ പ്രകാരം ശരണാലയത്തിലെ മേട്രണ്‍ ആയി അമൃതം ജീവിക്കുകയായിരുന്നു. ആ സിനിമയ്ക്ക് മുമ്പും അതിനുശേഷവും ഒരുപിടി ചിത്രങ്ങളിലെങ്കിലും ചെറുവേഷങ്ങളിലഭിനയിച്ച അമൃതം ഗോപിനാഥിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത വേഷമാണ് റാംജീറാവ് സ്പീക്കിംഗിലെ ഏതാനും മിനിറ്റുകള്‍ മാത്രമുള്ള മേട്രണ്‍ വേഷം, ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, അനന്തവൃത്താന്തം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മക്കള്‍ മാഹാത്മ്യം എന്നിങ്ങനെ ചെറുവേഷങ്ങള്‍ ചെയ്ത സിനിമയുടെ ലിസ്റ്റ് നീണ്ടു പോകുന്നു.
പ്രശസ്തമായ ശിഷ്യസമ്പത്ത്
നൃത്തത്തിന്റെയും അഭിനയത്തിന്റെ പ്രാഥമിക പാഠങ്ങള്‍ മാത്രം സ്വായത്തമാക്കിയവര്‍ മുതല്‍ മുഴുവന്‍ പാഠങ്ങളും അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തില്‍ ഉള്‍ക്കൊണ്ടവരില്‍ ഇന്നു കലാരംഗത്തും ചലച്ചിത്ര വേദിയിലും തിളങ്ങിനില്‍ക്കുന്നവരാണ്. മലയാള സിനിമയിലെ എക്കാലത്തെയും പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഉദയായിലെയും നവോദയായിലെയും കുടുംബങ്ങളിലെ രണ്ടു തലമുറകളെ നൃത്തം പഠിപ്പിച്ച മഹാഗുരു ശ്രേഷ്ഠയാണ് അമൃതം ഗോപിനാഥ്. കൂടാതെ സിനിമാ അഭിനേത്രികളായ ജലജ, ദേവിചന്ദന, ശാലുമേനോന്‍, നടന്‍ കുഞ്ചാക്കോ ബോബന്‍, ഇപ്പോഴത്തെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍, കലാമണ്ഡലത്തില്‍ പ്രൊഫസറായിരുന്ന കലാമണ്ഡലം കവിത, പ്രശസ്ത നര്‍ത്തകിയും പ്രവാസിയുമായ പ്രേമാ ചന്ദ്രന്‍ എന്നിങ്ങനെ പ്രമുഖരായ ശിഷ്യരുള്‍പ്പെട്ട വന്‍ ശിഷ്യസമ്പത്തിന്റെ അവകാശിയുമാണ് അമൃതം ഗോപിനാഥ്. തെരുവോരങ്ങളില്‍ നിന്ന് അനാഥകുഞ്ഞുങ്ങളെ കണ്ടെത്തി അവരെ സംരക്ഷിക്കുന്ന ആലപ്പുഴ ശാന്തിഭവന്‍ മാനേജിംഗ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിനും അമൃതം ഗോപിനാഥിന്റെ ശിഷ്യനാണ്.
കുടുംബം
1942 ജൂണിലാണ് കൃഷ്ണപിള്ളയുടെയും നാണികുട്ടിയമ്മയുടെയും മകളായി അമൃതവല്ലിയെന്ന അമൃതത്തിന്റെ ജനനം. 1964 ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി.യില്‍ പ്രൊഫസറായിരുന്ന ഗോപിനാഥ് മേനോനുമായി വിവാഹം. നാലുമക്കള്‍. സംഗീത, സബിത, സന്ധ്യ, സന്തോഷ്. ഭര്‍ത്താവ് ഗോപിനാഥ് മേനോന്‍ 2000 -ല്‍ മരിച്ചു. ഇളയ മകനായിരുന്ന സന്തോഷ് മേനോന്‍ സിംഗപ്പൂര്‍ ബാസ്‌ക്കേഴ്‌സ് അക്കാദമിയില്‍ മൃദംഗം പ്രൊഫസറായി ജോലിയിലിരിക്കെ 39-ാംമത്തെ വയസ്സില്‍ നിര്യാതനായി. ഇപ്പോള്‍ പെണ്‍മക്കളുടെ വീട്ടില്‍ ആലപ്പുഴയിലും കാവാലത്തുമായി താമസിക്കുന്നു. ഈ എഴുപത്തഞ്ചാം വയസ്സിലും പുതുതലമുറയിലെ നൃത്ത പ്രേമികള്‍ക്ക് ആദ്യ ചുവടുകളുടെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. അതില്‍ സായൂജ്യവും നിര്‍വൃതിയും കണ്ടെത്തുന്നു. ഏറെ സിനിമകൡ നൃത്തസംവിധാനവും അഭിനയവും കാഴ്ച വെച്ചെങ്കിലും സിനിമയില്‍ കാര്യമായി എന്തെങ്കിലും ഈ കലാകാരിക്ക് ലഭിച്ചിട്ടില്ല. പല പ്രമുഖ ചലച്ചിത്ര സംവിധായകരുമായി അടുപ്പമുണ്ടെങ്കിലും അവരാരും സിനിമയില്‍ നല്ലവേഷം ചെയ്യാന്‍ ക്ഷണിച്ചിട്ടില്ലെന്നും അമൃതം ഗോപിനാഥ് പരിഭവത്തോടെ പറയുന്നു. തലമുറകളെ നൃത്തം പഠിപ്പിച്ച ഈ ഗുരുനാഥയെ നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
ഏഷ്യാനെറ്റിലെ പ്രശസ്തമായ പൊളിറ്റിക്കല്‍ സറ്റയര്‍ പരമ്പരയായ മുന്‍ഷിയില്‍ ഇദംപ്രഥമമായി ഒരു സ്ത്രീ കഥാപാത്രം രംഗപ്രവേശം നടത്തുന്നു. ചട്ടയും മുണ്ടും കവണിയും കാതുകളില്‍ കുണുക്കുമണിഞ്ഞ് ഒരു അമ്മ വരികയാണ്. ആ വേഷത്തെ അവതരിപ്പിക്കുന്നത് സാക്ഷാല്‍ അമൃതം ഗോപിനാഥ്.
1952 -ല്‍ പത്താമത്തെ വയസ്സില്‍ കവടിയാര്‍ കൊട്ടാരത്തില്‍ ചിത്തിര തിരുനാള്‍ മഹാരാജാവ്, അമ്മ മഹാറാണി, കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി, അനിയന്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പുരാന്‍ എന്നിവരടങ്ങുന്ന രാജസദസ്സില്‍ നൃത്തം ചെയ്ത് അവരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ ആ പെണ്‍കുട്ടി എഴുപത്തഞ്ചാം വയസ്സിലും കലാസ്വാദക ഹൃദയങ്ങളില്‍ നൃത്തമാടിക്കൊണ്ടിരിക്കുന്നു ഇടറാത്ത ചുവടുകളോടെ…

You must be logged in to post a comment Login