നൃത്ത നാട്യാഭിനയ ചക്രവര്‍ത്തി

നീരജ വര്‍മ്മ

ഭക്തി ഭാവനൃത്ത രൂപത്തിലൂടെ അഭിനയ ചക്രവര്‍ത്തിയായ ഈശ്വര്‍ പ്രസാദ് തന്റെ 64-ാം വയസ്സിലും ചലങ്കകെട്ടി സ്റ്റേജിലെത്തിയാല്‍ പിന്നെ നിറഞ്ഞാടുകയാണ്. ‘സമ്പ്രദായ ഭജന’ കളില്‍ അഭിനയത്തിലൂടെ ഭജനകളുടെ മൂല്യം കൂട്ടാനാകുമെന്ന ദര്‍ശനമാണ് അദ്ദേഹത്തെ ഈ കലാരീതിയിലേക്ക് എത്തിച്ചതെന്നു പറയാം. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യയായ പത്മശ്രീ ഡോക്ടര്‍ ശോഭാ നായിഡുവിന്റെ കീഴില്‍ കുച്ചിപ്പുടി ബാലെയായ കൃഷ്ണ പാരിജാതത്തില്‍ സത്യഭാമയായ ശോഭാ നായിഡുവിനോടൊപ്പം നാരദരായി നാല്പതോളം സ്റ്റേജുകളില്‍ അഭിനയിച്ച നൃത്താഭിനയ പാടവം അദ്ദേഹത്തിനൊരു മുതല്‍ക്കൂട്ടാണ്. പതിനെട്ടാം വയസ്സില്‍ ഭജനകളോടൊപ്പം തുടങ്ങിയ കലാസപര്യ പുതുക്കോട്ടെ ഗോപാലകൃഷ്ണ ഭാഗവതരുടെ സമ്പ്രദായ ഭജനാരീതിയെ അവലംബിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന എ.എല്‍. കൃഷ്ണമൂര്‍ത്തി ഭാഗവതരുടെ മേല്‍നോട്ടത്തില്‍ എട്ട് വര്‍ഷത്തോളം. പിന്നീട് ആറ് വര്‍ഷം ശോഭാനായിഡുവിന്റെ കുച്ചിപ്പുടി ട്രൂപ്പില്‍. ശേഷം സ്വന്തമായി ഭജനകളാരംഭിക്കുകയായിരുന്നു.
ഒന്നും പഠിക്കാതെയിരുന്നു നൃത്തചുവടുകളാദ്യം വെച്ചത്. ചിലങ്ക കെട്ടി സ്റ്റേജില്‍ കയറിയാല്‍ അപ്പോഴത്തെ മനോധര്‍മ്മമനുസരിച്ചായിരുന്നു നൃത്തരീതികള്‍. പിന്നീട് കുച്ചിപ്പുടി പഠിക്കാനിടയായപ്പോള്‍ അതും നൃത്തത്തിനുപകരിച്ചു. അഭിനയത്തിലൂടെ ഭജനകളുടെ മികവ് കൂട്ടാമെന്നദ്ദേഹം നേരത്തെ മനസ്സിലാക്കിയിരുന്നു. സമ്പ്രദായ ഭജനയില്‍ സദ്ഗുരു പുതുക്കോട്ടെ ഗോപാലകൃഷ്ണഭാഗവതരുടെ രീതിയാണവലംബിച്ചിരിക്കുന്നത്. 1919 ല്‍ പുതുക്കോട്ട ഗോപാലകൃഷ്ണ ഭാഗവതര്‍ ആരംഭിച്ച സമ്പ്രദായ ഭജനയുടെ സെഞ്ചുറിയായിരുന്നു. ഈ വര്‍ഷം ‘നരംസിംഹജയന്തി’ ഭജനോത്സവം എന്ന പേരില്‍ 2019 മെയ് മാസത്തില്‍ 10 ദിവസത്തോളം അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് ഭജനോത്സവം അരങ്ങേറുകയുണ്ടായി. ഗുരു ഗോപാലകൃഷ്ണഭാഗവതരുടെ മകനായ സജ്ജീവ് ഭാഗവതരും ശിഷ്യനായ എ.എല്‍.കൃഷ്ണമൂര്‍ത്തി ഭാഗവതരും ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നവരായിരുന്നു. എ.എല്‍.കൃഷ്ണമൂര്‍ത്തി ഭാഗവതരുടെ ശിഷ്യനായിട്ട് ഈശ്വര്‍ പ്രസാദ് അറിയപ്പെടുന്നത്.
1973 മുതലാണിദ്ദേഹം നാമസങ്കീര്‍ത്തന പ്രധാനമായ ഭജനകള്‍ തുടങ്ങിയത്. സമ്പ്രദായ ഭജനകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് കല്യാണോത്സവങ്ങളായിട്ടാണ്. ഭാഗവത പ്രധാനമാണവ. ദിവ്യനാമസങ്കീര്‍ത്തനം, രുഗ്മിണീ കല്യാണം, രാധാകല്യാണം, സീതാകല്യാണം, പത്മാവതീകല്യാണം, ലക്ഷ്മീനരസിംഹകല്യാണം, വള്ളീ കല്യാണം, മീനാക്ഷികല്യാണം, വസന്തോത്സവം എന്നിങ്ങനെയൊക്കെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈശ്വര്‍ പ്രസാദിന്റെ സ്വന്തം സൃഷ്ടിയാണീ നൃത്തനാട്യം.
നൃത്തത്തോട് കൂടിയ അഭിനയം. മേയ്ക്കപ്പില്ലാതെ സ്റ്റേജിലേക്കു വരികയും സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാവുകയും ഇഷ്ടപ്പെടുകയും ചെയ്യാവുന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന നൃത്തനാട്യാവിഷ്‌കാരം ഇതുകൊണ്ട് ഭജനകളുടെ ആത്മീയമൂല്യം വര്‍ദ്ധിപ്പിക്കാമെന്നദ്ദേഹത്തിന് തോന്നി. ദൈവികമായതെന്തും പ്രകൃതിദത്തമാണെന്നും അവസത്യസന്ധമാണെന്നുമുള്ള വീക്ഷണമാണദ്ദേഹത്തിന്. കേരളത്തിനകത്ത് ഭജനോത്സവങ്ങള്‍ വളരെ ചുരുക്കമായേ നടക്കുന്നുള്ളു എങ്കിലും പുറത്ത് ഇവ പ്രചുരപ്രചാരമാണ്. പാലക്കാട് കല്‍പ്പാത്തിയില്‍ എല്ലാ വര്‍ഷവും ഭജനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്, ഇവിടുത്തെ പരദേശി ബ്രാഹ്മണരുടെ ഗ്രാമങ്ങളില്‍ നിന്ന് ഭജനോത്സവങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്.
ഭാഗവതാടിസ്ഥാനത്തിലുള്ള കല്യാണോത്സവങ്ങളില്‍ ഭാഗവതര്‍ സീതാകല്യാണത്തിലെ സീതയായും രാമനായുമൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് മാറുന്നത്. നവരസങ്ങള്‍ മിന്നിമറയുന്ന മുഖം. നെറ്റിയില്‍ സിന്ധൂരകളഭാദികളോടെയുള്ള ഗോപിക്കുറി, പഞ്ചഗജമെന്നു പറയുന്ന കളര്‍ഫുള്ളായ കോട്ടണ്‍ പാളസ്സാറുടുത്ത് വേഷ്ടികൊണ്ട് അരയില്‍ കെട്ടി, മറ്റൊരു വേഷ്ടികൊണ്ട് മാറിടം മറച്ച് നിറമുള്ള ഒരു സില്‍ക്ക് ഷാള്‍ കഴുത്തിലിട്ട് കൈവിരലുകളിലും കാല്‍പാദങ്ങളിലും ചുവന്ന ചായക്കൂട്ടും മാത്രമണിഞ്ഞാണ് ഭാഗവതര്‍ സ്റ്റേജിലെത്തുന്നത്. വസന്തോത്സവത്തില്‍ പത്മാവതീ ദേവിയായി വരുമ്പോള്‍ സാല്‍വ പുതച്ച് കഴുത്തിലൂടെ ഷാളിട്ട് പൂമാലയും ധരിച്ച് നില്‍ക്കുന്ന ഈശ്വര്‍ പ്രസാദ് ഭാഗവതര്‍ മദ്ധ്യവയസ്‌കനല്ല, യൗവ്വനയുക്തയായ പത്മാവതീദേവിയാണ്. ലളിതമായ പദവിന്യാസം, ചടുലമായ ചലനങ്ങള്‍, നവരസങ്ങള്‍ മിന്നിമറയുന്ന മുഖം. സ്റ്റേജിലെ ഭാഗവതര്‍ മനസ്സില്‍ ഒരു കുളിര്‍മഴതന്നെയാവുന്നു.
കുടുംബം
ഈശ്വരന്‍ കനിഞ്ഞരുളിയ വരപ്രസാദമാണദ്ദേഹത്തിന് കുടുംബം. കര്‍ണ്ണാടകസംഗീതജ്ഞയും സംഗീതത്തില്‍ പോസ്റ്റ് ഗ്രാഡ്വേറ്റെടുത്ത് സംഗീതാദ്ധ്യാപകയുമായ ഭാര്യ ചിദ്രുലക്ഷ്മി. അവര്‍ക്ക് രണ്ടാണ്‍മക്കള്‍. മൂത്തപുത്രനായ ജെ.എസ്.പരേഖ് അച്ഛന്റെ പാതയിലും ഇളയവനായ ശ്രീറാം അമ്മയുടെ പാതയിലുമാണ്. ഐ.ടി.എഞ്ചിനീയര്‍ കൂടിയായ പരേഖിന്റെ ഭാര്യ സരോജവും മൂസിക്കില്‍ പോസ്റ്റ് ഗ്രാഡ്വേഷന്‍ കഴിഞ്ഞ സംഗീതാദ്ധ്യാപികയും പാട്ടുകാരിയുമാണ്. ശ്രീറാം ഭജനകളില്‍ അച്ഛനും ജേഷ്ഠനും വേണ്ടി പാടുകയും ഒപ്പം കര്‍ണ്ണാട്ടിക് സംഗീതത്തില്‍ പി.എച്ച്.ഡി ചെയ്യുകയും ചെയ്യുന്നു. ഈശ്വര്‍പ്രസാദിന്റെ പൗത്രിയും പരേഖിന്റെ പുത്രിയുമായ സര്‍വ്വമംഗള എന്ന അഞ്ചു വയസ്സുകാരിയും ഈ സംഗീത നൃത്തവഴിയിലുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ശ്രീറാം പറയുമ്പോള്‍ ആകാശവാണിയിലെ ബി.ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. ഹൈദരബാദിലെ ഡി.എ.വി പബ്ലിക് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇഗ്നോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ബി.എ ഡിഗ്രിയെടുക്കുകയും പോറ്റി ശ്രീരാമലു തെലുങ്കു യൂണിവേഴ്‌സിറ്റിയില്‍ മ്യൂസിക്കില്‍ എം.എ.എടുക്കുകയും ഇഗ്നോയില്‍ നിന്ന് ഇംഗ്ലീഷില്‍ എം.എ കംപ്ലീറ്റ് ചെയ്ത് മ്യൂസിക്കില്‍ പി.എച്.ഡി ചെയ്യുകയും ചെയ്യുന്നു. ആന്ധ്രയിലെ പല പ്രസിദ്ധമായ സഭകളിലും ഇന്ത്യയിലുടനീളവും വിദേശരാജ്യങ്ങളിലും പാടിക്കൊണ്ടിരിക്കുന്നു. ഹൈദരബാദ്, ഗുണ്ടൂര്‍, വിജയവാഡ അങ്ങിനെ തുടങ്ങിയാല്‍ കേരളത്തില്‍ കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ പോലും ശ്രീറാമിന്റെ കച്ചേരികള്‍ അരങ്ങേറിയിട്ടുണ്ട്.
റെയില്‍വേ ഉദ്യോഗസ്ഥനായ വീരരാഘവ അയ്യരുടെയും അവമേലുമകമ്മയുടെയും പുത്രനായി ആന്ധ്രയില്‍ ജനിച്ച ഈശ്വര പ്രസാദ് ഹൈദരബാദിലാണ് ജീവിക്കുന്നത്. സംഗീതത്തിനുവേണ്ടി ഇദ്ദേഹത്തിന്റെ കീഴില്‍ ഒരു ‘സമ്പ്രദായ ഭജന ട്രസ്റ്റ്’ ഉണ്ട്. സംഗീതവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇവര്‍ നല്‍കുന്ന പ്രോത്സാഹനം പ്രശംസനീയമാണ്. ഓരോ മാസവും മ്യൂസിക്കല്‍ പ്രോഗ്രാം നടത്തുന്നതിനൊപ്പം സദ്ഗുരുനാരായണതീര്‍ത്ഥ ആരാധനാ ത്യാഗരാജാരാധന, സംഗീത മഹോത്സവം ഇവയൊക്കെ നടത്തുന്നുണ്ട്. കര്‍ണ്ണാട്ടിക് സംഗീതവും ക്ലാസ്സിക് സംഗീതവും നാമസങ്കീര്‍ത്തനവുമടങ്ങുന്ന 7 ദിവസത്തെ പരിപാടിയാണ് സങ്കീര്‍ത്തനോത്സവ്. നാരായണ തീര്‍ത്ഥോത്സവ് മാഘമാസത്തില്‍ നടത്തുന്നു. സദ്ഗുരുനാരായണതീര്‍ത്ഥ സ്വാമി ആരാധന, ത്യാഗരാജാരാധന ഇവ മാര്‍ഗഴി മാസത്തിലും. ഈ ഉത്സവങ്ങളെല്ലാം പുതുതലമുറക്ക് സംഗീതമെന്ന കലയില്‍ വളരാന്‍ അവരുടെ കഴിവുകള്‍ മികവുറ്റതാക്കാന്‍ അവസരങ്ങളൊരുക്കുന്നു.
സ്വരഭംഗിമ
കര്‍ണ്ണാടക സംഗീതത്തിന്റെ ഉന്നമനത്തിനായി ചില സ്ഥാപനങ്ങളും നടത്തുന്നുണ്ട്. കോലാപൂര്‍, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഓരോന്നും ഹൈദ്രബാദില്‍ ബാക്കിയുള്ളവയുമായി ഏതാണ്ട് പത്തോളം സ്ഥാപനങ്ങള്‍ നടത്തിവരുന്നു. ഇവയുടെയെല്ലാം പേരുകളുടെ ആരംഭം ‘സ്വര’ ത്തില്‍ തുടങ്ങുന്നു എന്നത് പ്രത്യേകതയാണ്. ഇവയിലാദ്യത്തേത് ‘സ്വരഭംഗിമ’ അദ്ദേഹത്തിന്റെ വീടുതന്നെയാണ്. എല്ലാ ഞായറാഴ്ചയും ഏതാണ് പതിനഞ്ചോളം കുട്ടികളെ ഇവിടെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു.
സ്വരത്തില്‍ തുടങ്ങുന്ന പത്തോളം സെന്ററുകളിലായി മുന്നൂറോളം ശിഷ്യഗണങ്ങളുണ്ട്. എല്ലാം നിയന്ത്രിച്ചു പോകുന്നത് ഈശ്വര്‍ പ്രസാദ് ഭാഗവതരുടെ കുടുംബത്തിലുള്ളവര്‍ തന്നെയാണ്. അഞ്ചോളം പുതിയ സെന്ററുകള്‍ കൂടെ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള തയ്യാറെടുപ്പിലാണിവര്‍. ഒരെണ്ണം ചെന്നൈയിലായിരിക്കും. അവിടെ സംഗീതം നിറയെ ഉണ്ടെങ്കിലും സമ്പ്രദായഭജനയിലുള്ള പഠനത്തിന് കുറവുണ്ട്. കേരളത്തിലേക്ക് വരികയാണെങ്കിലും അത് പാലക്കാട് കല്പാത്തിയിലോ നൂറണിയിലോ ആകാനാണ് സാദ്ധ്യത. ശിഷ്യഗണങ്ങളില്‍ ആരെങ്കിലും താല്പര്യമെടുത്താല്‍ എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു അദ്ദേഹം. ഏതാണ്ടഞ്ഞൂറ് ശിഷ്യഗണങ്ങളെങ്കിലും ഉണ്ടാവണമെന്നാണദ്ദേഹത്തിന്റെ ആഗ്രഹം.
ആകുള്ളൈ മല്ലികാര്‍ജ്ജുന ഭാഗവതരുടെ ശൈലി കര്‍ണ്ണാട്ടിക് സംഗീതത്തില്‍ പിന്തുടരുമ്പോഴും സമ്പ്രദായ ഭജനകളില്‍ പുതുക്കോട്ടെ ഗോപാകൃഷ്ണ ഭാഗവതരുടെ ശൈലി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ രണ്ടു കണ്ണുകളായി ഈ രണ്ടുഗുരുക്കന്മാരെ കാണുമ്പോഴും വീക്ഷണം ഒന്നുതന്നെയാണ്. ആത്മീയം. നൃത്തനാട്യങ്ങളുടെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ത്യാഗരാജന്‍, നാരായണതീര്‍ത്ഥര്‍, പുരാന്തരദാസന്‍, നാമദേവ്, തുക്കാറാം, ഊക്കാടുവെങ്കടുകവി എന്നിവരുടെ കൃതികള്‍ക്കൊപ്പം കൃഷ്ണകര്‍ണ്ണാമൃതം, രാമകര്‍ണ്ണാമൃതം, നാരായണീയം, ഭഗവദ്ഗീത, എന്നിവയിലെ കഥകളും, കവിതകളും കൂടാതെ പ്രഹ്‌ളാദന്‍, കുചേലന്‍, ഗജേന്ദ്രന്‍ ത്യാഗരാജന്‍, രാമദാസ എന്നീ ഭക്തകഥകളും കൂടിച്ചേര്‍ന്നതാണ്. സ്വയം രൂപപ്പെടുത്തിയ ഒറ്റയാള്‍ നൃത്തമാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ കഥയുടെ ഭാവത്തിനനുസരിച്ച് രണ്ടോ മൂന്നോ പേരുള്ള സംഘങ്ങളായും അരങ്ങേറാറുണ്ട്. നൃത്ത-നാട്യ ശിഷ്യപ്രമുഖരില്‍ മൂത്തപുത്രനായ ജെ.എസ്.പരേഖിനെ കഴിഞ്ഞാല്‍ പാലക്കാടു പുതുക്കോടുകാരനായ പി.എസ്. ശ്രീറാം നാരായണനും കല്‍പ്പാത്തിക്കാരനായ കൃഷ്ണമണിയുമാണുള്ളത്.
പത്മശ്രീ ഡോക്ടര്‍ ശോഭാനായിഡുവിന്റെ സത്യഭാമയോടൊപ്പം കൃഷ്ണപാരിജാതം ബാലെയില്‍ നാരദനായി നാല്പതോളം സ്റ്റേജുകളിലെത്തിയ ഈശ്വര പ്രസാദിന് ദേവ സംഗീതജ്ഞനായ നാരദരുടെ പാരമ്പര്യം തന്നെ അനുഗ്രഹമായിട്ടെത്തിയോ? നാരാണനാമം ജപിച്ചുനടന്ന നാരദരെപ്പോലെ ഭജനോത്സവങ്ങളില്‍ തന്റെ നൃത്തനാട്യാഭിനയം കൊണ്ടുണ്ടാവുന്ന ചിലങ്കയുടെ നാദം ജനമനസ്സുകളില്‍ അമൃതവര്‍ഷമാകട്ടെ.

You must be logged in to post a comment Login