നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. തൊടുപുഴ സിജെഎമ്മിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മജിസ്‌ട്രേറ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ജൂൺ പതിനഞ്ചിന് രാത്രി 9.30 ന് അറസ്റ്റ് ചെയ്ത പ്രതി രാജ്കുമാറിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പിറ്റേ ദിവസം രാവിലെ 10.40 നാണ്. രാജ്കുമാറിനെ 24 മണിക്കൂറിലധികം കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി രേഖകൾ പരിശോധിച്ചില്ല. പ്രതിയെ മജിസ്‌ട്രേറ്റ് കണ്ടത് പൊലീസ് ജീപ്പിനുളളിൽവച്ചാണ്. വിശദമായ പരിശോധനകളൊന്നും മജിസ്‌ട്രേറ്റ് നടത്തിയില്ലെന്നും സിജെഎം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മജിസ്‌ട്രേറ്റ് സമാനമായ വീഴ്ച മുൻപും വരുത്തിയെന്നും സിജെഎം റിപ്പോർട്ടിൽ പറയുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചുവെന്ന് മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. അവശനിലയിലായ രാജ്കുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം എന്തിന് റിമാൻഡ് ചെയ്തുവെന്ന് അന്വേഷിക്കാൻ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിജെഎം അന്വേഷണം നടത്തുകയും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.

You must be logged in to post a comment Login