നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം സിബിഐ ഏറ്റെടുത്തു

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊച്ചി സിജെഎം കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ 2019 ജൂൺ 21നാണ് പീരുമേട് സബ് ജയിലിൽ വച്ച് മരിച്ചത്. രാജ്കുമാറിന്റെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും. ക്രൈബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐ കെ.എ സാബു അടക്കം നാല് പേരാണ് അറസ്റ്റിലായത്.

2019 ഓഗസ്റ്റ് 14നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനം വന്നത്. പൊലീസുകാർ പ്രതികളായ കേസ് എന്ന നിലയിലായിരുന്നു അന്വേഷണം സിബിഐക്ക് വിട്ടത്.

You must be logged in to post a comment Login