നെയ്മറുടെ അരങ്ങേറ്റ മത്സരത്തില്‍ ബാര്‍സയ്ക്കു സമനില

വാഴ്‌സോ: ബാര്‍സിലോനാ ജേഴ്‌സിയിലെ നെയ്മറുടെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു. പോളിഷ് ക്ലബ്ബായ ലെച്ചിനിയ്‌ക്കെതിരായ മത്സരത്തില്‍ 2-2 നാണ് ബാര്‍സ സമനിലയില്‍ എത്തിയത്. 78ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം അലക്‌സിസ് സാഞ്ചസിനു പകരക്കാരനായിറങ്ങിയ നെയ്മര്‍ ഗോളൊന്നും നേടിയില്ലങ്കിലും മികച്ച ചില നീക്കങ്ങളുമായി തന്റെ വരവറിയിച്ചു.

അതേസമയം നന്നായി കളിച്ചെങ്കിലും താരതമ്യേന ദുര്‍ബല ക്ലബ്ബായ ലെച്ചിനെതിരെ വിജയിക്കാന്‍ ബാര്‍സയ്ക്കായില്ല. സെര്‍ജിയൊ റൊബര്‍ട്ടൊ ബാര്‍സയുടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാം ഗോള്‍ സൂപ്പര്‍ താരം മെസ്സിയുടെ വകയായിരുന്നു. 2-1 ന് പിന്നില്‍ നിന്ന ബാര്‍സയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത് ഈ ഗോളാണ്.
മെസ്സിയും നെയ്മറും ഒന്നിച്ചുള്ള മുന്‍ നിര നീക്കങ്ങള്‍ കാണാനെത്തിയ കാണികള്‍ക്ക് പക്ഷെ നിരാശയായിരുന്നു ഫലം.

മെസ്സിയെ തിരിച്ചു വിളിച്ചു കഴിഞ്ഞാണ് നെയ്മര്‍  കളത്തിലിറങ്ങിയത്. ലോക ഫുട്‌ബോളര്‍ മെസ്സിയും ഒരു പക്ഷെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായേക്കാവുന്ന നെയ്മറും ഒന്നിച്ചുള്ള കളികള്‍ ആളെ കൂട്ടുമെന്നതിനു തെളിവായിരുന്നു നിറഞ്ഞു  കവിഞ്ഞ  സ്റ്റേഡിയം .അതേ സമയം ബാര്‍സയുടെ പുതിയ കോച്ചായി ചുമതലയേറ്റ ജെറാര്‍ദൊ മാര്‍ട്ടിനൊ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. നെയ്മറുടെ പഴയ കഌബായ സാന്റോസുമായി വെള്ളിയാഴ്ച നൂകാംപില്‍ നടക്കുന്ന മത്സരത്തില്‍ മാര്‍ട്ടിനൊ  ടീമിനൊപ്പം ചേരുമെന്നാണ് ബാര്‍സയില്‍ നിന്നും അറിയുന്നത്.

You must be logged in to post a comment Login