നെയ്മറുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കവാനി

പിഎസ്ജിയില്‍ എത്തിയ ശേഷം നെയ്മര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ടീമിലെ സൂപ്പര്‍ താരം കവാനിയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. സ്‌പോട് കിക്ക് എടുക്കുന്നതില്‍ നെയ്മറും കവാനിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൈതാനത്ത് വരെ വെളിപ്പെട്ടു. പിഎസ്ജി പരിശീലകരും മറ്റും സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സത്യമല്ലെന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാല്‍ കവാനി തന്നെ നെയ്മറുമായുള്ള പ്രശ്‌നങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

നെയ്മറുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതു തങ്ങള്‍ പരസ്പരം സംസാരിക്കുകയും ചെയ്തുവെന്നാണ് കവാനി വെളിപ്പെടുത്തിയത്. നെയ്മര്‍ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണു താനെന്നും എന്നാല്‍ ടീമിന്റെ ലക്ഷ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്ന് താന്‍ പറഞ്ഞതായും കവാനി വെളിപ്പെടുത്തി. ഞാനൊരു ഫുട്‌ബോള്‍ താരമല്ല, ഫുട്‌ബോള്‍ തൊഴിലാളിയാണെന്നും അതു കൊണ്ടു തന്നെ സഹതാരങ്ങള്‍ക്ക് നേട്ടമുണ്ടാകുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അതിനു വേണ്ടി നില്‍ക്കാന്‍ തയ്യാറായിയെന്നും കവാനി പറഞ്ഞു.

പിഎസ്ജിയുടെ നേതൃത്വവും സ്‌പോട് കിക്കുകള്‍ നെയ്മര്‍ക്കു വിട്ടു നല്‍കണമെന്ന ആവശ്യം സൂചിപ്പിച്ചതായാണ് കവാനി വെളിപ്പെടുത്തിയത്. അതേ സമയം നെയ്മറെ സ്വന്തം കാണികള്‍ വരെ കൂക്കി വിളിക്കുന്നത് തനിക്ക് അലോസരമുണ്ടാക്കാറുണ്ടെന്നും കവാനി പറഞ്ഞു. പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ് കവാനി. പിഎസ്ജി പരിശീലകന്‍ എമറി ഈ സീസണില്‍ ടീം വിടുന്നതോടെ കവാനിയും ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

You must be logged in to post a comment Login