നെയ്യാറ്റിന്‍കര കൊലപാതകത്തിന് ശേഷം ഡിവൈഎസ്പി ഒളിവില്‍പോയത് ഔദ്യോഗിക റിവോള്‍വറുമായി; ഇത് അപകടമുണ്ടാക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് വാഹനമിടിച്ച് മരിച്ച ശേഷം ഡിവൈഎസ്പി ഒളിവില്‍പോയത് ഔദ്യോഗിക റിവോള്‍വറുമായി. ഇത് അപകടമുണ്ടാക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഡിവൈഎസ്പി ഹരികുമാര്‍ രക്ഷപെട്ടത് എസ്പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസ്പി കെ.എം. ആന്റണിക്കാണ് ചുമതല.

പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഹരികുമാര്‍ മധുരയിലേക്ക് കടന്നതായുള്ള സൂചകളെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു.

കൊടുങ്ങാവിളയില്‍ സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട കൊന്ന കേസില്‍ ഡിവൈ.എസ്.പി ഹരികുമാറിനെതിരായ അന്വേഷണം നടത്താന്‍ ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ഇതര സംസ്ഥാനങ്ങളിലേക്ക് ഹരികുമാര്‍ കടന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പ്രതി സംസ്ഥാനം വിട്ടെന്ന സൂചനയേത്തുടര്‍ന്ന് അന്വേഷണ സംഘം ഇന്നലെ മധുരയിലേയ്ക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ഹരികുമാറിന്റെ ബന്ധുക്കളുടെ ഫോണ്‍ കോളുകളും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്.കേസിന്റെ ഗൗരവം ഹരികുമാറിന്റെ ബന്ധുക്കളെ പൊലീസ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു. കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുന്‍പ് പൊലീസിന് മുന്‍പിലോ കോടതിലോ പ്രതി കീഴടങ്ങാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

You must be logged in to post a comment Login