നെയ്യാറ്റിൻകര ആത്മഹത്യ: ഭർത്താവടക്കം നാലു പേർ അറസ്റ്റിൽ

നെയ്യാറ്റിൻകര: മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്‍ത സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. അമ്മയും മകളും ആത്മഹത്യ ചെയ്തതിന് പിന്നില്‍ ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് പോലീസ് വെളിപ്പെടുത്തി. കുടുംബ പ്രശ്‍നങ്ങളാണ് ആത്മഹത്യയ്‍ക്ക് പിന്നിലെന്ന് കാണിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്.

ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത,ഭർത്താവ് കാശിനാഥൻ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കാനറ ബാങ്കിൻെറ ജപ്‍തി ഭീഷണിയെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ലേഖ (40), മകൾ വൈഷ്ണവി (19) എന്നിവര്‍ തീകൊളുത്തി മരിക്കാന്‍ കാരണമെന്നാണ് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാല്‍, വായ്‍പയ്‍ക്ക് പുറമെ കുടുംബാംഗങ്ങൾ തങ്ങളെ പീഡിപ്പിച്ചിരുന്നെന്ന് അമ്മയുടെയും മകളുടെയും ആത്മഹത്യാ കുറിപ്പിൽ നിന്ന് വ്യക്തമായി.

സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചതായും ഭര്‍ത്താവ് കാനറ ബാങ്കിൽ നിന്നെടുത്ത വായ്‍പ തിരിച്ചടക്കാൻ ഒന്നും ചെയ്‍തില്ലെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ആത്മഹത്യാകുറിപ്പിലുണ്ട്. കൂടാതെ മന്ത്രവാദം നടത്തിയിരുന്നതായും കത്തിൽ പറയുന്നു.പോലീസ് പിടിയിലായ പ്രതികളുടെ പേര് പ്രത്യേകം പരാമര്‍ശിച്ച് ആത്മഹത്യ ചെയ്‍ത മുറിയുടെ ചുവരില്‍ ഇവര്‍ എഴുതുകയും ചെയ്‍തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് രണ്ടുപേരും ആത്മഹത്യ ചെയ്‍തത്. നെയ്യാറ്റിൻകര കാനറാ ബാങ്കിൽ നിന്ന് 15 വർഷം മുമ്പ് അഞ്ച് ലക്ഷം രൂപയാണ് ഇവർ വായ്‍പ എടുത്തത്. പലിശസഹിതം ആറ് ലക്ഷത്തി എൺപതിനായിരം രൂപയാണ് തിരിച്ചടയ്‍ക്കേണ്ടിയിരുന്നത്.

വീടും വസ്തുവകകളും ജപ്‍തി ചെയ്യുമെന്ന് ബാങ്കിൽ നിന്ന് നോട്ടീസ് വന്നു. വായ്‍പ തിരിച്ചടയ്‍ക്കാന്‍ വീട്ടുകാർ സാവകാശം ചോദിച്ചിരുന്നു. മെയ് പത്താം തീയതി ബാങ്ക് അധികൃതർ വീട്ടിലെത്തിയപ്പോഴാണ് സാവകാശം ചോദിച്ചത്. ഒടുവിൽ മെയ് 15 വരെയാണ് സാവകാശം ലഭിച്ചിരുന്നത്. ആത്മഹത്യ ചെയ്‍ത അമ്മയുടെയും മകളുടെയും പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം സംസ്‌കാരചടങ്ങുകൾ പൂർത്തിയായി.

You must be logged in to post a comment Login