നെയ്യാറ്റിൻകര ആത്മഹത്യ: മകൾ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ്

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് ജപ്‍തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കനറ ബാങ്ക് അധികൃതര്‍ക്കെതിരെ ആരോപണവുമായി ഗൃഹനാഥൻ ചന്ദ്രൻ . മകൾ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യയെ വിളിച്ചിരുന്നുവെന്നും ചന്ദ്രൻ വ്യക്തമാക്കി.

വായ്‍പാ തിരിച്ചടവ് രേഖയിൽ മകളുടെയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചു. ഭാര്യയെ നിരന്തരം വിളിച്ചതിനുള്ള തെളിവ് മൊബൈൽ ഫോൺ പരിശോധിച്ചാൽ മനസിലാകുമെന്നും ചന്ദ്രൻ വെളിപ്പെടുത്തി.

അതേസമയം ചന്ദ്രൻ്റെ ആരോപണം നിഷേധിച്ച് ബാങ്ക് അധികൃതര്‍ രംഗത്തെത്തി. മകൾ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനാണ് വീട്ടിലെത്തി ഒപ്പ് വാങ്ങിച്ചത്. ഈ ഘട്ടത്തിൽ സാക്ഷിയായി പോലും ഉണ്ടായിരുന്നില്ലെന്നും ബാങ്ക് അധികൃതര്‍ വിശദീകരിച്ചു.

You must be logged in to post a comment Login