നെല്‍കൃഷി കൂട്ടിയതും കുട്ടനാട്ടിലെ പ്രളയത്തിനു കാരണം; പുനര്‍വിചിന്തനം വേണമെന്ന് പി.എച്ച് കുര്യന്‍

കോട്ടയം: നെല്‍കൃഷി വര്‍ധിപ്പിച്ച കൃഷിവകുപ്പിനെതിരെ പരസ്യവിമര്‍ശനവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍. 20,000ല്‍ നിന്ന് നെല്‍കൃഷി 30,000 ഹെക്ടറിലേക്ക് വര്‍ധിപ്പിച്ചപ്പോള്‍ വെള്ളത്തിന്റെ ഇടമാണ് നഷ്ടമായത്. ഇത് പരോക്ഷമായി പ്രളയത്തെ സഹായിച്ചുവെന്നും കുര്യന്‍ പറഞ്ഞു.

കുട്ടനാട്ടിലെ നെല്‍കൃഷി ഇപ്പോള്‍ നഷ്ടത്തിലാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുന്നത് ഉചിതമാവുമെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ നെല്‍കൃഷിയില്‍നിന്നു വരുമാന നഷ്ടമാണുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രളയ ബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനര്‍നിര്‍മാണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുര്യന്‍.

മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ മോഡറേറ്ററായ ചടങ്ങില്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി പത്മകുമാര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് പങ്കെടുത്തു.

You must be logged in to post a comment Login