നെഹ്റു അന്തരിച്ച സുദിനം; നാക്കുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എംഎം മണി

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചപ്പോള്‍ ഉണ്ടായ നാക്കുപിഴയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി എംഎം മണി. ശിശുദിനം ജവാഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി പ്രസംഗിച്ചത് വാര്‍ത്തയായിരുന്നു.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രി മണിയുടെ പരാമര്‍ശം. ശിശുദിനത്തില്‍ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തുന്നതു പരാമര്‍ശിച്ചായിരുന്നു പ്രസംഗം.

‘നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു അന്തരിച്ച സുദിനമാണ് ഇന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ടു നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി. ദീര്‍ഘനാള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നത്’ മണി പറഞ്ഞു.

You must be logged in to post a comment Login