നേതാക്കളുടെ പ്രവര്‍ത്തനം വ്യക്ത്യാധിഷ്ഠിതമാണ്; ഈ രീതി അനുവദിക്കില്ല; പാലക്കാട് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി

പാലക്കാട് : സിപിഐഎം ജില്ലാസമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ ഇപ്പോഴും വിഭാഗീയതയുടെ കനലടങ്ങിയിട്ടില്ലെന്നും ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തുരുത്തുകളായി നില്‍ക്കാന്‍ ശ്രമിക്കുന്നതിനുപകരം പാര്‍ട്ടിക്കൊപ്പം നില്‍ക്കയാണ് വേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജില്ലയില്‍ പല നേതാക്കളുടെയും പ്രവര്‍ത്തനം വ്യക്ത്യാധിഷ്ഠിതമാണ്. ഈ രീതി അനുവദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ പലരും തെറ്റ് കാണിച്ചുകൂട്ടി. തിരുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിനുപകരം ചെറുകൂട്ടങ്ങള്‍ രൂപവത്കരിച്ചു. പാര്‍ട്ടിക്ക് വിധേയമായി നില്‍ക്കുന്നതിന് പകരം പാര്‍ട്ടിയെ വിഷമത്തിലാക്കി. വ്യക്തിപൂജയും വ്യക്തികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന നിലപാടുകളും അംഗീകരിക്കാനാവില്ല. വി.എസ്. പാര്‍ട്ടിയോടൊപ്പമാണ്. മറിച്ച് കരുതേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി.

മണ്ണാര്‍ക്കാട്ട് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവവികാസങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒറ്റപ്പാലത്തും ഷൊര്‍ണൂരുമുണ്ടായ സംഭവവികാസങ്ങളും ചില നേതാക്കള്‍ മറുപക്ഷത്തെ ചിലരുമായി ചര്‍ച്ചനടത്തിയെന്നുമുള്ള ആരോപണങ്ങള്‍ പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു.

ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന് എതിരെ പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് സമയത്തെ വിഎസിന്റെ പ്രവര്‍ത്തനം അംഗീകരിക്കാന്‍ സാധിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം നിയോജക മണ്ഡലം സെക്രട്ടറിയെ മാറ്റിയത് ശരിയല്ല, വിഎസിന് എന്താണ് പ്രത്യേകതയെന്നും പ്രതിനിധികള്‍ ചോദിച്ചു. പുതുശ്ശേരി ഏരിയയാണ് വിഎസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നത്. ഇതേത്തുടര്‍ന്ന് ജില്ലാ സെക്രട്ടറിയുടെ മറുപടിക്കുശേഷമാണ് പിണറായി വിജയന്‍ പ്രസംഗമാരംഭിച്ചത്. ഒരുമണിക്കൂറോളം നീണ്ട പ്രസംഗത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രതികരണം രൂക്ഷമായത്.

You must be logged in to post a comment Login