നോട്ട് നിരോധനത്തിന് മുമ്പ് ബിജെപി കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്ന് കോണ്‍ഗ്രസ്; ഇടപാടുകള്‍ നടത്തിയത് അമിത്ഷായ്ക്ക് വേണ്ടി

randeep-surjewala

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ വന്‍ ആരോപണവുമായി കോണ്‍ഗ്രസ്.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് ബിഹാറില്‍ ബി.ജെ.പി കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് രംഗത്തെത്തിയിരിക്കുന്നത്. തെളിവിനായി നിരവധി രേഖകളും ട്വിറ്ററിലൂടെ സുര്‍ജേവാല പുറത്തുവിട്ടിട്ടുണ്ട്.

ബീഹാറില്‍ നടന്ന എട്ട് ഭൂമി ഇടപാടുകളെക്കുറിച്ചാണ് ആരോപണം. ഇതില്‍ ചില ഇടപാടുകള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് വേണ്ടിയാണെന്നും ആരോപണമുണ്ട്.മധുബനി, കാടിഹാര്‍, മധേപുര, ലഖിസാരൈ, കിഷന്‍ഗഞ്ച്, അര്‍വാള്‍ തുടങ്ങിയ സ്ഥലങ്ങിളിലെ ഭൂമി ഇടപാടുകളെക്കുറിച്ചാണ് ആരോപണം.

250 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ അര ഏക്കര്‍ ഭൂമി വരെയാണ് വാങ്ങിച്ച് കൂട്ടിയിരിക്കുന്നത്. എട്ട് ലക്ഷം മുതല്‍ 1.16 കോടി വരെ ഭൂമിക്കായി മുടക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പുറത്ത് വന്നിട്ടുണ്ട്.

3.41 കോടി രൂപ ബിജെപി ഭൂമിക്കായി മുടക്കിയെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാനാണെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിക്കുന്നു. നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അത് ജെപിസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.