നോട്ട് പിന്‍വലിക്കല്‍ കൃത്യമായ മുന്നൊരുക്കത്തോടെയുള്ള രഹസ്യ നീക്കം; മന്ത്രിമാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

newcurrency-u10141039229pjh-621x414livemint-1ന്യൂഡല്‍ഹി: കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രിമാര്‍ യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നോട്ടുകള്‍ അസാധുവാക്കുന്നു എന്ന വാര്‍ത്ത ചാനലുകള്‍ സംപ്രേഷണം ചെയ്ത ശേഷം മാത്രമാണ് കേന്ദ്ര മന്ത്രിമാര്‍ക്ക് യോഗ വേദിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ചത്.

ഒരു രീതിയിലും നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്‍പ് പുറത്ത് പോകരുത് എന്ന കര്‍ശന നിയന്ത്രണം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തത്. ആര്‍ബിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രസംഗം കഴിയുന്നത് വരെ പുറത്ത് പോയില്ല.

ജപ്പാനും ഇന്ത്യയും തമ്മിലുള്ള കരാറുകളുടെ മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനായാണ് മന്ത്രിമാര്‍ കാബിനറ്റ് യോഗത്തില്‍ എത്തിയത്.  ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നുവെന്ന വിഷയം ചര്‍ച്ചയില്‍ വരുമെന്ന് മുന്‍കൂട്ടി മന്ത്രിമാരെ അറിയിച്ചിരുന്നില്ല. യോഗം തുടങ്ങുന്നതിന് 10 മിനിറ്റ് മുന്‍പു മാത്രമാണ് നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം വെളിപ്പെടുത്തിയത്. 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നെന്ന വിവരം  രാത്രി എട്ടുമണിയോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.

യോഗം 6.45ന് ആരംഭിച്ചെങ്കിലും പ്രധാനമന്ത്രിയുടെ അഭിസംബോധന അവസാനിച്ചതിനുശേഷം ഒന്‍പതുമണിയോടെയാണു മന്ത്രിമാര്‍ക്കു  ഹാളില്‍നിന്നു പുറത്തിറങ്ങാനായത്. മന്ത്രിസഭായോഗവും ആര്‍ബിഐ ബോര്‍ഡ് യോഗവും ഒരേ സമയത്തു ചേരുന്നതിനായാണു മന്ത്രിസഭായോഗം വൈകുന്നേരത്തേക്കു മാറ്റിയത്. ആഴ്ചകള്‍ക്കു മുന്‍പേ തന്നെ ക്യാബിനറ്റ് യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഇങ്ങനെ വളരെ കൃത്യമായ മുന്നൊരുക്കത്തോടെയാണ് സര്‍ക്കാര്‍ വലിയൊരു സാമ്പത്തിക മാറ്റത്തിനു രാജ്യം ഒരുങ്ങിയ വാര്‍ത്ത രാജ്യത്തെ അറിയിക്കുന്നത്.

You must be logged in to post a comment Login