നോട്ട് പ്രതിസന്ധി: ബജറ്റ് ജനുവരിയില്‍ ഇല്ല; ശമ്പളം മുടങ്ങില്ലെന്നും മന്ത്രി ഐസക്; വരാന്‍ പോകുന്നത് ഗുരുതര നോട്ടുക്ഷാമമെന്ന് ധനവകുപ്പ് റിപ്പോര്‍ട്ട്

കോഴിക്കോട്: സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണു കാരണം. പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയശേഷമേ സംസ്ഥാന ബജറ്റ് ഉണ്ടാകുകയുള്ളൂ. ബജറ്റ് അവതരണം നേരത്തേയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് തീരുമാനിച്ചിരുന്നു.

അതേസമയം, ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. പണം അക്കൗണ്ടുകളിലേക്കു നല്‍കും. ബാങ്കില്‍നിന്നു പണം നോട്ടുകളായി പിന്‍വലിക്കാന്‍ കഴിയുമോ എന്ന് അറിയില്ല. നോട്ട് ലഭ്യമാക്കേണ്ടതു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യപ്പെടുന്നത്ര നോട്ടുകള്‍ നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഗുരുതര നോട്ടുക്ഷാമമാണ് വരാന്‍ പോകുന്നതെന്നും അഡീ.ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കേരളത്തിന് ആവശ്യമുള്ളത് 1,391 കോടി രൂപയാണ്. ഇതില്‍, 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂവെന്നാണ് ആര്‍ബിഐ സംസ്ഥാനത്തെ അറിയിച്ചത്. മൂന്നാം തീയതി മുതല്‍ 13-ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം.

You must be logged in to post a comment Login