നോവല്‍ വസന്തം


പ്രമേയത്തിലൂടേയും ആഖ്യാനത്തിലൂടേയും നോവലുകളെ വര്‍ത്തമാനകാല അനുഭവമാക്കിതീര്‍ക്കുന്നു മലയാള നോവല്‍ സാഹിത്യത്തിലെ അതുല്യപ്രതിഭയായ ടി.ഡി.രാമകൃഷ്ണന്‍.ഹിംസയുടെ, ഉന്‍മൂലനത്തിന്റെ, മനുഷ്യാവകാശ നിഷേധങ്ങളുടെ സമാനതകളില്ലാത്ത പ്രതിരോധവും ആവിഷ്‌ക്കാരവുമാണ് ടി.ഡി.രാമകൃഷ്ണന്റെ ഓരോ രചനയും.

ടി.ഡി.രാമകൃഷ്ണന്‍/ സമദ് കല്ലടിക്കോട്

? മലയാള നോവല്‍ സാഹിത്യത്തിന്റെ കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? ബെന്യാമിന്റെ ആടുജീവിതം, കെ.ആര്‍.മീരയുടെ ആരാച്ചാര്‍, താങ്കളുടെ രചനയായ ഫ്രാന്‍സിസ് ഇട്ടിക്കോര തുടങ്ങിയ കൃതികളെക്കൂടി മുന്‍നിര്‍ത്തി നോവലുകളോടുള്ള പുതിയ കാഴ്ചപ്പാടെന്താണ്?കഴിഞ്ഞ പത്തുവര്‍ഷമായി മലയാളനോവല്‍ വലിയൊരു കുതിച്ചുചാട്ടത്തിലാണ്. മലയാളസാഹിത്യത്തിലെ ഏററവും സജീവമായ ശാഖയായി നോവല്‍ മാറിയിരിക്കുന്നു. ബെന്യാമിന്റെ ആടുജീവിതം ഒരു ലക്ഷത്തിലേറേയും കെ.ആര്‍.മീരയുടെ ആരാച്ചാര്‍ അരലക്ഷത്തിലധികവും വിററുകഴിഞ്ഞു. ഇതുവരെ നോവല്‍ എഴുത്തിലേക്ക് വരാതിരുന്ന പല എഴുത്തുകാരും ശ്രദ്ധേയമായ കൃതികളുമായി വായനക്കാരെ അല്‍ഭുതപ്പെടുത്തിയ കാലമാണിത്.പ്രമേയത്തിലും ആഖ്യാനത്തിലും വലിയ മാററങ്ങള്‍ വരുത്തിയാണ് നോവലെന്ന സാഹിത്യരൂപം സജീവമായത്. അറേബ്യന്‍ മണലാരണ്യവും ബംഗാളിന്റെ സാംസ്‌കാരിക സങ്കീര്‍ണതകളും മലയാള നോവലിന്റെ പ്രമേയപരിസരമായി മാറി. ഉത്തരാധുനിക കാലത്തെ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താന്‍ പുതിയ കാലത്തെ എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം മാററമായി വിലയിരുത്തുന്നു.
? എം.മുകുന്ദന്റെ നോവലുകളില്‍ ഒരുപുതിയ ശൈലി ദര്‍ശിക്കുവാന്‍ നിരൂപകര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ രചനയുടെ തലങ്ങളില്‍ വിവരസാങ്കേതികതയുടെ നവസാധ്യതകള്‍ കോര്‍ത്തിണക്കുന്നവരെ നിരൂപകര്‍ കാണുന്നില്ല എന്ന് ആക്ഷേപമുണ്ടല്ലോ?സമകാലിക നിരൂപകര്‍ അത്തരത്തില്‍ സമീപിക്കുന്നില്ല എന്ന് പറയുക സാധ്യമല്ല. ഡോ.പി.കെ.രാജശേഖരന്‍, ഡോ.ഷാജിജേക്കബ്, ഡോ.എം.പി.നാരായണന്‍, ആഷാമേനോന്‍ തുടങ്ങി നിരവധിപേര്‍ പുതിയ കാലത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ്. ആധുനികതയുടെ കാലത്തെപോലെ ഇന്ന് നിരൂപണങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നില്ല. വായനക്കാര്‍ കൃതികളെ സമീപിക്കാന്‍ നിരൂപണങ്ങളെ ആശ്രയിക്കുന്നുമില്ല.
? മലയാള നോവല്‍ സാഹിത്യത്തെ കാലനിര്‍ണയംചെയ്ത  ഖസാക്കിന്റെ ഇതിഹാസത്തെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ? മലയാളനോവല്‍ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഖസാക്കിന്റെ ഇതിഹാസത്തിനുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. അതിനെ മറികടക്കുക എന്ന അവകാശവാദമുണ്ടായിട്ടുണ്ടെങ്കില്‍ അത് അപ്രസക്തമാണ്. ഭാഷയിലും ആഖ്യാനത്തിലും അത്ര സവിശേഷമായ രചനയാണത്. പുതിയകാലത്തെ കൃതികള്‍ക്ക് അവയുടേതായ അസ്തിത്വത്തിലൂടെ നിലനില്‍ക്കാമെന്നല്ലാതെ ഖസാക്കിന്റെ ഇതിഹാസവുമായി ഇതരകൃതികളെ താരതമ്യപ്പെടുത്താനാവില്ല.
? പ്രസാധകര്‍ കൃതികളെ ആഘോഷിക്കുകയും കച്ചവട ഉപാധിയാക്കുകയും ചെയ്യുന്നുണ്ടല്ലോ. രചനകള്‍ അതിജീവനശേഷി ഇല്ലാതായി കച്ചവടകേന്ദ്രിതമാകുന്നതായി തോന്നിയിട്ടുണ്ടോ?പുസ്തകങ്ങള്‍ മറേറതുവസ്തുവിനേയുംപോലെ വില്‍പ്പനക്കുള്ള ഒരുല്‍പ്പന്നമായി മാറിയിട്ടുണ്ട് എന്നത് നേരാണ്. എന്നാല്‍ എത്രവലിയ പരസ്യങ്ങളും പ്രചാരണങ്ങളും ഉണ്ടായാലും കൃതികള്‍ക്ക് വായനക്കാരനെ ആകര്‍ഷിക്കാനുള്ള കഴിവില്ലെങ്കില്‍ ഈ പ്രചരണങ്ങള്‍കൊണ്ടൊന്നും ഫലമുണ്ടാകില്ല. രചനകളുടെ അതിജീവനത്തേയോ സ്വീകാര്യതയേയോ ബാധിക്കില്ല എന്നാണ് വിശ്വാസം.? ബെന്യാമിന്റെ ആടുജീവിതം ഏറെ ആഘോഷിക്കപ്പെടുകയുണ്ടായല്ലോ. താങ്കളുടെ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ഇങ്ങനെയൊരു ആഘോഷം കൈവന്നില്ല. എന്തായിരിക്കും വ്യത്യാസത്തിനു കാരണം= ആടുജീവിതത്തെപോലെ വായനക്കാര്‍ ഇരുകൈയ്യുംനീട്ടി സ്വീകരിച്ച കൃതിയായിരുന്നില്ല ഫ്രാന്‍സിസ് ഇട്ടിക്കോര. വളരെയധികം എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്ന കൃതിയാണ്. മലയാളിവായനക്കാരന്റെ നിലവിലെ സംവേദനശീലങ്ങളെ പ്രകോപിപ്പിക്കുകയും മൂല്യബോധത്തെ പുനര്‍വിചാരണചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്.സാഹിത്യത്തിലെ പതിവുബോധങ്ങള്‍ക്ക് വിപരീതമായി ഭാഷയിലും പ്രമേയത്തിലുമെല്ലാം എഴുതപ്പെട്ട കൃതിയായിരുന്നു ഫ്രാന്‍സിസ് ഇട്ടിക്കോര. അതിനാല്‍ ഗതിവിഗതികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല.
? മിത്തുകളെയും ഭാവനാകഥാപാത്രങ്ങളേയും നോവലിന്റെ ശൈലിയാക്കുന്ന പ്രവണതയുണ്ടല്ലോ. ഈ ശൈലി മലയാളനോവലില്‍ സ്വീകാര്യമാണോകഥപറച്ചിലിന്റെ സാധ്യതക്ക് മിത്തുകള്‍ ഉപയോഗപ്പെടുത്തുന്ന ശൈലി സാഹിത്യ രൂപത്തോളം പഴക്കമുള്ളതാണ്. പൗലോ കൊയ്‌ലോയും മററും അത് അവലംബിക്കുന്നു. മലയാളനോവല്‍ സാഹിത്യത്തിലും ആ ശൈലിക്ക് പ്രസക്തിയുണ്ട്. ചില കാര്യങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ഈ ശൈലി ഫലപ്രദവുമാണ്. മിത്തുകള്‍ ഒരെഴുത്തുകാരന്റെ സര്‍ഗാത്മകതക്ക് അനന്തസാധ്യതകള്‍ നല്‍കാറുണ്ട്.
? അടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിവാദമായിരുന്നല്ലോ പെരുമാള്‍ മുരുകന്റെ മാതൊരുഭാഗന്‍ എന്നനോവല്‍. തമിഴ്ഭാഷയോടും സംസ്‌ക്കാരത്തോടും അടുപ്പമുള്ള ഒരെഴുത്തുകാരന്‍ എന്ന നിലക്ക് ഈ വിവാദത്തെ എങ്ങനെ നിരീക്ഷിക്കുന്നുപെരുമാള്‍ മുരുകന്റെ നോവല്‍ തമിഴ്‌നാട്ടിലെ തിരിച്ചന്‍കോട് പ്രദേശത്ത് ഒരുനൂററാണ്ട് മുമ്പുവരെ നിലനിന്ന ഒരാചാരവുമായി ബന്ധപ്പെട്ടതാണ്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ഥാപിത താല്‍പര്യങ്ങളുമാണ് വിവാദത്തിലേക്ക് എത്തിച്ചത്. മാതൊരുഭാഗനില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ന് അതേപടി നിലനില്‍ക്കുന്നുവെന്ന് പറയാനാവില്ല. സമീപഭൂതകാലംവരെ നിലനിന്നിരുന്നുവെന്നത് ഒരുയാഥാര്‍ത്ഥ്യമാണ്.
? എഴുത്തും  സാഹിത്യവുമൊക്കെയായി ബന്ധപ്പെടാനിടയായ താങ്കളുടെ ജീവിതസാഫല്യം എന്തെല്ലാമായിരുന്നുഅമ്മയില്‍നിന്നാണ് എഴുത്തിനോടും സാഹിത്യത്തിനോടും അടുപ്പമുണ്ടാകുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന തൃശൂര്‍ജില്ലയിലെ എയ്യാല്‍ എന്ന ഗ്രാമത്തില്‍ ഒരു ചെറിയ വായനശാല ഉണ്ടായിരുന്നു. അവിടെനിന്ന് വായിച്ച അനേക പുസ്തകങ്ങള്‍ എഴുത്തിലേക്കുള്ള പ്രചോദനമായിട്ടുണ്ടാകാം. പിന്നീട് ആലുവാ എം.സി.കോളേജിലെ പഠനകാലത്ത് വായനകൂടുതല്‍ വിപുലമായി.1981ലാണ് റെയില്‍വെയില്‍ ടിക്കററ് പരിശോധകനായി ജോലി തുടങ്ങുന്നത്. തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലുമായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തു. പിന്നീട് പാലക്കാട് സ്ഥിരതാമസമായതോടെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് എഴുത്തിന് കൂടുതല്‍ പ്രേരകമാവുന്നത്.
? ഖസാക്കിന്റെ ഇതിഹാസഭൂമിയായ പാലക്കാടിനേയും ഇവിടുത്തെ എഴുത്തുകാരേയും താങ്കള്‍ എങ്ങനെ കാണുന്നുഎഴുത്തിനും വായനക്കും വലിയ വളക്കൂറുള്ള മണ്ണാണ് പാലക്കാടിന്റേത്. റെയില്‍വേ ജോലിക്കാരനായി ഇവിടെവന്ന് താമസിച്ചില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും ഒരെഴുത്തുകാരനായി അറിയപ്പെടുമായിരുന്നില്ല. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിമാഷേയും മുണ്ടൂര്‍ സേതുമാധവനേയും വൈശാഖന്‍മാഷേയുംപോലെ സ്‌നേഹസമ്പന്നരായ കഥാകൃത്തുക്കളുടെ സാമീപ്യവും സൗഹൃദവും ചെറുപ്പക്കാര്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നിരുന്ന കാലത്താണ് ഞാന്‍ ഇവിടെ വരുന്നത്. എഴുത്തില്‍ എന്റെ ഗുരുവായി ഞാന്‍ കണക്കാക്കുന്നത് വൈശാഖന്‍മാഷിനെയാണ്. ആഷാമേനോനെപോലുള്ള നിരൂപകര്‍ പാലക്കാടിനെന്നല്ല മലയാളഭാഷക്കുതന്നെ അഭിമാനമാണ്. പുതിയ തലമുറയിലും ശ്രദ്ധേയരായ എഴുത്തുകാര്‍ പാലക്കാടുണ്ട്. സാഹിത്യത്തേയും കലയേയും സംബന്ധിച്ച് വളരെ സജീവവും സംവദാത്മകവുമായ പ്രദേശമാണിത്.

You must be logged in to post a comment Login