നോ ഷേവ് നവംബര്‍ എന്ത് ! അതുക്കുമേല്‍ റിമയുടെ കട്ടിങ്

ryma-jpg-image-784-410നവംബര്‍ ഇങ്ങെത്തിയതോടെ ദാ താടി വെക്കാത്തവര്‍ പോലും താടി വളര്‍ത്തിത്തുടങ്ങി, കാരണം ചോദിച്ചപ്പോഴോ ‘നോ ഷേവ് നവംബര്‍’ എന്നാണ് ഉത്തരം. സത്യത്തില്‍ പലര്‍ക്കും ഈ നോ ഷേവ് നവംബര്‍ എന്തിനാണെന്നു പോലും വലിയ ധാരണയില്ലാതെയാണു അതിനു വേണ്ടി വാദിക്കുന്നത്. കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കാന്‍സര്‍ രോഗികള്‍ക്കായി ധനസമാഹരണം നടത്തുക എന്നതാണ് നോ ഷേവ് നവംബറിന്റെ പ്രധാന ഉദ്ദേശം. ഇക്കാര്യം അറിഞ്ഞു ചെയ്യുന്നതോ വളരെ ചുരുക്കം പേരും. എന്തായാലും നവംബറില്‍ നോ ഷേവ് വാദവുമായി നടക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തമായിരിക്കുകയാണ് റിമ എന്ന പെണ്‍കുട്ടി. കാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയാണെന്നു പറഞ്ഞ് പലരും മുടി വളര്‍ത്തി നടന്നപ്പോള്‍ എറണാകുളം സ്വദേശിയായ റിമ ചെയ്തത് തന്റെ മുടി മുഴുവനായി അവര്‍ക്കു വേണ്ടി ദാനം ചെയ്യുകയാണ്.
നവംബര്‍ ഒന്നിന് തന്റെ പിറന്നാള്‍ ദിനത്തിലാണ് റിമ ആ കാരുണ്യ പ്രവര്‍ത്തി ചെയ്യുന്നത്. മുട്ടോളം മുടി വളര്‍ത്തിയും ബോയ്കട്ടിലുമൊക്കെ യുവതലമുറ തിളങ്ങുമ്പോള്‍ അതിനുമപ്പുറം ചിന്തിച്ചു റിമ. അങ്ങനെയാണ് തന്റെ മുടി മുഴുവനായി ഷേവ് ചെയ്യാമെന്നു തീരുമാനിക്കുന്നത്. സത്യത്തില്‍ മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി ദാനം ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. ഇപ്പോള്‍ ഒരു മൂന്നുമാസം മുമ്പാണ് എന്നു വെട്ടണമെന്നു തീരുമാനിച്ചത്. നല്ല കാര്യത്തിനു വേണ്ടിയായതുകൊണ്ടു തന്നെ വീട്ടില്‍ നിന്നും മറ്റ് എതിര്‍പ്പുകളൊന്നുമുണ്ടായില്ല, മാത്രമല്ല അവര്‍ക്കിപ്പോള്‍ സന്തോഷവുമാണ് ധീരയായ ഈ മകളുടെ തീരുമാനത്തെയോര്‍ത്ത്.

You must be logged in to post a comment Login